'ടമ്മി ടൈം...'; അമ്മയുടെ മടിയിൽ ഉറങ്ങി ഉയിർ, ഇരട്ടകളിൽ ഒരാൾ എവിടെയെന്ന് ആരാധകർ, നയൻതാരയുടെ വീഡിയോ വൈറൽ!
ഉയിരും ഉലകും ജീവിതത്തിലേക്ക് വന്നശേഷം വാരി വലിച്ച് സിനിമകൾ കമ്മിറ്റ് ചെയ്യുന്ന രീതി വരെ ലോഡി സൂപ്പർസ്റ്റാർ നയൻതാര അവസാനിപ്പിച്ചു. എവിടെ യാത്രപോയാലും മക്കളേയും നയൻതാരയും വിഘ്നേഷ് ശിവനും ഒപ്പം കൂട്ടാറുണ്ട്.
ഓരേ വസ്ത്രം ധരിപ്പിച്ച് ഉയിരിനെയും ഉലകത്തെയും തോളിലുറക്കി നടന്ന് പോകുന്ന നയൻതാരയുടെയും ഭർത്താവ് വിഘ്നേഷിന്റെയും വീഡിയോ മുമ്പും പലതവണ വൈറലായിട്ടുണ്ട്. അടുത്തിടെ മക്കളുടെ ഒന്നാം പിറന്നാളിനോട് അനുബന്ധിച്ചാണ് ആദ്യമായി കുഞ്ഞുങ്ങളുടെ മുഖം വ്യക്തമാക്കുന്ന ഫോട്ടോകൾ നയൻതാര പങ്കുവെച്ചത്.
അതിന് മുമ്പ് കുഞ്ഞുങ്ങളുടെ ഫോട്ടോയും വീഡിയോയും പങ്കുവെച്ചിരുന്നെങ്കിലും ഒന്നിലും മുഖം വ്യക്തമല്ല. വാടക ഗർഭധാരണത്തിലൂടെയാണ് നയൻസിനും വിക്കിക്കും ഇരട്ട കുഞ്ഞുങ്ങൾ പിറന്നത്. ലേഡി സൂപ്പർസ്റ്റാറിന്റെ പൊന്നോമന പുത്രന്മാരായതുകൊണ്ട് തന്നെ ജനനം മുതൽ സെലിബ്രിറ്റികളാണ് ഉയിരും ഉലകവും.

നയൻതാര മാത്രമല്ല കുഞ്ഞുങ്ങളെ കയ്യിൽ കിട്ടിയപ്പോൾ മുതൽ വിഘ്നേഷ് ശിവനും ഇരുവർക്കുമൊപ്പമുള്ള നല്ല നിമിഷങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മകൻ ഉയിരിനൊപ്പമുള്ള നയൻതാരയുടെ വാത്സല്യം തുളുമ്പുന്ന ഒരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ വ്യപാകമായി പ്രചരിക്കുന്നത്.
ഇരട്ട മക്കളിലൊരാളായ ഉയിരിനെ കൊഞ്ചിച്ച് ഇരിക്കുന്ന നയൻതാരയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നയൻതാരയുടെ മടിയിൽ കമിഴ് കിടന്ന് റിലാക്സ് ചെയ്യുകയാണ് വീഡിയോയിൽ ഉയിർ.
കുഞ്ഞിന്റെ കാലുകൾ അതിനിടയിൽ നയൻതാര മസാജ് ചെയ്യുന്നുണ്ട്. നടിയുടെ ഫാൻസ് ഗ്രൂപ്പിലൂടെയാണ് സ്നേഹം തുളുമ്പുന്ന മനോഹരമായ വീഡിയോ പുറത്തുവന്നത്. നയൻതാര തന്നെ നായികയായി അഭിനയിച്ച മലയാള സിനിമ ഭാസ്കർ ദി റാസ്കൽ എന്ന സിനിമയിലെ ഐ ലവ് യു മമ്മി എന്ന പാട്ടാണ് വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്നത്.
ചില്ലിങ് ഉയിർ എന്നാണ് വീഡിയോയ്ക്ക് കൊടുത്തിരിക്കുന്ന തലക്കെട്ട്. റിലാക്സ് എന്ന് ഹാഷ്ടാഗും ഒപ്പം കാണാം. ഉയിരിന്റെ യഥാർഥ പേര് രുദ്രോനീല്‍ എന്‍. ശിവ എന്നും ഉലകിനെ ഉലക് ദൈവിക് എന്‍. ശിവ എന്നുമാണ് വിളിക്കുന്നത്. ഇതിൽ എൻ എന്നത് നയൻതാരയുടെ പേരിന്റെ ആദ്യാക്ഷരമാണ്.

കഴിഞ്ഞ വർഷം ഒക്ടോബർ ഒമ്പതിനാണ് നയൻതാരക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികള്‍ ജനിച്ചത്. നയൻതാര നല്ലൊരു അമ്മയാണ്, അമ്മയുടെയും മകന്റെയും വീഡിയോ മനോഹരം തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. ഏറെയും പേർക്ക് അറിയേണ്ടി ഇരുന്നത് ഉലക് എവിടെ എന്നായിരുന്നു.
'എൻ മുഖം കൊണ്ട എൻ ഉയിർ... എൻ ഗുണം കൊണ്ട എൻ ഉലക്... ഈ വരികളും ഞങ്ങളുടെ ചിത്രങ്ങളും ഒരുമിച്ച് പോസ്റ്റ് ചെയ്യാൻ വളരെക്കാലമായി കാത്തിരിക്കുന്നു... എന്റെ പ്രിയപ്പെട്ട ആൺമക്കൾ. വാക്കുകൾക്ക് വിശദീകരിക്കാൻ കഴിയുന്നതിലും അപ്പുറമായി അപ്പയും അമ്മയും നിങ്ങളെ സ്നേഹിക്കുന്നു. ഈ ജീവിതത്തിൽ എന്തിനും ഏതിനും അപ്പുറം... നന്ദി ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതിനും അതിനെ വളരെ സന്തോഷിപ്പിച്ചതിനും.'
'നിങ്ങൾ എല്ലാ പോസിറ്റിവിറ്റിയും അനുഗ്രഹങ്ങളും കൊണ്ടുവന്നു. ഈ ഒരു വർഷം മുഴുവനും ജീവിതകാലം മുഴുവൻ വിലമതിക്കാനുള്ള നിമിഷങ്ങളാൽ നിറഞ്ഞിരിക്കുന്നു. നിങ്ങളെ രണ്ടുപേരെയും സ്നേഹിക്കുന്നു. നിങ്ങളാണ് ഞങ്ങളുടെ ലോകവും... ഞങ്ങളുടെ അനുഗ്രഹീതമായ ജീവിതവും', എന്നാണ് മക്കളുടെ ഒന്നാം പിറന്നാൾ ദിനത്തിൽ വിഘ്നേഷ് ശിവൻ കുറിച്ചത്.
അടുത്തിടെ ഇൻസ്റ്റഗ്രാമിലേക്കുള്ള നയൻതാരയുടെ വരവുപോലും രണ്ട് മക്കൾക്കൊപ്പവുമുള്ള മാസ് വിഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു. എന്നാൽ ആ വീഡിയോയിലും മക്കളുടെ മുഖം വ്യക്തമായിരുന്നില്ല. ജയംരവി സിനിമ ഇരൈവനാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ നയൻതാരയുടെ സിനിമ.


Click it and Unblock the Notifications