പൃഥി ഓടി നടന്ന് പ്രൊമോഷൻ ചെയ്യണം, നയൻതാരയുടെ ഡിമാന്റ് അംഗീകരിച്ച് കോടികൾ; പക്ഷെ പ്രശ്നമുണ്ട്
നടീ നടൻമാർ തമ്മിൽ പ്രതിഫലത്തിലുള്ള വ്യത്യാസം സിനിമാ ലോകത്ത് വലിയ തോതിൽ ചർച്ചയാകുന്നുണ്ട്. ന്യായമായ പ്രതിഫലം നടിമാർക്ക് ലഭിക്കുന്നില്ലെന്നും ഇത് ലിംഗ വിവേചനമാണെന്നും ഡബ്ല്യുസിസി സംഘടനയും ചില നടിമാരും പറയുന്നു. നായകന് ലഭിക്കുന്ന അതേ പ്രതിഫലം നായികയ്ക്ക് ലഭിക്കില്ലെന്നും ഇതിന് കാരണമുണ്ടെന്നും നിർമാതാക്കൾ വാദിക്കുന്നു. എന്നാൽ തുല്യ പ്രതിഫലമല്ല, ന്യായമായ പ്രതിഫലമാണ് ആവശ്യപ്പെടുന്നതെന്ന് അപർണ ബാലമുരളി ഉൾപ്പെടെയുള്ള നടിമാർ വ്യക്തമാക്കി.
പ്രതിഫലത്തിലെ അന്തരം ചൂണ്ടിക്കാണിക്കുമ്പോൾ ഇതിനെ എതിർക്കുന്നവർ എപ്പോഴും ചൂണ്ടിക്കാണിക്കാറ് നയൻതാരയുടെ പ്രതിഫലമാണ്. തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാറായ നയൻതാരയുടെ പ്രതിഫലം പല പുരുഷ താരങ്ങൾക്കും ലഭിക്കുന്നില്ലെന്നും ഇതിന് കാരണം നടിയുടെ മാർക്കറ്റ് വാല്യു ആണെന്നും വാദമുണ്ട്.

എന്നാൽ ഈ വാദത്തിന് പിന്നിൽ ലോജിക്കലായ ചില പ്രശ്നങ്ങളുണ്ട്. മലയാളത്തിലെ താരങ്ങളുമായി നടൻമാരുമായി താരതമ്യം ചെയ്യുമ്പോൾ മാത്രമാണ് നയൻതാരയുടെ പ്രതിഫലം മുന്നിൽ നിൽക്കുന്നത്. മോളിവുഡിലെ സൂപ്പർതാരങ്ങളായ പൃഥിരാജ്, ടൊവിനോ തോമസ് തുടങ്ങിയവർ വാങ്ങുന്ന പ്രതിഫലത്തേക്കാൾ കൂടുതലാണ് നയൻതാര തമിഴിലും തെലുങ്കിലും വാങ്ങുന്ന പ്രതിഫലം. 4 കോടിക്കും പത്ത് കോടിക്കും ഇടയിലാണ് പൃഥിരാജ് ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം.
തെലുങ്ക് ചിത്രം സലാറിൽ അഭിനയിച്ചതിന് പൃഥിക്ക് ലഭിച്ച പ്രതിഫലം നാല് കോടി രൂപയാണ്. ഇതേ പ്രതിഫലം തന്നെയാണ് ഗോഡ്ഫാദർ എന്ന തെലുങ്ക് ചിത്രത്തിൽ നയൻതാര വാങ്ങിയത്. അതേസമയം ചില തെലുങ്ക് സിനിമകൾക്ക് അഞ്ച് കോടിയോളം രൂപ നയൻതാര വാങ്ങിയിട്ടുണ്ട്. പ്രൊമോഷന് പങ്കെടുക്കില്ല, ഷൂട്ടിംഗിനെത്തുന്ന സമയം തുടങ്ങിയ നിബന്ധനകൾ അംഗീകരിച്ച് കൊണ്ടാണ് നയൻതാരയ്ക്ക് ഇത്രയും പ്രതിഫലം ലഭിക്കുന്നത്.

മറുവശത്ത് പൃഥി സലാറിന്റെ പ്രൊമോഷന് സജീവമായി പങ്കെടുത്തിരുന്നു. അതേസമയം താരങ്ങളുടെ പ്രതിഫലത്തിൽ പ്രൊഡക്ഷൻ ഹൗസുകൾക്കനുസരിച്ച് വ്യത്യാസം വരും. വൻ സിനിമകൾ നിർമിക്കുന്ന ബോബാലെ ഫിലിംസാണ് സലാർ നിർമിച്ചത്. ചിത്രത്തിലെ നായിക ശ്രുതി ഹാസന് ലഭിച്ച പ്രതിഫലം എട്ട് കോടി രൂപയാണ്. പൃഥിയുടെ പ്രതിഫലത്തിന്റെ ഇരട്ടി. നയൻതാരയായിരുന്നു സലാറിലെ നായികയെങ്കിൽ താരമൂല്യം വെച്ച് എട്ട് കോടിക്ക് മുകളിൽ നൽകേണ്ടി വന്നേനെ.
അതേസമയം നയൻതാരയും ശ്രുതി ഹാസനും പൃഥിരാജിനും മുകളിൽ പ്രതിഫലം വാങ്ങുന്നു എന്ന് പറയാൻ സാധിക്കില്ല. 20 വർഷത്തോളമായി തമിഴ്, തെലുങ്ക് സിനിമകളിലെ മുൻനിര നായികയാണ് നയൻതാര. ശ്രുതി ഹാസനും നിരവധി തെലുങ്ക് സിനിമകൾ ചെയ്ത നടി. എന്നാൽ പൃഥി ചുരുക്കം തെലുങ്ക് സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂ. എന്നിട്ടും നാല് കോടി രൂപ പ്രതിഫലം നടന് ലഭിക്കുന്നു എന്നതും എടുത്ത് പറയേണ്ടതാണ്.
മാത്രവുമല്ല തമിഴിലെയും തെലുങ്കിലെയും മുൻനിര നായകൻമാരുമായി താരതമ്യം ചെയ്യുമ്പോൾ നയൻതാരയുടെ പ്രതിഫലം കുറവാണ്. 4 കോടിക്കും പത്ത് കോടിക്കും ഇടയിലാണ് നയൻതാരയുടെ പ്രതിഫലം. തമിഴകത്തെ പുതുമുഖ താരമാണ് പ്രദീപ് രംഗനാഥൻ. 2022 ൽ പുറത്തിറങ്ങിയ ലവ് ടുഡേ എന്ന സിനിമയുടെ വിജയത്തോടെ താരമൂല്യം കൂടിയ നടൻ. ഇദ്ദേഹം പുതിയ സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം പത്ത് കോടി രൂപയാണ്.
കരിയറിൽ ഒരു ഹിറ്റ് മാത്രമുള്ള, ആകെ രണ്ട് സിനിമകൾ മാത്രം ഇതുവരെ പുറത്തിറങ്ങിയ നടനാണ് പത്ത് കോടി രൂപ പ്രതിഫലം. എന്നാൽ നയൻതാര 20 വർഷമായി ഇൻഡസ്ട്രിയിലുണ്ട്. എന്നിട്ടും പത്ത് കോടിക്ക് മുകളിലേക്ക് പ്രതിഫലം ഉയർന്നിട്ടില്ല. അജിത്ത്, വിജയ്, സൂര്യ തുടങ്ങിയവരുടെ പ്രതിഫലം നയൻതാരയുടേതിനേക്കാൾ ഏറെ കൂടുതലാണ്.


Click it and Unblock the Notifications