കഥ പറയാൻ മോഹൻലാലിലേക്കെത്താനുള്ള വഴി പലർക്കുമറിയില്ല; ആ റൂട്ട് ക്ലിയർ ചെയ്യണം; സംവിധായകൻ
മലയാള സിനിമയിലെ സൂപ്പർ താരമാണ് മോഹൻലാൽ. അഭിനയ മികവിൽ ഇന്ത്യയിലെ തന്നെ എണ്ണം പറഞ്ഞ നടൻമാരിലൊരാളായ മോഹൻലാലിന് അന്നും ഇന്നും ഒരുപോലെ ആരാധക വൃന്ദമുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കരിയറിലെ മോശം കാലഘട്ടത്തിലൂടെയാണ് മോഹൻലാൽ കടന്ന് പോവുന്നത്.
ദൃശ്യം 2 ഒഴിച്ച് നിർത്തിയാൽ എടുത്ത് പറയത്തക്ക ഹിറ്റുകൾ മോഹൻലാലിന് അടുത്ത കാലത്തൊന്നും ഇല്ല. പരാജയ സിനിമകളുടെ വലിയൊരു നിര തന്നെ മോഹൻലാലിന്റെ പേരിലിന്നുണ്ട്.
സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ നടന് പിഴയ്ക്കുന്നു എന്നാണ് ആരാധകർ പറയുന്നത്. നിരവധി പുതുമഖ സംവിധായകർക്കും തിരക്കഥാകൃത്തുകൾക്കും മോഹൻലാലിനോട് കഥ പറയാൻ പറ്റുന്നില്ലെന്ന് ആക്ഷേപമുണ്ട്.
ഇപ്പോഴിതാ മോഹൻലാലിനെക്കുറുച്ചുള്ള ഈ പരാതിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സിനിമാ, സീരിയൽ സംവിധായകൻ ടിഎസ് സജി. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം. ആന്റണി പെരുമ്പോവൂർ മുഖേനയാണ് മോഹൻലാലിലേക്കെത്താൻ പറ്റുകയെനന് ഇദ്ദേഹം പറയുന്നു,
'അദ്ദേഹത്തിന്റെയടുത്ത് സബ്ജക്ട് പറഞ്ഞെത്താനുള്ള റൂട്ട് പലർക്കും അറിയില്ല. അദ്ദേഹത്തിന്റെ പടം അസിസ്റ്റ് ചെയ്യുമ്പോൾ കമ്മ്യൂണിക്കേഷൻ ഉണ്ടാവും. പുറത്തുള്ള എത്രയോ പേരുടെ കൈയിൽ മോഹൻലാലിനും മമ്മൂട്ടിക്കും പറ്റിയ സബ്ജക്ടുകളുണ്ട്. പക്ഷെ ഇവർക്ക് ആ റൂട്ടറിയില്ല'

'അദ്ദേഹമുള്ള ലൊക്കേഷനിൽ പോവുകയും ആന്റണി പെരുമ്പാവൂരിനെ കാണണം. മോഹൻലാലിലേക്കെത്തിപ്പെടാനുള്ള റൂട്ട് ക്ലിയർ ചെയ്യണം. ആന്റണി പെരുമ്പാവൂരിനോട് പറഞ്ഞ് സബ്ജക്ട് പറഞ്ഞ് ഓക്കെയാണെങ്കിൽ ചിലപ്പോൾ ലാലേട്ടനോട് കേട്ട് നോക്ക് എന്ന് പറയുമായിരിക്കും'
'പക്ഷെ നമുക്കൊരിക്കലും ലാലേട്ടൻ പുതുമുഖങ്ങൾക്ക് ഡേറ്റ് കൊടുക്കുന്നില്ലെന്ന് പറയാൻ പറ്റില്ല. കാരണം ഇട്ടിമാണി ചെയ്ത ജിബി അദ്ദേഹത്തിന്റെ കൂടെ കുറേ പടങ്ങളിൽ അസിസ്റ്റന്റ് ഡയരക്ടറായി വർക്ക് ചെയ്തതാണ്. വളരെ യാദൃശ്ചികമായി അദ്ദേഹം സബ്ജക്ടുണ്ടെന്ന് പറയുന്നു. അത് കേട്ട് ലാലേട്ടൻ കുറച്ച് മാറ്റങ്ങൾ പറഞ്ഞു. അങ്ങനെയാണ് ഇട്ടിമാണി എന്ന പടമുണ്ടായത്'
'സാധാരണയായി ലാലേട്ടൻ വേണ്ടി ഒരു കഥാപാത്രമുണ്ടാക്കുമ്പോൾ മുമ്പ് ചെയ്തതിന്റെ ഇൻസ്പിരേഷൻ വരും. മോഹൻലാലിന്റെ മോശം സിനിമകളും നല്ല സിനിമകളുമുണ്ട്. ഷാജി കൈലാസ് മോഹൻലാലിനെ വെച്ച് സിനിമ ചെയ്യുമ്പോൾ അദ്ദേഹത്തിന് വേണ്ടി ഒരു കഥാപാത്രമുണ്ടാക്കിയെടുക്കുകയാണ്. അങ്ങനെ ചെയ്യുന്ന സംവിധായകർ ഇപ്പോൾ വളരെ കുറവാണ്,' ടിഎസ് സജി പറയുന്നു.

'താണ്ഡവം എന്ന സിനിമയുടെ പാട്ട് ഷൂട്ട് ചെയ്യുന്നു. അപ്പുറത്ത് ഞാൻ ചെയ്ത ചിരിക്കുടുക്കയുടെ ഫൈനൽ മിക്സിംഗ് നടക്കുന്നു. ഞാൻ ലൊക്കേഷനിലേക്ക് വന്നു, ഞാൻ കൈ കാണിച്ചപ്പോൾ അദ്ദേഹം എന്നെ വിളിക്കുന്നു. എന്തുണ്ട് സജീ വിശേഷം എന്ന് ചോദിച്ചു, ഞാൻ ഞെട്ടിപ്പോയി അദ്ദേഹം പേര് പറഞ്ഞ് വിളിച്ചത് അത്ഭുതമായി തോന്നി'
'ഇവൻ ഡേറ്റ് ചോദിച്ച് വരുമോ എന്ന് കരുതി അദ്ദേഹത്തിന് കാണാത്ത പോലെ നിൽക്കാമായിരുന്നു. പക്ഷെ അദ്ദേഹം ജീവിതത്തിൽ അഭിനയിക്കുന്നയാളല്ല. നല്ല വ്യക്തിയാണ്,' ടിഎസ് സജി പറഞ്ഞു.
ആന്റണി പെരുമ്പാവൂർ കാരണം മോഹൻലാലിനെ സമീപിക്കിക്കാൻ പറ്റാത്ത സാഹചര്യമുണ്ടെന്ന് നേരത്തെ സിനിമാ ലോകത്ത് വിമർശനമുയർന്നിരുന്നു. കഥ ആന്റണിക്ക് കേട്ട് ഇഷ്ടപ്പെട്ടെങ്കിൽ മാത്രമേ മോഹൻലാലിലേക്ക് എത്തൂയെന്നായിരുന്നു ആക്ഷേപം. അതേസമയം ഇതിന് കാരണമുണ്ടെന്ന് നടനെ പിന്തുണയ്ക്കുന്നവർ പറയുന്നു.
മോഹൻലാലിന്റെ തിരക്ക് പിടിച്ച കരിയറിന് ആന്റണി പെരുമ്പാവൂരിനെ പോലൊരു വ്യക്തിയുടെ സഹായം വേണമെന്നാണ് ഇവർ ഉന്നയിക്കുന്ന വാദം. എലോൺ ആണ് മോഹൻലാലിന്റെ ഏറ്റവുമൊടുവിൽ റിലീസ് ചെയ്ത സിനിമ.


Click it and Unblock the Notifications











