കോഫി ഷോപ്പിലെ സ്റ്റാഫല്ല... കോകിലയാണ് ഉടമ, വലിയൊരു കോഫി ഷോപ്പ് എനിക്ക് വേണ്ടി വിട്ടിട്ടാണ് അവൾ വന്നത്: ബാല
അടുത്തിടെ വിവാഹിതരായവരിൽ എപ്പോഴും വാർത്തകളിൽ നിറയാറുള്ള താരദമ്പതികളാണ് നടൻ ബാലയും ഭാര്യ കോകിലയും. ഒരു വർഷത്തിലേറെയായി ബാലയ്ക്കൊപ്പം കോകില താമസിക്കുന്നുണ്ടായിരുന്നുവെങ്കിലും ഇരുവരും വിവാഹിതരാകാൻ ഒരുങ്ങുന്നുവെന്ന് താലികെട്ടിന് രണ്ട് ദിവസം മുമ്പാണ് പരസ്യമാക്കിയത്. വലിയ ആഘോഷമൊന്നുമില്ലാതെ എറണാകുളത്തെ ഒരു അമ്പലത്തിൽ വെച്ചാണ് ഇരുവരുടെയും വിവാഹ ചടങ്ങുകൾ നടന്നത്.
തന്റെ മാമ പൊണ്ണ് എന്നല്ലാതെ മറ്റൊരു വിശദാംശവും ഭാര്യ കോകിലയെ കുറിച്ച് ബാല വെളിപ്പെടുത്തിയിട്ടില്ല. വിവാഹത്തിൽ പങ്കുചേരാൻ ബാലയുടെയോ കോകിലയുടെയോ കുടുംബാംഗങ്ങളൊന്നും എത്തിയിരുന്നില്ല. കോകിലയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ആരാധകർ കോകിലയുടെ ജോലിയെ കുറിച്ചും മറ്റും മനസിലാക്കിയത്.

ശിവ ഭക്തയായ കോകിലയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽ ഏറെയും അതുമായി ബന്ധപ്പെട്ടുള്ളതാണ്. തനിനാടൻ പെൺകുട്ടിയായ കോകിലയെ മാത്രമെ മലയാളികൾ കണ്ടിട്ടുള്ളു. എന്നാൽ വിവാഹത്തിന് മുമ്പ് വരെ മോഡേൺ വസ്ത്രങ്ങളിൽ അടക്കം തിളങ്ങിയിരുന്നയാളാണ് കോകില. ജീൻസിലും ടോപ്പിലും ആടി പാടി റീലുകൾ ചെയ്യുന്ന വീഡിയോകളും കോകിലയുടെ ഇൻസ്റ്റഗ്രാം പേജിൽ കാണാം. താരപത്നിയുടെ മറ്റൊരു ഇഷ്ടം കോഫികളോടാണ്.
കോകില കോഫി ലവർ ആയിരിക്കുമോ അതോ കോഫി ഷോപ്പ് ഉദ്യോഗസ്ഥയായതുകൊണ്ടാകുമോ കോഫിയുമായി ബന്ധപ്പെട്ട പോസ്റ്റുകൾ നിരന്തരം പങ്കുവെക്കുന്നതെന്ന സംശയം ആരാധകർക്കുണ്ടായിരുന്നു. എന്നാൽ ബാലയുടെ ഭാര്യയാകും മുമ്പ് കോകില ഒരു സംരംഭകയായിരുന്നുവെന്നുവേണം ബാലയുടെ വാക്കുകളിൽ നിന്നും മനസിലാക്കാൻ.
പിറന്നാളിന്റെ ഭാഗമായി നടത്തിയ ആഘോഷങ്ങൾ ചിത്രീകരിക്കാനെത്തിയ മീഡിയയോട് കോകിലയ്ക്ക് മുമ്പുണ്ടായിരുന്ന ജോലിയെ കുറിച്ച് ബാല വെളിപ്പെടുത്തി. ആ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കോകിലയ്ക്ക് വലിയൊരു കഫേയുണ്ടായിരുന്നു. അവൾ തന്നെയായിരുന്നു ഓണർ. അത് അവിടെ വിട്ടിട്ടാണ് അവൾ എനിക്ക് വേണ്ടി വന്നത്. ആ സന്മനസ് ആർക്ക് ഉണ്ടാകും?. ഈ ജനറേഷനിൽ ആർക്കും ഉണ്ടാവില്ല.
ഞാൻ ഭാഗ്യവാനാണ് എന്നാണ് ബാല പറഞ്ഞത്. കോകിലയ്ക്ക് ഇരുപത്തിനാല് വയസ് മാത്രമെയുള്ളുവെന്നതുകൊണ്ട് വിവാഹം ചെയ്യാൻ മടിച്ചിരുന്നുവെന്ന് ബാല മുമ്പ് പറഞ്ഞിട്ടുണ്ട്. വർഷങ്ങളായി തന്നെ അവൾ സ്നേഹിക്കുന്നുവെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് സ്വീകരിച്ചതെന്നും നടൻ പറഞ്ഞിരുന്നു. തമിഴ്നാട്ടിൽ ജനിച്ച് വളർന്ന കോകിലയുടെ കുടുംബവും അവിടെ പ്രശസ്തമായ ഒന്നാണെന്നും ബാല പറഞ്ഞിട്ടുണ്ട്.

എന്റെ മാമന്റെ മകളാണ് കോകില. പക്ഷെ അത് ഏത് തരത്തിലുള്ള റിലേഷനാണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആസ്തിയുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ട്. കോകിലയും ചെറിയ ആളല്ല. വലിയ കുടുംബത്തിലെ അംഗമാണ്. ഞങ്ങളുടെ ആസ്തിയുമായി ബന്ധപ്പെട്ട് വലിയ പോരാട്ടം നടന്നുകൊണ്ടിരിക്കുകയാണ്. അതിനാൽ കോകിലയുമായുള്ള ബന്ധം എങ്ങനെയാണെന്ന് ഞാൻ വെളിപ്പെടുത്തുന്നില്ല.
റിലേഷൻ വെളിപ്പെടുത്താൻ പാടില്ലെന്നത് കോകിലയുടെ അച്ഛന്റെ ആഗ്രഹമാണ്. കോകിലയുടെ അച്ഛൻ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നയാളാണ് എന്നാണ് മുമ്പ് ഒരു അഭിമുഖത്തിൽ ബാല പറഞ്ഞത്.


Click it and Unblock the Notifications