കാവ്യയെത്തിയത് അറിയാഞ്ഞിട്ടോ അതോ അവഗണിച്ചതോ; സഹപ്രവർത്തകരായിരുന്നവർ മൗനത്തിൽ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവൻ. ഒട്ടനവധി നടിമാർ മലയാള സിനിമയിൽ വന്നെങ്കിലും കാവ്യയെ പോലെ ചുരുക്കം പേർക്കാണ് ദീർഘകാലം കരിയറിൽ പ്രസക്തമായി നിൽക്കാൻ സാധിച്ചത്. 2000 ത്തിന്റെ തുടക്ക വർഷങ്ങളിൽ കാവ്യ മലയാള സിനിമാ രംഗത്തുണ്ടാക്കിയ തരംഗം ചെറുതല്ല. അനന്തഭദ്രം, മീശ മാധവൻ, ക്ലാസ് മേറ്റ്സ് തുടങ്ങി ഹിറ്റുകളുടെ വലിയൊരു നിര തന്നെ കാവ്യക്ക് അവകാശപ്പെടാനുണ്ട്. മലയാളത്തിന്റെ മുഖശ്രീയായി അക്കാലത്ത് കാവ്യ അറിയപ്പെട്ടു.
എന്നാൽ അപ്രതീക്ഷിതമായ പല സംഭവങ്ങളും കാവ്യയുടെ ജീവിതത്തിലുണ്ടായി. വിവാഹമോചനവും ദിലീപുമായുള്ള രണ്ടാം വിവാഹവുമെല്ലാം വലിയ തോതിൽ ചർച്ചയായതാണ്. ഒരു ഘട്ടത്തിൽ കാവ്യക്ക് നേരിടേണ്ടി വന്ന സൈബറാക്രമണങ്ങൾ ചെറുതല്ല. ഇന്നും ഇതിന് കുറവില്ല. എന്നാൽ ആരാധകരുടെ പിന്തുണയും കാവ്യക്കുണ്ട്. ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലങ്ങളിൽ പോലും ഈ സ്നേഹവും പിന്തുണയും കാവ്യയ്ക്ക് ആശ്വാസമായി.

ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് സോഷ്യൽ മീഡിയയിലേക്ക് കടന്ന് വന്നിരിക്കുകയാണ് കാവ്യ മാധവൻ. ചിങ്ങ മാസത്തിലെ ആദ്യ ദിനം തന്നെ ശുഭമായി ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി ആദ്യ ഫോട്ടോയും കാവ്യ പങ്കുവെച്ചു. ഏവർക്കും ഓണാശംസകളും കാവ്യ അറിയിച്ചിട്ടുണ്ട്.
ആദ്യ പോസ്റ്റിട്ട് 12 മണിക്കൂറിനുള്ളിൽ 6000ത്തിലെറെ പേർ കാവ്യയെ ഫോളോ ചെയ്തു. അതേസമയം കാവ്യ തന്റെ ബിസിനസ് സംരഭമായ ലക്ഷ്യയുടെ ഔദ്യോഗിക അക്കൗണ്ട് മാത്രമാണ് ഫോളോ ചെയ്തത്. ലക്ഷ്യയുടെ സിഇഒയെന്ന് ഇൻസ്റ്റഗ്രാം ബയോയിൽ എഴുതിയിട്ടും ഉണ്ട്.
നടി എന്തുകൊണ്ടാണ് തന്റെ സഹപ്രവർത്തകരിൽ ആരെയും ഫോളോ ചെയ്യാത്തതെന്ന് ചോദ്യം ആരാധകർക്കുണ്ട്. താരത്തെ ഫോളോ ചെയ്യുന്ന സെലിബ്രറ്റികളും കുറവാണ്. ഭർത്താവ് ദിലീപിന്റെയോ ദിലീപിന്റെ മകൾ മീനാക്ഷിയുടെയോ അക്കൗണ്ട് കാവ്യ ഫോളോ ചെയ്യുന്നില്ല. ആദ്യ പോസ്റ്റിന്റെ കമന്റ് ബോക്സും ഓഫാണ്. മോശം കമന്റുകൾ വരുമെന്ന് മുൻ കൂട്ടിക്കണ്ടാണ് കമന്റ് ബോക്സ് ഓഫ് ചെയ്തതെന്നും സൂചനയുണ്ട്.
നേരത്തെ മീനാക്ഷി ദിലീപും കമന്റ് ബോക്സ് ഓഫ് ചെയ്തിരുന്നു. താരപുത്രി ഇടയ്ക്ക് അക്കൗണ്ട് പ്രെെവറ്റ് ആക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ മീനാക്ഷി സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. വർഷങ്ങൾ സിനിമാ രംഗത്ത് പ്രവർത്തിച്ച കാവ്യയുടെ സോഷ്യൽ മീഡിയ അരങ്ങേറ്റത്തിന് സഹപ്രവർത്തകരിൽ കുറച്ച് പേരിൽ നിന്ന് മാത്രമാണ് സ്വീകാര്യത ലഭിച്ചതെന്ന തോന്നലും ആരാധകർക്കുണ്ട്.

നേരത്തെ നടി മീര ജാസ്മിൻ ഉൾപ്പെടെ സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങിയപ്പോൾ വലിയ വരവേൽപ്പാണ് നടിക്ക് ലഭിച്ചത്. പ്രമുഖരായ നിരവധി താരങ്ങൾ തങ്ങളുടെ സ്റ്റോറിയിലൂടെയും കമന്റുകളിലൂടെയും സ്നേഹമറിയിച്ചു. ഒരുപക്ഷെ അടുത്ത ദിവസങ്ങൾക്കുള്ളിൽ കാവ്യക്കും സമാന വരവേൽപ്പ് ലഭിച്ചേക്കാം.
ദിലീപുമായുള്ള വിവാഹത്തിന് ശേഷം അഭിമുഖങ്ങളിൽ പോലും കാവ്യയെ ആരും കണ്ടിട്ടില്ല. അതേസമയം വിവാഹ ചടങ്ങുകൾക്കും മറ്റും അതിഥിയായെത്തുന്ന കാവ്യയുടെ ദൃശ്യങ്ങൾ വൈറലാകാറുണ്ട്. നിരവധി ഫാൻ പേജുകളിലൂടെയും കാവ്യയുടെ വിശേഷങ്ങൾ ആരാധകർ അറിഞ്ഞു. ഇനി നേരിട്ട് കാവ്യ തന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കും.
2017 ൽ പുറത്തിറങ്ങിയ പിന്നെയും എന്ന സിനിമയിലാണ് കാവ്യ മാധവൻ അവസാനമായി അഭിനയിച്ചത്. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത സിനിമയിൽ ദിലീപാണ് നായകനായി എത്തിയത്. ഈ സിനിമ റിലീസ് ചെയ്ത വർഷം തന്നെ ഇരുവരും വിവാഹിതരായി.


Click it and Unblock the Notifications