'കയ്യടിക്കടാ...'; കാതങ്ങൾ താണ്ടി സ്പിൽബർഗിന്റെയും നോളന്റെയും സാമ്രാജ്യത്തിൽ, ഹോളിവുഡിൽ ഈ വർഷം അരങ്ങേറിയവർ
സിനിമയെ സ്നേഹിക്കുന്നവർ എക്കാലവും അത്ഭുതത്തോടെ നോക്കുന്ന ഒരു ഇന്റസ്ട്രിയാണ് ഹോളിവുഡ്. ചില പ്രകടനങ്ങൾ കാണുമ്പോൾ ലാലേട്ടനും മമ്മൂക്കയുമൊക്കെ ഹോളിവുഡിൽ ജനിക്കേണ്ടവരായിരുന്നുവെന്നും എങ്കിൽ ഓസ്കാർ ഉറപ്പായും അവർക്ക് ഇക്കാലയളവിൽ ലഭിച്ചേനെ എന്നതും മലയാളികൾ ഇടയ്ക്കിടെ പറയാറുള്ള ഒന്നാണ്. വർഷങ്ങൾക്ക് മുമ്പ് തന്നെ മികച്ച സാങ്കേതിക വിദ്യയിൽ നല്ല നിലവാരം പുലർത്തുന്ന സിനിമകൾ ലോക സിനിമയ്ക്ക് ഹോളിവുഡ് സംഭാവന ചെയ്തിട്ടുണ്ട് ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. സ്പിൽബർഗിനും നോളനും ടോം ക്രൂസിനുമെല്ലാം വലിയൊരു ആരാധക വൃന്ദം തന്നെ ഇന്ത്യയിലുണ്ട്. എന്ത് സാഹസീകത കടന്നും ഹോളിവുഡ് സിനിമകൾ ഒന്നുപോലും ഒഴിവാക്കാതെ ഇന്ത്യക്കാർ കാണും ആസ്വദിക്കും. അതുമാത്രമല്ല ഇന്ത്യൻ സിനിമയിലെ ചില താരങ്ങൾ ഹോളിവുഡിൽ അഭിനയിച്ചിട്ടുമുണ്ട്. ഈ വർഷവും ഒരുപിടി താരങ്ങൾ ഹോളിവുഡിൽ അരങ്ങേറി. അവരിൽ ചിലരെ പരിചയപ്പെടാം...

ശോഭിത ധൂലിപാല
കുറുപ്പ് എന്ന മലയാള ചിത്രത്തിലൂടെയും പൊന്നിയൻ സെൽവൻ എന്ന ചിത്രത്തിലൂടെ തമിഴിലും ഒരുപിടി ബോളിവുഡ് ചിത്രങ്ങളിലൂടെയും ശ്രദ്ധേയയായ ശോഭിത ധൂലിപാലയുടെ ഹോളിവുഡ് അരങ്ങേറ്റം മങ്കി മാൻ എന്ന സിനിമയിലൂടെയായിരുന്നു. സ്ലം ഡോഗ് മില്ല്യണേയർ എന്ന ഒരേയൊരു ചിത്രത്തിലൂടെ പ്രേക്ഷകമനസിൽ ഇടംനേടിയ ദേവ് പട്ടേൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം എന്ന പ്രത്യേകതയും മങ്കി മാനുണ്ട്. ദേവ് തന്നെയാണ് ചിത്രത്തിൽ നായകനായതും. തന്റെ അമ്മയെ വകവരുത്തിയവർക്കെതിരെയുള്ള നായകന്റെ പോരാട്ടമാണ് ചിത്രം പറഞ്ഞത്. മകരന്ദ് ദേശ്പാണ്ഡേ, സികന്ദർ ഖേർ, ഷാൾട്ടോ കോപ്ലേ, പിറ്റോബാഷ്, അദിതി കുൽക്കാണ്ടേ, അശ്വിനി ഖലേസ്കർ എന്നിവരായിരുന്നു മറ്റ് താരങ്ങൾ.
ഇഷാൻ ഖട്ടർ
ബാലതാരമായി സിനിമയിലെത്തി പിന്നീട് നായകനായി തിളങ്ങുന്ന നടനാണ് ഇഷാൻ ഖട്ടർ. ധഡക് എന്ന ചിത്രത്തിലൂടെയാണ് ഇഷാൻ ഖട്ടർ ശ്രദ്ധിക്കപ്പെടുന്നത്. അധികം സിനിമകളൊന്നും താരത്തിന്റേതായി പുറത്തിറങ്ങിയില്ലെങ്കിലും ഇഷാനോടുള്ള പ്രേക്ഷകരുടെ ഇഷ്ടത്തിന് യാതൊരു കുറവും സംഭവിച്ചിട്ടില്ല. ദി പെർഫ്ക്ട് കപ്പിൾ എന്ന നെറ്റ്ഫ്ലിക്സ് ലിമിറ്റഡ് സീരിസിലൂടെയാണ് ഇഷാൻ ഹോളിവുഡിലേക്ക് ഈ വർഷം അരങ്ങേറിയത്. നിക്കോൾ കിഡ്മാൻ, ലീവ് ഷ്രെയ്ബർ എന്നിവരും പെർഫ്ക്ട് കപ്പിളിൽ പ്രധാന വേഷത്തിലെത്തി. എലിൻ ഹിൽഡർബ്രാൻഡിന്റെ ദി പെർഫെക്ട് കപ്പിൾ എന്ന നോവലിനെ ആസ്പദമാക്കിയാണ് സീരിസ് ഒരുക്കിയത്.
തബു
ബോളിവുഡിന്റെ പ്രിയ നടി തബു എച്ച്ബിഒ മാക്സ് ഒരുക്കിയ അത്യുഗ്രൻ സീരിസായ ഡ്യൂൺ പ്രൊഫെസിയിലൂടെയാണ് ഹോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. തബുവാണ് സീരിസിൽ പ്രധാന വേഷത്തിലെത്തിയത്. നവംബറിൽ സീരിസ് പ്രേക്ഷകരിലേക്കെത്തി. ബ്രയാന്‍ ഹെര്‍ബെര്‍ട്ടും കെവിന്‍ ജെ ആന്‍ഡേഴ്സണും ചേര്‍ന്ന് രചിച്ച സിസ്റ്റര്‍ഹുഡ് ഓഫ് ഡ്യൂണ്‍ എന്ന നോവലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സീരീസ് ഒരുക്കിയത്. സിസ്റ്റര്‍ ഫ്രാൻസെസ്ക എന്ന കഥാപാത്രമായി തബു സീരീസിൽ ഗംഭീരപ്രകടനമാണ് കാഴ്ചവെച്ചത്.

ബെനിറ്റ സന്ധു
ആദിത്യ വർമ എന്ന തമിഴ് സിനിമയിൽ നായിക വേഷം ചെയ്ത് തെന്നിന്ത്യയ്ക്ക് സുപരിചിതയായ യുവ നടിയും മോഡലുമാണ് ബെനിറ്റ സന്ധു. ഈ വർഷം നെറ്റ്ഫ്ലിക്‌സിൻ്റെ ബ്രിഡ്ജർടൺ സീസൺ 3ൽ ഒരു സുപ്രധാന വേഷം ചെയ്ത് നടി ഹോളിവുഡിൽ അരങ്ങേറി. നടിയുടെ പ്രകടനം സീരിസിന്റെ റിലീസിനുശേഷം നിരൂപക പ്രശംസ നേടിയിരുന്നു.
നേഹ ധൂപിയ
ഈജിപ്ഷ്യൻ ചലച്ചിത്ര സംവിധായകൻ അലി എൽ അറബി സംവിധാനം ചെയ്ത ബ്ലൂ 52 എന്ന ചിത്രത്തിലൂടെയാണ് നേഹ ധൂപിയ ഹോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. അലി എൽ അറബിയും താരിഖ് അൽ നാമയും ചേർന്നാണ് ബ്ലൂ 52 നിർമ്മിച്ചിരിക്കുന്നത്.


Click it and Unblock the Notifications











