പല സിനിമകളും മുടങ്ങിക്കിടക്കുന്നു, തിയറ്ററിൽ ബിസിനസില്ല; നയൻതാരയുടെ മാർക്കറ്റ് പോയെന്ന് ബിസ്മി
തുടരെ വിവാദങ്ങളിലാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാര. ധനുഷിനെതിരെ പരസ്യ വിമർശനം ഉന്നയിച്ചതോടെ കടുത്ത സൈബർ ആക്രമണം താരത്തിന് നേരെ നടക്കുന്നുണ്ട്. ഇതിനിടെ തമിഴ് മീഡിയകളിൽ താരത്തിനെതിരെ വാദങ്ങളും വരുന്നു. പ്രശ്നങ്ങളെ അവഗണിച്ച് മുന്നോട്ട് നീങ്ങുകയാണ് നയൻതാര. നയൻതാരയ്ക്ക് ഇന്ന് പഴയ മാർക്കറ്റ് ഇല്ലെന്ന വാദം ഉയരുന്നുണ്ട്. അടുത്ത കാലത്തിറങ്ങിയ താരത്തിന്റെ ഭൂരിഭാഗം സിനിമകളും പരാജയപ്പെടുകയാണുണ്ടായത്.
അതേസമയം നടിയുടെ നിരവധി സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ശക്തമായ തിരിച്ച് വരവ് നയൻതാരയ്ക്ക് സാധ്യമാകുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. എന്നാൽ നടിക്ക് ഇന്ന് മാർക്കറ്റില്ലെന്ന് വാദിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് ബിസ്മി. പല സിനിമകളും മുടങ്ങിയിരിക്കുകയാണെന്നും ബിസ്മി പറയുന്നു.

നയൻതാരയുടെ ഏഴെട്ട് സിനിമകൾ വരാനുണ്ട്. എന്നാൽ ഈ സിനിമകളിൽ പലതും പല കാരണങ്ങളാൽ അടുത്ത ഘട്ടത്തിലേക്ക് കടക്കാതെ മുടങ്ങിക്കിടക്കുകയാണ്. നയൻതാര ഈ സിനിമയിൽ അഭിനയിക്കുന്നു, ആ സിനിമയിൽ അഭിനയിക്കുന്നു എന്നെല്ലാം വാർത്ത വരുന്നുണ്ട്. എന്നാൽ ആ സിനിമകളുടെ അവസ്ഥയെന്തെന്ന് മനസിലാക്കണമെന്നും ബിസ്മി വാദിക്കുന്നു. ഒരു നടനും നടിക്കും മാർക്കറ്റുണ്ടെങ്കിൽ അവരുടെ സിനിമ ഒരു കാരണത്താലും മുടങ്ങുകയേയില്ല.
നിർമാതാക്കളുടെ കൈയിൽ പണമില്ലെങ്കിൽ പത്ത് ഫിനാൻസുകാർ പണം കൊടുക്കാൻ തയ്യാറാകും. കാരണം മാർക്കറ്റുള്ള ആർട്ടിസ്റ്റാണ്. ഈ സിനിമ റിലീസ് ചെയ്താൽ നല്ല ബിസിനസ് നടക്കും നമ്മൾ കൊടുത്ത പണത്തിന് കറക്ടായി പലിശ ലഭിക്കും എന്ന് അവർക്കറിയാം. പടം ഓടുമോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യമാണ്. പക്ഷെ മാർക്കറ്റുള്ള താരത്തിന്റെ സിനിമയ്ക്ക് ബിസിനസ് നടക്കുമെന്ന് അവർക്കറിയാമെന്ന് ബിസ്മി പറയുന്നു.

മാർക്കറ്റ് പോയ ആർട്ടിസ്റ്റാണെങ്കിൽ ആരും പണം കൊടുക്കില്ല. നയൻതാരയുടെ സാഹചര്യവും ഇതാണ്. കഴിഞ്ഞ പത്ത് വർഷമെടുത്താൽ നയൻതാര അഭിനയിച്ച സിനിമകളിൽ ഒന്നോ രണ്ടോ മാത്രമാണ് കൊമേഴ്ഷ്യൽ വിജയം നേടിയത്. ബാക്കി എല്ലാ സിനിമകളും നിർമാതാക്കൾക്ക് നഷ്ടമുണ്ടാക്കിയ സിനിമകളാണ്. എന്നാൽ പല നിർമാതാക്കളും നയൻതാരയെ വെച്ച് സിനിമ ചെയ്യുന്നതിന് കാരണമുണ്ടെന്നും ബിസ്മി പറയുന്നു.
ഒരു നായക നടനെ വെച്ച് സിനിമ ചെയ്യണമെങ്കിൽ നാലഞ്ച് വർഷം കാത്തിരിക്കേണ്ടി വരും. കോടിക്കണക്കിന് രൂപയും അവർ ചോദിക്കും. ഹീറോയ്ക്ക് പകരം നയൻതാരയെ വെച്ച് സിനിമ ചെയ്ത് പെട്ടെന്ന് ലാഭമുണ്ടാക്കാൻ അവർ ശ്രമിക്കുന്നു. എന്നാൽ നയൻതാരയും അഞ്ച് കോടി, പത്ത് കോടി, പതിനഞ്ച് കോടി എന്നിങ്ങനെ പ്രതിഫലം ഉയർത്താൻ തുടങ്ങി.
നയൻതാരയുടെ പുതിയ സിനിമ തിയറ്ററിൽ ബിസിനസ് ആകാതെ നേരിട്ട് ഒടിടിയിൽ എത്തുകയാണ്. നടിയുടെ മാർക്കറ്റ് ഇടിഞ്ഞതിന്റെ ഉദാഹരണമാണിതെന്നും ബിസ്മി വാദിക്കുന്നു. നേരത്തെ ബിസ്മിയുൾപ്പെടെയുള്ള മൂന്ന് ഫിലിം ജേർണലിസ്റ്റുകളെ നയൻതാര പരിഹസിച്ചിരുന്നു. ഇല്ലാത്ത കാര്യങ്ങളാണ് ഇവർ പ്രചരിപ്പിക്കുന്നതെന്ന് പറഞ്ഞ നടി കുരങ്ങൻമാരുമായി ഇവരെ ഉപമിക്കുകയും ചെയ്തു.


Click it and Unblock the Notifications











