ഒതുങ്ങിക്കൂടിയ മീനാക്ഷി; മേക്കപ്പിലെ കർക്കശക്കാരി കാവ്യ വീട്ടിലെത്തിയപ്പോൾ; ചർച്ചയാക്കി ആരാധകർ
കുറച്ച് വൈകിയാണ് കാവ്യ മാധവൻ സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങിയതെങ്കിലും ഇതിനകം ആരാധക ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു. കാവ്യയുടെ ഫോളോവേഴ്സിന്റെ എണ്ണം ഒരു ലക്ഷത്തിലേക്ക് കടക്കാനിരിക്കുകയാണ്. അതേസമയം കമന്റ് ബോക്സ് നടി ഓൺ ചെയ്തിട്ടില്ല. മൂന്ന് പേരെ മാത്രമേ നടി തിരിച്ച് ഫോളോ ചെയ്യുന്നുള്ളൂ. ദിലീപ്, മീനാക്ഷി എന്നിവർക്ക് പുറമെ ലക്ഷ്യ എന്ന തന്റെ സ്ഥാപനത്തിന്റെ അക്കൗണ്ടും കാവ്യ ഫോളോ ചെയ്യുന്നു. കഴിഞ്ഞ ദിവസമാണ് കല്യാൺ ജ്വല്ലേഴ്സിന്റെ നവരാത്രി ആഘോഷത്തിൽ കാവ്യയും ദിലീപും മക്കൾക്കൊപ്പം പങ്കെടുത്തത്.
ചടങ്ങിൽ നിന്നുള്ള പുതിയ ഫോട്ടോ പങ്കുവെച്ചിരിക്കിക്കുകയാണ് കാവ്യ. ബോളിവുഡ് നടൻ അജയ് ദേവ്ഗണിനോടൊപ്പം കുടുംബസമേതം നിൽക്കുന്ന ഫോട്ടോയും തന്റെ സിംഗിൾ ഫോട്ടോകളുമാണ് കാവ്യ പങ്കുവെച്ചത്. ഓറഞ്ച് നിറത്തിലുള്ള സാരിയിൽ അതി സുന്ദരിയായാണ് കാവ്യയെ കാണാനാകുന്നത്. സാരി ഡിസൈൻ ചെയ്തത് ലക്ഷ്യയാണെന്ന് കാവ്യ ക്യാപ്ഷനിൽ വ്യക്തമാക്കിയിട്ടുണ്ട്. ഒപ്പം നിൽക്കുന്ന മീനാക്ഷിയുടെയും സാരി ലക്ഷ്യയാണോ ഡിസൈൻ ചെയ്തതെന്നാണ് ആരാധകരുടെ ചോദ്യം.

സോഷ്യൽമീഡിയ പോസ്റ്റുകളിൽ കാവ്യ ധരിച്ചിരിക്കുന്ന സാരികളെല്ലാം ഡിസൈൻ ചെയ്തിരിക്കുന്നത് ലക്ഷ്യയാണ്. ലക്ഷ്യയുടെ വസ്ത്രങ്ങളിൽ കാവ്യ അതീവ സുന്ദരിയാകുമെന്ന് ആരാധകർ പറയാറുണ്ട്. അടുത്ത കാലത്തായാണ് പൊതുവേദികളിൽ കാവ്യയെ കൂടുതലായും കാണാൻ തുടങ്ങിയത്. വിവാദങ്ങൾ തുടരെ വന്ന സമയത്ത് ലൈം ലൈറ്റിൽ നിന്നും പാടേ മാറിനിൽക്കുകയായിരുന്നു കാവ്യ.
കല്യാൺ നവരാത്രിയിൽ പങ്കെടുത്തപ്പോൾ കാവ്യ ധരിച്ച സാരിയും മേക്കപ്പും ഫാഷൻ ലോകത്ത് ചർച്ചയാകുമെന്നുറുപ്പാണ്. അടുത്ത കാലത്തൊന്നും കാവ്യയെ ഇത്രയും ഭംഗിയിൽ കണ്ടിട്ടില്ലെന്ന് ആരാധകർ പറയുന്നു. പൊതുവെ തന്റെ സ്റ്റെെൽ സ്റ്റേറ്റ്മെന്റിൽ കാവ്യ ശ്രദ്ധാലുവാണ്. പണ്ട് തൊട്ടേ ഐ മേക്കപ്പിൽ ഉൾപ്പെടെ നടി വലിയ ശ്രദ്ധ കൊടുക്കുന്നു.

ഐ മേക്കപ്പ് സ്വന്തമായി ചെയ്യുന്നതായിരുന്നു സിനിമകളിൽ സജീവമായിരുന്ന കാലത്തെ കാവ്യയുടെ രീതി. ഇതേക്കുറിച്ച് അടുത്തിടെ കാവ്യയുടെ മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി സംസാരിക്കുകയുമുണ്ടായി. കണ്ണിന് മേക്കപ്പ് ചെയ്യാൻ ആരെയും അനുവദിക്കാത്ത കാവ്യ ഒരിക്കൽ ഒരു ഫോട്ടോഷൂട്ടിന് മേക്കപ്പ് ചെയ്യാൻ തന്നെ അനുവദിച്ചെന്നും പിന്നീട് കാവ്യയുടെ സ്ഥിരം മേക്കപ്പ് ആർട്ടിസ്റ്റായി താൻ മാറിയെന്നും ഉണ്ണി പറയുകയുണ്ടായി. കാവ്യ-ദിലീപ് വിവാഹത്തിനും നടിക്ക് മേക്കപ്പ് ചെയ്തത് ഉണ്ണിയാണ്.
പൊതുവെ അധികം ലൈം ലൈറ്റിലേക്ക് വരാത്ത മീനാക്ഷി ദിലീപും ഇന്ന് ജനശ്രദ്ധ നേടുന്നു. അടുത്തിടെയായി മീനാക്ഷിയും മേക്കപ്പ് കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുന്നുണ്ട്. കാവ്യയാണോ മീനാക്ഷിയുടെ മാറ്റത്തിന് പ്രചോദനമായതെന്നും ആരാധകർക്ക് ചോദ്യമുണ്ട്. മീനാക്ഷിയുടെ ഡാൻസ് വീഡിയോകൾക്ക് വലിയ ജനശ്രദ്ധയാണ് ലഭിക്കാറ്. താരപുത്രി സിനിമാ രംഗത്തേക്ക് കടന്ന് വരുമോ എന്നാണ് ആരാധകരുടെ ചോദ്യങ്ങൾ. താരകുടുംബം ഇതിന് വ്യക്തമായ മറുപടി നൽകിയിട്ടില്ല. മറുവശത്ത് ദിലീപ് സിനിമാ രംഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്.
വോയ്സ് ഓഫ് സത്യനാഥനാണ് ദിലീപിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും വരാനിരിക്കുന്ന ബാന്ദ്ര എന്ന സിനിമയിൽ ദിലീപ് ആരാധകർക്ക് വലിയ പ്രതീക്ഷയുണ്ട്. മംമ്ത മോഹൻദാസ്, തമന്ന എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. അരുൺ ഗോപിയാണ് സംവിധായകൻ. നടന്റെ മറ്റ് സിനിമകളുടെ ചർച്ചകളും അണിയറയിൽ നടക്കുന്നുണ്ട്.


Click it and Unblock the Notifications