മൂന്ന് പേരും മൂന്ന് തരത്തിൽ വളർന്നു; അസിൻ പോയ പോക്ക്, വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ച തൃഷയും നയൻതാരയും
നയൻതാര, തൃഷ, അസിൻ എന്നിവരാണ് സോഷ്യൽ മീഡിയയിലെ ചർച്ച. ഏറെക്കാലത്തിന് ശേഷം അസിന്റെ ഫോട്ടോ ആരാധകർ കണ്ടു. ഇതിനിടെ നയൻതാരയും തൃഷയും ഒരുമിച്ചുള്ള ഫോട്ടോകൾ പുറത്ത് വന്നു. ഏറെക്കാലത്തിന് ശേഷമാണ് തൃഷയെയും നയൻതാരയെയും ഒരുമിച്ച് കാണുന്നത്. കോളിവുഡിൽ വലിയ ചർച്ചകളാണ് ഈ ഫോട്ടോകളുണ്ടാക്കിയിരിക്കുന്നത്. തൃഷയും നയൻതാരയും അകൽച്ചയിലാണെന്ന് ഏറെക്കാലമായി സംസാരമുണ്ടായിരുന്നു. തൃഷ തന്റെ സുഹൃത്തല്ലെന്ന് ഒരിക്കൽ നയൻതാര പറഞ്ഞിട്ടുമുണ്ട്.
എന്നാലിന്ന് അകൽച്ച മറന്ന് ഇരുവരും സുഹൃത്തുക്കളായിരിക്കുന്നു. ഒരേ കാലഘട്ടത്തിൽ തമിഴ്, തെലുങ്ക് സിനിമാ രംഗത്ത് രംഗത്ത് തിളങ്ങിയവരാണ് തൃഷ, നയൻതാര, അസിൻ എന്നിവർ. തൃഷ തമിഴകത്ത് നായികയായി വളരവെയാണ് അയ്യ എന്ന സിനിമയിലൂടെ നയൻതാരയുടെ വരവ്. പിന്നാലെ അസിനും എത്തി. തൊട്ടതെല്ലാം ഹിറ്റാക്കി മൂവരും കരിയറിൽ മുന്നേറി.

മൂവരിൽ കുറേക്കൂടി ജാഗ്രതയോടെ കരിയർ മുന്നോട്ട് കൊണ്ട് പോയത് അസിനാണ്. അച്ഛൻ ജോസഫ് തോട്ടുങ്കലിന്റെ സാന്നിധ്യവും സംരക്ഷണവും അസിന്റെ തെന്നിന്ത്യൻ സിനിമാ രംഗത്തെ കരിയറിലുടനീളം ഉണ്ടായിരുന്നു. നയൻതാര കരിയറിൽ തിരക്കുകളിലേക്ക് കടക്കുമ്പോഴേക്കും അച്ഛൻ അസുഖം വന്ന് കിടപ്പിലായി.
കരിയറിൽ ഒറ്റയ്ക്കാണ് നയൻതാര തീരുമാനങ്ങളെടുത്തത്. തൃഷയ്ക്ക് അമ്മ ഉമ കൃഷ്ണൻ അന്നും ഇന്നും കരിയറിൽ താങ്ങായി ഒപ്പമുണ്ട്. ഗജിനിയുടെ വിജയത്തോടെ അസിന്റെ കരിയർ ഗ്രാഫ് കുതിച്ചു. നടി ഇതേ ചിത്രത്തിന്റെ ഹിന്ദി റീമേക്കിലൂടെ ബോളിവുഡിലേക്ക് കടന്നു. മറുവശത്ത് തൃഷയും നയൻതാരയും തെന്നിന്ത്യൻ സിനിമാ രംഗത്ത് തുടർന്നു. 2016 ൽ അസിൻ അഭിനയ രംഗം വിട്ടു. നയൻതാരയും തൃഷയും ഉയർച്ച താഴ്ചകളുമായി കരിയറിൽ തുടർന്നു. ഇന്ന് രണ്ട് പേർക്കും സിനിമാ രംഗത്ത് ബഹുമാന്യ സ്ഥാനമുണ്ട്.


Click it and Unblock the Notifications











