മകൻ ജീവിച്ചിരിക്കാൻ കാരണം സുരേഷ്‌ഗോപി; മണിയൻപിള്ള രാജു
ഹാസ്യകഥാപാത്രങ്ങൾക്ക് തന്റേതായ ഒരു രീതി സൃഷ്ടിച്ച് മലയാള സിനിമയിൽ സ്ഥാനം ഉറപ്പിച്ച നടനാണ് മണിയൻ പിള്ള രാജു. സിനിമയെയും കുടുംബത്തെയും ഒരുപോലെ സ്നേഹിക്കുന്ന താരത്തിന് രണ്ട് ആൺ മക്കളാണ് സച്ചിനും നിരഞ്ജനും.
തന്റെ മൂത്ത മകനായ സച്ചിൻ ഇന്ന് ജീവിച്ചിരിക്കുന്നതിന് കാരണക്കാരൻ സുരേഷ് ഗോപിയാണെന്ന് അടുത്തിടെ മണിയൻപിള്ള രാജു വ്യക്തമാക്കി.
ഒരു നീണ്ട ഇടവേളയ്ക്കു ശേഷം, താര സംഘടനയായ അമ്മ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയ സുരേഷ്‌ഗോപിയെ സ്വാഗതം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് മണിയൻപിള്ള രാജു ഇക്കാര്യം വ്യക്തമാക്കിയത്.

ഗുജറാത്തിൽ വിദൂരമായ ഒരു സ്ഥലത്ത് എണ്ണക്കമ്പനിയിൽ ജോലി ചെയ്യുന്ന മകൻ സച്ചിന് കോവിഡ് ബാധിക്കുകയും അത് ശ്വാസകോശത്തെ തകരാറിലാക്കുകയും ചെയ്തപ്പോൾ സഹായിക്കാൻ എത്തിയത് സുരേഷ്‌ഗോപി ആയിരുന്നു.
താൻ സഹായം ആവശ്യപ്പെട്ടപ്പോൾ നാല് എംപിമാരെയാണ് സുരേഷ്‌ഗോപി ബന്ധപ്പെട്ടതെന്നും വളരെ പെട്ടെന്നുതന്നെ അത്യാധുനിക സജ്ജീകരണങ്ങളുള്ള ആശുപത്രിയിൽ മകനെ അവർ എത്തിച്ചെന്നും മണിയൻപിള്ള രാജു പറഞ്ഞു.
‘ഒരു വര്‍ഷം മുമ്പാണ്. കോവിഡിന്റെ രണ്ടാം തരംഗം ശക്തി പ്രാപിച്ചുതുടങ്ങിയ സമയം. എന്റെ മൂത്ത മകന്‍ സച്ചിനും കോവിഡ് പിടിപെട്ടു.
അത് രൂക്ഷമായി അവനെ ബാധിക്കുകയും ചെയ്തു. ശ്വാസകോശം ചുരുങ്ങിപ്പോവുകയായിരുന്നു. ആരോഗ്യനില അത്യന്തം ഗുരുതരമായിരുന്നു.
ഗുജറാത്തില്‍നിന്ന് സന്ദേശം വരുമ്പോള്‍ സഹായത്തിന് ആരെ സമീപിക്കണമെന്ന് എനിക്കൊരു രൂപവുമുണ്ടായിരുന്നില്ല. പെട്ടെന്ന് സുരേഷ്‌ഗോപിയെ ഓര്‍ത്തു.
ഞാന്‍ അദ്ദേഹത്തെ വിളിച്ചു. കരച്ചിലോടെയാണ് ഞാന്‍ സുരേഷിനോട് കാര്യങ്ങള്‍ വിശദീകരിച്ചത്. വിശദാംശങ്ങള്‍ എല്ലാം ചോദിച്ചറിഞ്ഞശേഷം അദ്ദേഹം ഫോണ്‍വച്ചു. പിന്നീട് നടന്നതെല്ലാം അദ്ഭുതങ്ങളായിരുന്നു.

ഗുജറാത്തില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള ഒരു റിമോട്ട് സ്ഥലത്താണ് മകന്‍ ജോലി ചെയ്യുന്ന ഓയില്‍ കമ്പനി. അവിടെയുള്ള എംപിയെ സുരേഷ്‌ഗോപി ബന്ധപ്പെട്ടു.
ഒന്നല്ല നാല് എംപിമാരുടെ സഹായമാണ് അദ്ദേഹം തേടിയത്. അതിനുപിന്നാലെ അത്യാധുനിക സൗകര്യമുള്ള ആംബുലന്‍സ് എത്തി.
അഞ്ച് മണിക്കൂര്‍ യാത്ര ചെയ്താണ് മകനെയും കൊണ്ടവര്‍ രാജ്‌കോട്ടിലെ ഹോസ്പിറ്റലില്‍ എത്തിയത്. അവിടെ എല്ലാത്തിനും തയാറെടുത്ത് ഡോക്ടര്‍മാരും ആശുപത്രി അധികൃതരും കാത്തുനില്‍പ്പുണ്ടായിരുന്നു.
ഒരല്‍പം കൂടി വൈകിയിരുന്നെങ്കില്‍ മകനെ ജീവനോടെ തിരിച്ചുകിട്ടില്ല എന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്.
സുരേഷിന്റെ ഇടപെടൽ ഒന്നുകൊണ്ടു മാത്രമാണ് അവനെ കൃത്യസമയത്ത് ഹോസ്പിറ്റലില്‍ എത്തിക്കാനും ചികിത്സകള്‍ തുടരാനും കഴിഞ്ഞത്.
ഇന്നെന്റെ മകന്‍ ജീവിച്ചിരിക്കുന്നെങ്കില്‍ അതിന് കാരണക്കാരന്‍ സുരേഷ്‌ഗോപിയാണ്. സുരേഷിനെ എനിക്ക് ഒരിക്കലും മറക്കാനാകില്ല. അദ്ദേഹം എന്നും എന്റെ ഹൃദയത്തില്‍ ഉണ്ടാകും.' എന്നാണ് മണിയൻപിള്ള രാജു പറഞ്ഞത്
Recommended Video

20 വർഷങ്ങൾക്ക് ശേഷം അമ്മയിൽ എത്തിയ സുരേഷ്‌ഗോപിക്ക് ഊഷ്മളമായ സ്വീകരണമാണ് സഹപ്രവർത്തകർ നൽകിയത്.
അമ്മ യോഗത്തിനെത്തിയ അദ്ദേഹത്തിന്റെ ചിത്രങ്ങൾ വളരെ വേഗം വൈറലായി. ഈ അവസരത്തിൽ തന്നെ ടിനിടോം പറഞ്ഞ കാര്യവും ശ്രദ്ധേയമായിരുന്നു.
സുരേഷ് ഗോപിയുമായി എങ്ങനെ അടുത്തു എന്നതിനെ കുറിച്ചാണ് ടിനി ടോം പറഞ്ഞത്.
താൻ ഡിവൈൻ ശുശ്രൂഷ കേന്ദ്രത്തിൽ പോവാറുണ്ടെന്നും അവിടെ സ്ഫടികം ജോർജ് വാടകയ്ക്ക് താമസിക്കുന്നുണ്ടെന്ന് സുഹൃത്ത് പറഞ്ഞു.
കിഡ്നി ട്രാൻസ്പ്ലാന്റാണ് വേണ്ടത് എന്ന് മനസിലാക്കിയ താൻ ഇതെവിടെയെങ്കിലും എത്തിക്കണം എന്ന് വിചാരിച്ച് ഒരുപാട് സിനിമാക്കാരെ സമീപിച്ചെങ്കിലും എല്ലാരും കൈയ്യൊഴിയുകയായിരുന്നെന്നും പറഞ്ഞു.
'അങ്ങനെയിരിക്കെ സുരേഷ് ഗോപിയെ എയർപോർട്ടിൽ വച്ച് കണ്ടു. തുടർന്ന് അദ്ദേഹം സ്ഫടികം ജോർജിന്റെ നമ്പർ നൽകാൻ ആവശ്യപ്പെട്ടു.
വെറുതെ ആയിരിക്കുമെന്നാണ് ഞാൻ കരുതിയത്. പിന്നീട് കാര്യങ്ങളെല്ലാം പെട്ടെന്നായിരുന്നു നടന്നത്. അങ്ങനെയാണ് ജോർജേട്ടന്റെ ജീവൻ തിരിച്ചുകിട്ടിയത്.
അന്നുമുതൽ ഞാൻ അദ്ദേഹത്തിന്റെ ഫോളോവറാവുകയായിരുന്നു. പ്രതിഫലം കൃത്യമായി വാങ്ങാനും അത് ആളുകളെ സഹായിക്കാനും അദ്ദേഹം മുന്നിലുണ്ട്.
ഷൂട്ടിംഗിലൂടെയും ചാനലിലൂടെയുമൊക്കെയായി കിട്ടുന്ന പണം ചാരിറ്റിക്കായി ഉപയോഗിക്കാനുള്ള മനസ് അത് വളരെ വലിയതാണ്.' ടിനിടോം പറഞ്ഞു.


Click it and Unblock the Notifications











