ആസ്തി 603 കോടി; ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രി വിജയിയല്ല?; മറ്റുള്ളവരിൽ നിന്നും നടനെ വ്യത്യസ്ഥനാക്കുന്നത്!
വിജയ് തരംഗമാണ് ഇന്ത്യയിലൊട്ടാകെ. രാഷ്ട്രീയത്തിൽ പരിചയ സമ്പത്ത് ഇല്ലാത്ത താരം തമിഴ്നാട്ടിലെ ഭരണചക്രം എങ്ങനെ തിരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. വിജയിയും മറ്റ് മന്ത്രിമാരും ഇതിനോടകം വലിയ മാറ്റങ്ങൾ തമിഴ്നാട്ടിൽ കൊണ്ടുവന്ന് കഴിഞ്ഞു. മറ്റുള്ള മുഖ്യമന്ത്രിമാർക്ക് മാതൃകയാക്കാവുന്ന തരത്തിലുള്ള പ്രവൃത്തികളാണ് വിജയിയും അദ്ദേഹത്തിന്റെ മന്ത്രിസഭയും എംഎൽഎമാരും ചേർന്ന് കാഴ്ചവെക്കുന്നത്.
കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ സിനിമ ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയെന്നത് നടൻ സ്വീകരിച്ച മണ്ടൻ തീരുമാനമാണെന്ന് ഭൂരിഭാഗം പേരും പ്രവചിച്ചിരുന്നു. എന്നാൽ ഓരോ തീരുമാനങ്ങളും കൃത്യമായ കണക്ക് കൂട്ടലുകളോടെയാണെന്ന് വിജയ് തെളിയിച്ചു. ഇപ്പോഴിതാ ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രി വിജയിയാണോ എന്ന തരത്തിലാണ് ചർച്ചകൾ.

കാരണം ഇക്കാലയളവിന് ഇടയിൽ സിനിമയിൽ നിന്നും കോടികൾ അദ്ദേഹം സമ്പാദിച്ചിട്ടുണ്ട്. എന്നാൽ റിപ്പോർട്ടുകൾ ശരിയാണെങ്കിൽ സിനിമയിൽ നിന്നുള്ള വലിയൊരു സമ്പത്ത് ആസ്തിയായി ഉണ്ടെങ്കിലും വിജയിക്ക് ഈ ലിസ്റ്റിൽ രണ്ടാം സ്ഥാനം മാത്രമെയുള്ളു. ഇലക്ഷൻ സമയത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചിട്ടുള്ള വിവരങ്ങളെ അധികരിച്ചിട്ടുള്ള ഒരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
ഈ ഒരു ലിസ്റ്റിൽ പത്താം സ്ഥാനത്തുള്ള മുഖ്യമന്ത്രി പ്രമോദ് സാവന്താണ്. 2019 മുതൽ ഗോവ മുഖ്യമന്ത്രിയായ ബിജെപി നേതാവ് കൂടിയായ പ്രമോദ് സാവന്തിന്റെ ആസ്തി 23 കോടി രൂപയാണ്. ഒമ്പതാം സ്ഥാനത്ത് 2021 മുതൽ ഗുജറാത്തിന്റെ മുഖ്യമന്ത്രിയായ ഭൂബേന്ദ്രഭായ് പട്ടേലാണ്. 24 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി.
തെലുങ്കാനയുടെ കോൺഗ്രസ് മുഖ്യമന്ത്രിയായ രേവന്ദ് റെഡ്ഡി ഈ ലിസ്റ്റിൽ എട്ടാം സ്ഥാനത്താണ്. ഇദ്ദേഹത്തിന്റെ ആസ്തി മുപ്പതി കോടി. ഏഴാം സ്ഥാനത്ത് കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ എൻഡിഎ മുഖ്യമന്ത്രി എൻ. രംഗസ്വാമിയും ആറാം സ്ഥാനത്ത് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവുമാണുള്ളത്. യഥാക്രമം മുപ്പത്തിയെട്ട് കോടിയും നാൽപ്പത്തിരണ്ടുകോടിയുമാണ് ഇവരുടെ ആസ്തികൾ.
നാൽപ്പത്തിയാറ് കോടിയുടെ ആസ്തിയുമായി നാഗാലാന്റിന്റെ മുഖ്യമന്ത്രി നെഫ്യൂ റിയോയാണ് അഞ്ചാം സ്ഥാനത്ത്. ആദ്യ നാല് സ്ഥാനങ്ങളിൽ മൂന്നും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് എന്നൊരു പ്രത്യേകത കൂടിയുണ്ട്. നാലാം സ്ഥാനത്ത് കർണാടകയുടെ മുഖ്യമന്ത്രി സിദ്ധരാമയ്യയാണുള്ളത്. 51 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. 332 കോടിയുടെ ആസ്തിയുള്ള അരുണാചൽ പ്രദേശിന്റെ മുഖ്യമന്ത്രി പേമ ഖണ്ഡുവാണ് ഈ ലിസ്റ്റിലെ മൂന്നാമൻ.

ഇനി രണ്ടാം സ്ഥാനത്ത് തമിഴകത്തിന്റെ സ്വന്തം ദളപതിയും തമിഴ്നാടിന്റെ മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയിയയാണുള്ളത്. ആസ്തി 603 കോടി രൂപയാണ്. ഈ ലിസ്റ്റിലെ ഒന്നാം സ്ഥാനത്ത് ഏത് മുഖ്യമന്ത്രിയാണെന്ന് അറിയും മുമ്പ് നമ്മുടെ സംസ്ഥാനമായ കേരളത്തിന്റെ മുഖ്യമന്ത്രി വിഡി സതീശന്റെ ആസ്തി കൂടി അറിയാം.
തെരഞ്ഞെടുപ്പ് സമയത്തെ സത്യവാങ്മൂലം പ്രകാരം ആറ് കോടിയോളം മൂല്യമുള്ളതാണ് അദ്ദേഹത്തിന്റെ ഇന്നത്തെ ആസ്തി. ഇനി ഈ ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുള്ളത് 931 കോടി രൂപയുമായി ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രി എന്ന റെക്കോർഡ് ആന്ധ്രാപ്രദേശിന്റെ തെലുങ്ക് ദേശം പാർട്ടിയുടെ മുഖ്യമന്ത്രിയായ എൻ. ചന്ദ്രബാബു നായിഡുവിന് അവകാശപ്പെട്ടതാണ്.
1975ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയിൽ ചേർന്ന നായിഡു ചന്ദ്രഗിരി മണ്ഡലത്തിൽ നിന്ന് 1978ൽ മത്സരിച്ച് ജയിച്ച് ആന്ധ്രാപ്രദേശ് നിയമസഭയിൽ അംഗമായി. 1980-1982 കാലയളവിൽ ടി അഞ്ജയ മന്ത്രിസഭയിലെ കാബിനറ്റ് വകുപ്പ് മന്ത്രിയായി.
ആ നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു നായിഡു. 2024ലെ മൂന്നാം നരേന്ദ്ര മോദി മന്ത്രിസഭയിലെ പ്രധാന ഘടക കക്ഷിയാണ് നിലവിൽ തെലുങ്ക് ദേശം പാർട്ടി. വിജയ് അധ്വാനിച്ചുണ്ടാക്കി. മറ്റുള്ളവന്മാർ ഇന്ത്യയിലെ ദരിദ്ര ജനങ്ങളെ പറ്റിച്ചുണ്ടാക്കി എന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. അത് തന്നെയാണ് വിജയിയെ വ്യത്യസ്ഥനാക്കുന്നതെന്നും ആളുകൾ കുറിച്ചു.


Click it and Unblock the Notifications


