'എന്റെ കയ്യിൽ നിന്നും വന്ന തെറ്റ്... തെളിവുണ്ടായിട്ടും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ'; അനുഭവം പങ്കിട്ട് ഇഷാനി!
മെലിഞ്ഞ് ഇടതൂർന്ന നീളൻ മുടിയുമായി സിനിമയിൽ കന്നിയങ്കം കുറിച്ച നടിയാണ് ഇഷാനി കൃഷ്ണ. ആദ്യ ചിത്രം വണ്ണിൽ കയ്യടക്കമുള്ള അഭിനയമായിരുന്നു ഇഷാനിയുടേത്. കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകളും അഹാനയുടെ രണ്ടാമത്തെ അനുജത്തിയുമാണ് ഇഷാനി. അഹാനയുമായി നല്ല രൂപസാദൃശ്യമുണ്ട് ഇഷാനിക്ക്. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയുടെ ചെറുപ്പത്തിലെ ഫോട്ടോകൾ കാണുമ്പോൾ ഇഷാനിയുമായി നല്ല സാദൃശ്യമുണ്ടെന്നാണ് ആരാധകർ പറയാറുള്ളത്.
സോഷ്യൽമീഡിയയിലും വളരെ സജീവമാണ് ഇഷാനി. യുട്യൂബ് ചാനലും ഇഷാനിക്കുണ്ട്. ആറ് ലക്ഷത്തിന് അടുത്താണ് ഇഷാനിയുടെ സബ്സ്ക്രൈബേഴ്സ്. ബ്യൂട്ടി, യാത്ര, ഡെയ്ലി വ്ലോഗുകളാണ് ഇഷാനി ഏറെയും പങ്കിടാറുള്ളത്. കൃഷ്ണകുമാറും കുടുംബവും ഇപ്പോൾ ലണ്ടനിൽ ക്രിസ്മസ് അവധി ആഘോഷത്തിലാണ്.

നാല് പെൺമക്കൾക്കും ഭാര്യയ്ക്കും ഒപ്പം ക്രിസ്മസ് ലണ്ടനിൽ അടിച്ചുപൊളിച്ചതിന്റെ ഫോട്ടോ കൃഷ്ണകുമാറും പങ്കിട്ടിരുന്നു. ലണ്ടനിലെ ക്രിസ്മസ് സെലിബ്രേഷന്റെയും അവധി ആഘോഷത്തിന്റെയും വീഡിയോ സിന്ധു കൃഷ്ണകുമാറും മക്കളും മാറി മാറി സ്വന്തം യുട്യൂബ് ചാനലിലൂടെ ആരാധകരിലേക്ക് എത്തിക്കുന്നുണ്ട്.
അത്തരത്തിൽ ഇഷാനി തനിക്ക് ലണ്ടനിൽ വെച്ചുണ്ടായ ദുരനുഭവത്തിന്റെ വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഇപ്പോൾ. തന്റെ ഏറ്റവും വിലപിടിപ്പുള്ള ഒരു ഫോൺ ലണ്ടനിൽ വെച്ച് മോഷണം പോയതിനെ കുറിച്ചാണ് പുതിയ വീഡിയോയിൽ ഇഷാനി പറഞ്ഞിരിക്കുന്നത്. തനിക്ക് ഇനി അത് തിരികെ കിട്ടാൻ സാധ്യതയില്ലെന്നും 2023ലുണ്ടായ വലിയൊരു നഷ്ടമാണ് അതെന്നും വീഡിയോയിൽ ഇഷാനി പറഞ്ഞു.
'എന്റെ ഫോൺ ലണ്ടനിൽ വെച്ച് മോഷണം പോയി. ഇത് സംഭവിച്ചിട്ട് അഞ്ച് ദിവസത്തോളമായി. പക്ഷെ അന്നൊന്നും ഇത് നിങ്ങളോട് പറയാനുള്ള മാനസീകാവസ്ഥയിൽ ആയിരുന്നില്ല ഞാൻ. പിന്നെ ഇപ്പോൾ ഈ വീഡിയോ പങ്കുവെക്കുന്നത് എന്നെങ്കിലും ആരെങ്കിലും ലണ്ടനിൽ വരികയാണെങ്കിൽ അവരുടെ അറിവിലേക്കായാണ്. മുൻകരുതൽ എന്ന രീതിയിലാണ്.'
'ലണ്ടനിലെ പോപ്പുലർ ഷോപ്പിങ് സ്ട്രീറ്റായ ഓക്സ്വേർഡ് സ്ട്രീറ്റിൽ വെച്ചാണ് മോഷണം നടന്നത്. അച്ഛൻ നമുക്കൊപ്പം ഇല്ലായിരുന്നു. അമ്മയും ഞങ്ങൾ നാലുപേരും എച്ച് ആന്റ് എമ്മിൽ ഷോപ്പിങിന് വന്നതായിരുന്നു. ഞാൻ അധികം ഷോപ്പ് ചെയ്തിരുന്നില്ല. ഹൻസുവും ഓസിയുമാണ് ഷോപ്പ് ചെയ്തത്. ഞാൻ അവിടെ ഒരു സ്ഥലത്ത് ഇരുന്ന് ഫോൺ നോക്കി. ശേഷം അടുത്ത് തന്നെയുള്ള മറ്റൊരു സ്ഥലത്തേക്ക് ഞങ്ങൾ പോയി.'

'അവിടം കുറച്ച് ക്രൗഡഡായിരുന്നു. സാധനങ്ങൾ ഷോപ്പ് ചെയ്തശേഷം അഹാന പറഞ്ഞത് അനുസരിച്ച് ബില്ല് പേ ചെയ്യാൻ കാർഡ് എടുക്കാൻ ഞാൻ പോയപ്പോഴാണ് ഫോൺ കയ്യിൽ ഇല്ലെന്ന് മനസിലായത്. എന്റെ പഴയ ഐഫോൺ മാത്രമാണ് ബാഗിൽ ഉണ്ടായിരുന്നത്. ശേഷം ഉടൻ തന്നെ എല്ലാവരുടെയും ബാഗിൽ തിരഞ്ഞു... പക്ഷെ കിട്ടിയില്ല. അപ്പോഴാണ് അവിടുത്തെ സെക്യൂരിറ്റി ഫോൺ മോഷണം പോകാനുള്ള സാധ്യത പറഞ്ഞത്.'
'ശേഷം ഞങ്ങൾ എന്റെ പഴയ ഐഫോണിലെ ആപ്പ് വഴി എന്റെ പുതിയ ഫോൺ എവിടെയാണെന്ന് കണ്ടെത്തി. ആപ്പിൽ നോക്കിയപ്പോൾ ഞങ്ങൾ നിൽക്കുന്ന സ്ഥലത്ത് നിന്നും ഒരുപാട് ദൂരെ എത്തി കഴിഞ്ഞു എന്റെ ഫോൺ. അതുകൊണ്ട് തന്നെ മോഷ്ടിക്കപ്പെട്ടതാണെന്ന് മനസിലായി. പോലീസിലൊക്കെ പരാതിപ്പെട്ടിരുന്നു ഞങ്ങൾ.'
'പിക്ക്പോക്കറ്റിങ് ലണ്ടനിൽ സർവസാധാരണമാണ്. അതുകൊണ്ട് തന്നെ അത്തരക്കാരെ പോലീസ് അധികം പിടികൂടാറില്ലെന്നാണ് അന്വേഷിച്ചപ്പോൾ അറിഞ്ഞത്. ഞാൻ എന്റെ കോട്ടിന്റെ പോക്കറ്റിൽ ഇട്ടതുകൊണ്ടാകാം ഈസിയായി ഫോൺ പോക്കറ്റടിക്കപ്പെട്ടത്. ഞാൻ എന്റെ ഫോൺ പോക്കറ്റിൽ സുക്ഷിച്ചതിൽ ഇപ്പോൾ ഖേദിക്കുന്നു. ഫോൺ നഷ്ടപ്പെട്ട ഉടൻ തന്നെ അമ്മ ബാങ്കിൽ ബന്ധപ്പെട്ട് പണം നഷ്ടപ്പെടാതിരിക്കാനുള്ള മുൻ കരുതലുകൾ സ്വീകരിച്ചിരുന്നു.'
'കാരണം എന്റെ ഗൂഗിൾ പെ അടക്കം എല്ലാം നഷ്ടപ്പെട്ട ഫോണിലാണ്. ഫോൺ മിസ്യൂസ് ചെയ്യപ്പെടുമോയെന്ന് ഭയന്ന് ഞാൻ എല്ലാ പാസ്വേഡുകളും മാറ്റി. ഞങ്ങൾ ഫോൺ ട്രാക്ക് ചെയ്തപ്പോൾ എവിടെയാണുള്ളതെന്ന് മനസിലായെങ്കിലും ഒന്നും ചെയ്യാൻ പറ്റിയില്ല. ലണ്ടനിൽ അതിനൊന്നും സാധ്യമല്ല. സിമ്മും ഞങ്ങൾ ഡി ആക്ടിവേറ്റ് ചെയ്തു', എന്നാണ് ഇഷാനി ലണ്ടനിലുണ്ടായ അനുഭവം പങ്കിട്ട് പറഞ്ഞത്. ശേഷം ലണ്ടനിൽ നിന്നും പുതിയൊരു ഐ ഫോൺ ഇഷാനി വാങ്ങി.


Click it and Unblock the Notifications