വിനയം അഭിനയമോ?; കള്ളത്തരമായിരിക്കും, ജീവിതത്തിന്റെ ഭാഗമായിപ്പോയി, അവർക്ക് നാണവും മാനവുമൊന്നും ഉണ്ടാവില്ല!
അടുത്ത കാലത്തായി നടൻ ഇന്ദ്രൻസിന് ഏറ്റവും കൂടുതൽ ലഭിക്കുന്ന വിമർശനം എല്ലായിടത്തും അതിവിനയം കാണിക്കുന്നുവെന്നതാണ്. പലരും അതിനെ അഭിനയമായി പോലും വ്യാഖ്യാനിച്ചിരുന്നു. ഇപ്പോഴിതാ കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ അതിനുള്ള മറുപടി നൽകുകയാണ് നടൻ. എന്നോ അഭിനയിച്ചതായിരിക്കും പുറമെ നിന്ന് കാണുന്നവർ തെറ്റിദ്ധരിക്കുന്നതിനെ കുറ്റം പറയാനാവില്ലെന്നും താരം.
നടനായശേഷം സിനിമയിൽ നിന്നും വേർതിരിവുകളൊന്നും അനുഭവിക്കേണ്ടി വന്നിട്ടില്ല. കാരണം നടനായിട്ടല്ല അപ്പോഴും കോസ്റ്റ്യൂം ഡിസൈനർ എങ്ങനെയാണോ സെറ്റിൽ പെരുമാറുക അതുപോലെയാണ് ഞാൻ നിന്നിട്ടുള്ളത്. ജീവിതത്തിലുണ്ടായ തിരസ്കരണങ്ങളാണോ ഒതുങ്ങി കൂടാൻ പ്രേരിപ്പിച്ചതെന്ന് ചോദിച്ചാൽ അറിയില്ല.

മുന്നിലേക്ക് നിൽക്കാൻ എല്ലാവരും പറഞ്ഞാലും ഞാൻ അറിയാതെ പിന്നിലേക്ക് മാറി നിൽക്കും. എത്ര ശ്രദ്ധിച്ചിട്ടും അത് മാറ്റാൻ കഴിയുന്നില്ല. വേണമെന്ന് വിചാരിച്ചാലും കഴിയുന്നില്ല. അതിനെയാണ് ആളുകൾ കളിയാക്കുന്നത്. വിനയം അഭിനയമാണെന്ന് പറയുന്നവരുണ്ട്. എന്നോ അഭിനയിച്ചതായിരിക്കും. പക്ഷെ എനിക്ക് അത് ശീലമായിപ്പോയി.
പക്ഷെ എന്നെ അടുത്ത് പരിചയമില്ലാത്ത പുറമെ നിന്ന് കാണുന്ന ആളുകൾ അത് അഭിനയമായി തോന്നും. അവർക്ക് അത് പറയാനുള്ള അവകാശമുണ്ട്. തുടക്കകാലത്ത് സിനിമ മേഖല പോലൊരിടത്ത് നിൽക്കാൻ യോഗ്യമല്ലാത്ത ഒരു രൂപമായിരുന്നു എന്റേത്. അതുകൊണ്ട് അവിടെ കൂടുതൽ കൂടുതൽ കുനിഞ്ഞു. പതിയെ പതിയെ കയറി കൂടിയതാണ് സിനിമ മേഖലയിൽ. അന്ന് അത് അഭിനയം തന്നെയായിരിക്കും.
കള്ളത്തരമായിരിക്കും. പക്ഷെ ജീവിതത്തിന്റെ ഭാഗമായിപ്പോയി നടൻ പറഞ്ഞു. കുട്ടികൾ അടക്കം ഈ ലോകത്ത് ഇഷ്ടപ്പെടുന്ന ചാർളി ചാപ്ലിൻ അല്ലാതെ വേറൊരാളില്ല. ഭാഷയും രാജ്യവും ഏത് ആയാലും അതുപോലൊരു പേര് വേറെ കേട്ടിട്ടില്ല. ഞാൻ അദ്ദേഹത്തെ കാണുന്നതും അങ്ങനെ തന്നെയാണ്. പുസ്തകം വായിച്ചശേഷം നമുക്ക് ഇനിയും ചുരുങ്ങാമെന്ന് മനസിലാക്കിയ അത്രയേറെ തീഷ്ണമായ ജീവിതാനുഭവങ്ങളുള്ളയാളാണ്.
അദ്ദേഹത്തിന്റെ ജീവിതമാണ് എന്റെ ധൈര്യം. എന്റെ ജീവിതത്തെ പ്രത്യേകിച്ച് എടുത്ത് പറയാൻ മാത്രം ഒന്നുമില്ലെന്ന് പുസ്തകം വായിച്ചശേഷം തോന്നി. ഏറ്റവും ഇഷ്ടപ്പെട്ട നടനും അദ്ദേഹം തന്നെയാണ്. നാഗേഷ്, ബഹുദൂർക്ക പോലുള്ള നടന്മാരുടേയും ആരാധകനാണെന്നും താരം കൂട്ടിച്ചേർത്തു.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് പരിഗണിക്കുന്നതിൽ നിന്ന് ഹോം എന്ന സിനിമയെ തഴഞ്ഞതിന് എതിരെ പ്രതികരിക്കാമെന്ന് തീരുമാനിച്ചതിന് പിന്നിലെ കാരണവും നടൻ വ്യക്തമാക്കി. അന്ന് പറഞ്ഞ നിലപാടിൽ ഉറച്ച് നിൽക്കുന്നു. ഓരോ കാലഘട്ടത്തിൽ പുതിയ കാരണങ്ങൾ കണ്ടുപിടിക്കുകയാണ്. അവന് കൊടുക്കാത്തതിന്റെ കൊതിക്കെറുവാണെന്ന് പറയുമായിരിക്കാം.
എന്റെ അഭിനയത്തേക്കാൾ ആ സിനിമയുടെ എഴുത്തും സംവിധാനവുമൊക്കെ മഹത്തരമായി തോന്നി. എനിക്ക് മാത്രമല്ല സിനിമ കണ്ട എല്ലാവർക്കും അറിയാം കണ്ട് പിടിച്ച കാരണം ഒന്നായിരിക്കും ഒരുപക്ഷെ. അങ്ങനെ ചെയ്യുന്നതിലൂടെ അവർക്ക് വേറെ ഒരുപാട് കാര്യങ്ങൾ ചെയ്യാം. അതിനൊരു മറയായിരുന്നു. എല്ലാ കാലത്തും ഒരു പക്ഷെ ഉണ്ടാകുമായിരിക്കും. എനിക്ക് തോന്നിയത് പറഞ്ഞു.
എനിക്ക് കിട്ടാത്തതിൽ നിരാശയില്ല. നമ്മുടെ സംസ്കാരം നന്നായി പറയുന്ന അതുപോലുള്ള സിനിമകൾ തഴയപ്പെടുന്നത് കാണുന്നത് സങ്കടമാണ്. പറയാൻ ഒരു സ്പേസ് കിട്ടിയപ്പോൾ പറഞ്ഞു. സംവിധായകനൊന്നും പക്ഷെ ഒന്നും മിണ്ടിയില്ല. നാഷണൽ അവാർഡ് കിട്ടിയപ്പോൾ മധുര പ്രതികരമായി തോന്നിയെന്ന് ചോദിച്ചാൽ അവർക്ക് നാണവും മാനവുമൊന്നും ഉണ്ടാവില്ല. നിരന്തരമായി ചെയ്യുന്നതായിരിക്കും.
അതുകൊണ്ട് അങ്ങനെ തോന്നിയില്ലെന്നും ഇന്ദ്രൻസ് പറഞ്ഞു. സൂര്യ ചിത്രം കറുപ്പ്, പാട്രിയേറ്റ് എന്നിവയാണ് നടന്റെ ഏറ്റവും പുതിയ റിലീസുകൾ. ഇന്ദ്രൻസിനെ പ്രശംസിച്ച് അടുത്തിടെ സൂര്യ പറഞ്ഞ വാക്കുകൾ വൈറലായിരുന്നു.


Click it and Unblock the Notifications


