എത്രമാത്രം കുത്തുവാക്കുകൾ, ഒരിക്കൽ പോലും പ്രതികരിച്ചില്ല, ജയറാമിന് മാത്രം കുറ്റപ്പെടുത്തൽ
കഴിഞ്ഞ കുറേ ദിവസങ്ങളായി ജയറാമിന് സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങളാണ്. ട്വന്റി ട്വന്റി സിനിമയുമായി ബന്ധപ്പെട്ട് ജയറാം നടത്തിയ പരാമർശം ആണിതിന് കാരണം. ജയറാം പുറമേക്ക് സംസാരിക്കുന്നത് പോലെയല്ലെന്നും അവസരവാദിയാണെന്നും വാദങ്ങളുണ്ട്. ചിലർ കുറച്ച് കൂടി കടുത്ത ഭാഷയിൽ നടനെ വിമർശിക്കുന്നു. ജയറാം സ്വാർത്ഥനാണ്, താരമായപ്പോൾ അതുവരെ ഒപ്പം നിന്നവരെ തഴഞ്ഞു എന്നിങ്ങനെ പല വിമർശനങ്ങൾ ഇവർ ഉന്നയിക്കുന്നു. എന്നാൽ ഇത്രമാത്രം വിമർശനം ജയറാം കേൾക്കേണ്ടതുണ്ടോ എന്ന ചോദ്യവും വരുന്നുണ്ട്. രാജസേനൻ, ശാന്തിവിള ദിനേശ്, പല്ലിശ്ശേരി തുടങ്ങിയവരെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ ജയറാമിനെതിരെ തിരിഞ്ഞു.
താരപദവയിലേക്ക് ഉയർന്നപ്പോൾ ഒപ്പം നിന്നവരെ മറന്ന നടൻ ജയറാം മാത്രമാണോ എന്ന ചോദ്യവും പ്രസക്തമാണ്. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങിയ താരങ്ങളെല്ലാം എപ്പോഴും കഴിഞ്ഞ കാലങ്ങളിൽ തങ്ങൾക്കൊപ്പം നിന്നവരെ ഓർക്കുന്നവരാണോ എന്ന ചോദ്യവും ഉണ്ട്. സിനിമാ ലോകത്ത് സൗഹൃദങ്ങൾ സ്ഥിരമല്ല. ഹിറ്റ് കൂട്ടുകെട്ടുകൾ അവസാനിക്കുന്നത് പതിവാണ്. ജയറാമിനും രാജസേനനും മാത്രമല്ല ഇത് സംഭവിച്ചത്. ഒരു കാലത്ത് മോഹൻലാലും ശ്രീനിവാസനും തുടരെ ഒരുമിച്ച് സിനിമകൾ ചെയ്തിട്ടുണ്ട്. പിന്നീട് ഇവരുടെ സിനിമകൾ വന്നില്ല. രണ്ട് പേരും രണ്ട് വഴിയിൽ നീങ്ങി. ഇത് പോലെ നിരവധി ഉദാഹരണങ്ങളുണ്ട്.

എന്നാൽ രാജസേനൻ ജയറാം തന്നോട് നന്ദികേട് കാണിച്ചു എന്ന തരത്തിൽ നിരന്തരം സംസാരിക്കുന്നു. ജയറാം തന്റെ സിനിമകളുടെ കഥയിൽ ഇടപെടാൻ തുടങ്ങിയപ്പോഴാണ് അകൽച്ച വന്നതെന്നാണ് രാജസേനൻ പറയുന്നത്. എന്നാൽ ജയറാമിന്റെ ഭാഗത്ത് നിന്ന് ചിന്തിച്ചാൽ അതിൽ തെറ്റ് കാണാൻ പറ്റില്ല. മധുചന്ദ്രലേഖയും കനക സിംഹാസനവും കഴിഞ്ഞ് അടുത്തതായി പ്ലാൻ ചെയ്ത സിനിമയുടെ കാര്യം വന്നപ്പോൾ ഞങ്ങൾ തമ്മിൽ ഇടപെടലുകൾ കാരണമുണ്ടായ പ്രശ്നങ്ങളുണ്ടായി എന്നാണ് രാജസേനൻ പറയുന്നത്.
കനക സിംഹാസനം പ്രേക്ഷകർ സ്വീകരിച്ച സിനിമയല്ല. ഇതിന് ശേഷം രാജസേനന് വലിയ ഹിറ്റുകളുമില്ല. രാജസേനനോടുള്ള സൗഹൃദത്തിന്റെ പേരിൽ സിനിമകൾ ചെയ്തിരുന്നെങ്കിൽ ഒരുപക്ഷെ ജയറാമിന്റെ കരിയറിനെ സാരമായി ബാധിച്ചേനെ. ഒട്ടുമിക്ക താരങ്ങളും ഇങ്ങനെ തന്നെയാണ് മുന്നോട്ട് പോകാറ്. പഴയ കാലത്ത് തനിക്ക് ഹിറ്റുകൾ നൽകിയ സംവിധായകർക്കൊപ്പം മമ്മൂട്ടി പ്രവർത്തിക്കാറ് അപൂർവമായി മാത്രമാണ്. സ്വന്തം കരിയറിന് പ്രധാന്യം നൽകി മുന്നോട്ട് പോകുന്നതിൽ എന്താണ് തെറ്റുള്ളതെന്ന ചോദ്യം പ്രസക്തമാണ്.
അതേസമയം മറ്റ് താരങ്ങളേക്കാൾ ജയറാമിന് വിമർശനം വരാനുള്ള കാരണം അമിത വിനയമാണ്. വിനയത്തിനപ്പുറം മറ്റൊരു മുഖം ജയറാമിനുണ്ടെന്നാണ് ആരോപണങ്ങൾ. കരിയറിലുണ്ടായ വീഴ്ചയും ജയറാമിനെ വിമർശിക്കാൻ ആളുകൾക്ക് ശക്തി പകർന്നു. നായക നിരയിൽ നിന്നും ജയറാമിനെ മാറ്റി നിർത്താൻ ഇപ്പോഴും മലയാളികൾക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ മറ്റ് ഭാഷകളിൽ നടന് സഹനായക വേഷങ്ങളാണ് കൂടുതലും ലഭിക്കുന്നത്.


Click it and Unblock the Notifications