ദേശീയ പുരസ്കാരം നേടിയ താരം, ഒരു വർഷത്തെ ദാമ്പത്യം, വ്യഭിചാര കുറ്റത്തിന് അറസ്റ്റ്; ശ്വേതയ്ക്ക് സംഭവിച്ചത്!
ശ്വേത ബസു പ്രസാദ് എന്ന പേര് കേട്ടാൽ മലയാളം, തമിഴ് സിനിമാപ്രേമികൾക്ക് ആളെ മനസിലാകണമെന്നില്ല. ഇത് ഞങ്ങളുടെ ലോകം എന്ന സിനിമയിലെ നായികയായ നടിയെന്ന് പറഞ്ഞാൽ നയന്റീസ് കിഡ്സിന്റെ മനസിലേക്ക് ശ്വേതയുടെ മുഖം തെളിഞ്ഞ് വരും. മൊഴിമാറ്റി എത്തിയ സിനിമയായിരുന്നിട്ട് കൂടി ഇത് ഞങ്ങളുടെ ലോകം മലയാളികൾക്ക് ഇടയിൽ ഹിറ്റായിരുന്നു. പ്രത്യേകിച്ച് ചിത്രത്തിലെ പാട്ടുകൾ.
മലയാളം ഡബ്ബിങ് വേർഷനിൽ സിജു തുറവൂർ എഴുതി വിനീത് ശ്രീനിവാസൻ പാടിയ നിനക്കായ് സ്നേഹത്തിൻ എന്ന ഗാനം എത്ര കേട്ടാലും മതിവരില്ല. ശ്വേതയ്ക്കൊപ്പം ഈ സിനിമയിൽ നായകനായി എത്തിയത് തെലുങ്ക് നടൻ വരുൺ സന്ദേശാണ്. ഇരുവരുടെയും കെമിസ്ട്രി നന്നായി വർക്ക് ഔട്ടായ സിനിമയായിരുന്നു ഇത് ഞങ്ങളുടെ ലോകം.

പ്രണയം, പക്വത കുറവ്, ബ്രേക്കപ്പ്, ഒത്തുചേരൽ എല്ലാം പ്രമേയമായ സിനിമ വർഷങ്ങൾക്ക് മുമ്പ് യൂത്ത് ആഘോഷമാക്കിയ സിനിമ കൂടിയായിരുന്നു. ബാലതാരമായി സിനിമയിലേക്ക് എത്തിയ നടിയാണ് ശ്വേത ബസു പ്രസാദ്. ഇത് ഞങ്ങളുടെ ലോകം എന്ന സിനിമ ചെയ്യും മുമ്പ് നായികയായി ഏക് നദീർ ഗൽപോ എന്നൊരു സിനിമയിലും ശ്വേത നായിക വേഷം ചെയ്തിരുന്നു.
പക്ഷെ സിനിമ അത്രത്തോളം ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീടാണ് ഇത് ഞങ്ങളുടെ ലോകത്തിലേക്ക് നടിക്ക് ക്ഷണം ലഭിക്കുന്നത്. സിനിമ ഹിറ്റായതോടെ നായികയ്ക്കും താരറാണി പദവിയായിരുന്നു. പിന്നീട് കൈ നിറയെ സിനികളും മറ്റ് പ്രോഗ്രാമുകളുമായി തിരക്ക് നിറഞ്ഞ ജീവിതമായിരുന്നു നടിക്ക്. 2002ൽ മക്ദീ എന്ന സിനിമയിലെ പ്രകടനത്തിലൂടെയാണ് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം ശ്വേത നേടിയത്.
സിനിമയിലേക്ക് എത്തുന്നവരെല്ലാം വലിയ പ്രതീക്ഷകളോടെയാണ് യാത്ര ആരംഭിക്കുന്നത്. എന്നിരുന്നാലും വളരെ കുറച്ച് ആളുകൾക്ക് മാത്രമേ ഈ ഗ്ലാമറസ് ലോകത്ത് വിജയിക്കാൻ കഴിയാറുള്ളു. കഠിനാധ്വാനത്തിന് ഒപ്പം ഭാഗ്യം കൂടി ചേർന്നാൽ മാത്രമെ സിനിമയിൽ ഭാവിയുണ്ടാകൂ. അത്തരത്തിൽ കഴിവും ഭാഗ്യവും ആവോളം ശ്വേതയ്ക്കുണ്ടായിരുന്നു.
പക്ഷെ ഒരു രാത്രികൊണ്ട് നടിയുടെ കരിയർ തകർന്ന് ഇല്ലാതായി. അതിന് കാരണം നടിയുടെ മേൽ അപ്രതീക്ഷിതമായി വന്ന കേസായിരുന്നു. 2014ൽ നടി വ്യഭിചാര കുറ്റത്തിന് ഹൈദരാബാദിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടതോടെയാണ് വിവാദങ്ങളുടെ തുടക്കം. ഹോട്ടലിൽ നിന്നും പിടിക്കപ്പെടുകയും അത് വലിയ വാർത്തയായി മാറുകയുമായിരുന്നു. ശ്വേതയുടെ കരിയറിനെ കേസ് സാരമായി ബാധിച്ചു. പേരിന് തന്നെ കളങ്കമായി.

ആരോപണങ്ങളിൽ നിന്നും മുക്തയായിതിരികെ വന്നെങ്കിലും പഴയ സ്റ്റാർഡം വീണ്ടെടുക്കാനായില്ല. വിവാദത്തെത്തുടർന്ന് നടിക്ക് സിനിമാ ഓഫറുകൾ ലഭിക്കുന്നത് നിലച്ചു. പിന്നീട് രണ്ട് വർഷത്തിനുശേഷം ശ്വേത മിനിസ്ക്രീനിലൂടെ വീണ്ടും അഭിനയത്തിലേക്ക് തിരിച്ച് വന്നു. ചന്ദ്ര നന്ദിനി എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടായിരുന്നു തിരിച്ചുവരവ്.
ശേഷം 2017ൽ വരുൺ ധവാനും ആലിയ ഭട്ടും അഭിനയിച്ച ബദ്രിനാഥ് കി ദുൽഹാനിയയിലും നടി ശ്രദ്ധേയ വേഷം അഭിനയിച്ചു. ഇപ്പോൾ വെബ് സീരിസുകളിലും മിനിസ്ക്രീൻ ഷോകളിലുമാണ് ശ്വേത തിളങ്ങുന്നത്. കേസും വിവാദവും കെട്ടടങ്ങിയശേഷം ശ്വേത വിവാഹിതയായിരുന്നു. നടിയുടെ ദീർഘകാല സുഹൃത്തും ചലച്ചിത്ര പ്രവർത്തകനുമായ രോഹിത്ത് മിത്തലയാണ് ശ്വേതയെ വിവാഹം ചെയ്തത്.
ബംഗാളി ആചാരപ്രകാരം പൂനെയിൽ നടന്ന വിവാഹത്തിന്റെ ഫോട്ടോകൾ അന്ന് വൈറലായിരുന്നു. പക്ഷെ ഒരു വർഷം മാത്രമെ ആ ദാമ്പത്യം നീണ്ടുനിന്നുള്ളു ഇരുവരും വിവാഹമോചിതരായി. മുപ്പത്തിയാറുകാരിയായ ശ്വേത സോഷ്യൽമീഡിയയിൽ സജീവമാണ്. കരിയറിനാണ് മറ്റെന്തിനേക്കാളും നടി ഇന്ന് പ്രാധാന്യം നൽകുന്നത്.


Click it and Unblock the Notifications