'ദേവയാനിയും സഹോദരൻ നകുലും അകൽച്ചയിൽ; ആ ദേഷ്യം ഇതുവരെ മാറിയിട്ടില്ല'; ചെയ്യാറു ബാലു
മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ദേവയാനി. തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും അഭിനയിച്ച ദേവയാനിക്ക് ശ്രദ്ധേയമായ ഒരുപിടി കഥാപാത്രങ്ങളും ലഭിച്ചു. 1996 ൽ പുറത്തിറങ്ങിയ 'കാതൽ കോട്ടെെ' എന്ന തമിഴ് സിനിമയ്ക്ക് ശേഷമാണ് നടിയുടെ കരിയർഗ്രാഫ് മാറി മറിയുന്നത്. അജിത്ത് നായകനായ സിനിമ ഇന്നും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. മലയാളത്തിൽ 'ബാലേട്ടൻ', 'നരൻ' എന്നീ സിനിമകളിൽ ശ്രദ്ധേയ വേഷം ദേവയാനിക്ക് ലഭിച്ചു.
ഇടക്കാലത്ത് സിനിമാ കരിയറിൽ ഇടവേള വന്നെങ്കിലും നടി പിന്നീട് തിരിച്ചെത്തി. തിരിച്ചുവരവിൽ ചില സീരിയലുകളിലും ദേവയാനി അഭിനയിച്ചു. സംവിധായകനായ രാജകുമാറാണ് ദേവയാനിയുടെ ഭർത്താവ്. ഇവരുടെ പ്രണയവിവാഹം അക്കാലത്ത് ചർച്ചയായിരുന്നു. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചാണ് ദേവയാനി രാജകുമാറിനെ വിവാഹം ചെയ്തത്. ഇനിയ, പ്രിയങ്ക എന്നീ രണ്ട് മക്കളും ഇവർക്ക് പിറന്നു.

ദേവയാനിയുടെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് സിനിമാ രംഗത്തെ മുതിർന്ന മാധ്യമപ്രവർത്തകൻ ചെയ്യാറു ബാലു. ദേവയാനി രാജകുമാറിനെ വിവാഹം ചെയ്തത് അന്ന് ഏവർക്കും ഞെട്ടലായിരുന്നെന്ന് ചെയ്യാറു ബാലു പറയുന്നു. ദേവയാനി അഭിനയിച്ച സിനിമയിൽ അസോസിയേറ്റ് ഡയറക്ടറായിരുന്നു രാജകുമാർ. അദ്ദേഹം മുഖത്ത് പോലും നോക്കില്ലായിരുന്നു. പൊതുവെ നടിമാരെ വേറൊരു കണ്ണിലാണ് എല്ലാവരും നോക്കാറ്. അതിൽ നിന്നും വ്യത്യസ്തനായ ഒരാളെ കണ്ടതോടെ ദേവയാനിക്ക് താൽപര്യം തോന്നിയെന്ന് ചെയ്യാർ ബാലു അഭിപ്രായപ്പെട്ടു.
ദേവയാനിയെ നായികയാക്കി രാജകുമാർ സിനിമ ചെയ്തപ്പോഴുണ്ടായ സംഭവവും ഇദ്ദേഹം ഓർത്തു. ശരത്കുമാർ, വിക്രം എന്നിവരെ വെച്ചുള്ള 'വിണ്ണുക്കും മണ്ണുക്കും' എന്ന സിനിമയുടെ ചിത്രീകരണം. സെറ്റിൽ ശരത്കുമാറും വിക്രമും കാത്തുനിൽക്കുന്നു.
വലിയ താരങ്ങൾ വന്നാൽ പൊതുവെ അധികം സമയം കാത്തുനിർത്താതെ ആദ്യം ഷോട്ട് എടുക്കും. ഒരുപാട് സമയം കാത്തിരുന്നപ്പോൾ ശരത്കുമാർ അസോസിയേറ്റിനെ വിളിച്ചു. എന്താണ് വൈകുന്നതെന്ന് ചോദിച്ചു. അദ്ദേഹം മാഡത്തിന്റെ ഷോട്ട് എടുക്കുകയാണെന്ന് പറഞ്ഞു. ഇതോടെ സെറ്റിൽ വഴക്ക് നടന്നെന്ന് ചെയ്യാറു ബാലു പറയുന്നു.
പ്രണയം വീട്ടിലറിഞ്ഞതോടെ കടുത്ത എതിർപ്പ് വന്നു. കരിയറിലെ മികച്ച സമയത്ത് വിവാഹം വേണോ എന്ന് കുടുംബം ചോദിച്ചു. എന്നാൽ ദേവയാനി തീരുമാനത്തിൽ ഉറച്ച് നിൽക്കുകയും രഹസ്യമായി വിവാഹം കഴിക്കുകയും ചെയ്തു.

കുടുംബത്തെ എതിർത്ത് വിവാഹം ചെയ്തതിന്റെ പേരിൽ ദേവയാനിയും കുടുംബവും കുറച്ച് നാൾ അകൽച്ചയിലായിരുന്നു. അടുത്തകാലത്താണ് വീട്ടിലെ വിശേഷങ്ങൾക്ക് ദേവയാനിയുടെ കുടുംബം വരാൻ തുടങ്ങിയത്. എന്നാൽ അനിയനായ നടൻ നകുൽ വരാറേയില്ല. സഹോദരൻ അകന്ന് നിൽക്കുന്നതിൽ ദേവയാനിക്ക് വിഷമമുണ്ടെന്ന് ചെയ്യാറു ബാലു പറയുന്നു.
'ബോയ്സ്' എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന നടനാണ് നകുൽ. പിന്നീട് നിരവധി അവസരങ്ങൾ നകുലിനെ തേടി വന്നു. ചെയ്യാറു ബാലു പറയുന്നത് പോലെ ദേവയാനിയും നകുലും തമ്മിൽ പ്രശ്നമുണ്ടോയെന്ന് വ്യക്തമല്ല. 2014 ൽ നകുലും ദേവയാനിയും ഒരുമിച്ച് ഒരു അഭിമുഖ പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. സഹോദരനുമായി പ്രശ്നമുണ്ടെന്ന് ദേവയാനി പൊതുവിടങ്ങളിലൊന്നും പറഞ്ഞിട്ടുമില്ല.
19ാം വയസ്സിലാണ് നകുൽ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. തമിഴിലും തെലുങ്കിലുമായി ഒരുപിടി ഹിറ്റ് സിനിമകൾ നകുലിന് ലഭിച്ചു. 2016 ൽ നകുൽ വിവാഹിതനായി. കാമുകി ശ്രുതി ഭാസ്കറിനെയാണ് നടൻ വിവാഹം ചെയ്തത്. 2018 ന് ശേഷം നകുൽ കരിയറിൽ സജീവമല്ല. നടന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications