'വിവാഹം കഴിഞ്ഞ് ഒരിക്കലും മാതാപിതാക്കൾക്കൊപ്പം താമസിക്കരുത്, താലികെട്ടേണ്ടെന്ന് ആദ്യം തീരുമാനിച്ചിരുന്നു'
ഒരു മെക്‌സിക്കന്‍ അപാരത അടക്കമുള്ള സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് വിഷ്ണു ഗോവിന്ദൻ. മുപ്പത്തിയഞ്ചുകാരനായ താരം ആറ് മാസം മുമ്പാണ് വിവാഹിതനായത്. അഞ്ജലി ജി ആണ് വിഷ്ണുവിന്റെ പങ്കാളി. മൂന്ന് വർഷത്തെ പ്രണയത്തിനുശേഷം വിവാഹിതരായ ഇരുവരും വലിയ ആർഭാടമൊന്നുമില്ലാതെ ഒരു രജിസ്ട്രാർ ഓഫീസിൽ വെച്ച് ഒരു ഒപ്പിൽ ചടങ്ങ് അവസാനിപ്പിച്ചു. ആഘോഷവും ആർഭാടവും വേണ്ടെന്ന് ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു.
ആ വിവാഹ വീഡിയോയും വൈറലായിരുന്നു. വിവാഹത്തിന് താലികെട്ട് ചടങ്ങ് പോലും ഉണ്ടായിരുന്നില്ല. ഇപ്പോഴിത പ്രണയം, വിവാഹം എന്നിവയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം സിനിമ ദി ക്യുവിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് വിഷ്ണു. മൂന്ന് വർഷത്തെ പ്രണയത്തിനുശേഷമായിരുന്നു വിവാഹം.

അന്നത്തെ പോലെ തന്നെയാണ് വിവാഹശേഷവും ഞങ്ങൾ ജീവിക്കുന്നത്. യാത്ര, സിനിമ, കുക്കിങ് എല്ലാമുണ്ട്. വൈബ് മാച്ചാകുന്നുവെന്ന് തോന്നിയപ്പോഴാണ് വിവാഹത്തിലേക്ക് എത്തിയത്. കല്യാണം വേണ്ട... പ്രോപ്പറായിട്ടുള്ള പാട്നറെ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ് എന്നൊക്കെ വിചാരിച്ച് വിവാഹമെ വേണ്ടെന്ന് തീരുമാനിച്ച സമയത്താണ് ഞങ്ങൾ കണ്ടുമുട്ടിയത്. പിന്നീട് എവിടെയൊക്കയോ സ്പാർക്ക് തോന്നിയപ്പോൾ ഞാൻ തന്നെയാണ് ആദ്യം പ്രണയം അഞ്ജലിയോട് പറഞ്ഞത്.
എനിക്ക് തോന്നിയ അതേ തോന്നൽ അവൾക്കും ഉണ്ടായിയെന്ന് അവൾ പറഞ്ഞു. മുപ്പത്തിരണ്ട് വയസിലാണ് ഞങ്ങൾ കണ്ടുമുട്ടിയത്. മുമ്പ് പ്രണയിച്ചതിൽ നിന്നും കിട്ടിയ ധാരണ വെച്ചാണ് ഞങ്ങൾ പ്രണയിച്ചത്. ഒരുപാട് യാത്രകൾ ചെയ്തിട്ടാണ് ഞങ്ങൾ പരസ്പരം മനസിലാക്കിയത്. മൂന്ന് വർഷം കൊണ്ട് രണ്ടുപേരും നന്നായി പരസ്പരം മനസിലാക്കി.
ഞങ്ങളുടേത് രജിസ്റ്റർ വിവാഹമായിരുന്നു. വീട്ടുകാർക്ക് വേണ്ടിയാണ് വിവാഹം കഴിച്ചത്. താലികെട്ടേണ്ടെന്ന് ആദ്യം തീരുമാനിച്ചിരുന്നു. അതുപോലെ വിവാഹം കഴിഞ്ഞശേഷം എന്റെ വീട്ടിലോ അവളുടെ വീട്ടിലോ താമസിക്കില്ലെന്നും തീരുമാനിച്ചിരുന്നു. അതുകൊണ്ട് തന്നെ വേറൊരു വീട് എടുത്താണ് താമസം. കാരണം കുടുംബത്തിന് വേണ്ടിയല്ലല്ലോ നമ്മൾ വിവാഹിതരാകുന്നത്. എന്റെ വീട് എന്റെ കംഫേർട്ട് സോണാണ്. അവിടേക്കാണ് ഞാൻ ഭാര്യയെ കൊണ്ടുവരുന്നത്.
ഭാര്യയുടെ വീട്ടിൽ പോയി നിൽക്കുമ്പോൾ എനിക്കുണ്ടാകുന്ന അതേ ഉൾക്കുത്ത് എന്റെ വീട്ടിൽ വന്ന് നിൽക്കുമ്പോൾ ഭാര്യയ്ക്കുമുണ്ടാകും. സൊസൈറ്റിയുടെ ചില ചട്ടങ്ങൾ കാരണമാണ് പെണ്ണ് ഫോഴ്സ്ഡായി ഭർത്താവിന്റെ വീട്ടിൽ പോയി നിൽക്കുന്നത്. ഒറ്റയ്ക്ക് മാറി താമസിച്ചാൽ ഫുഡ് ഉണ്ടാക്കുന്നത് മുതൽ എല്ലാ കാര്യങ്ങളും ഭാര്യയും ഭർത്താവും ഒരുമിച്ച് ചെയ്യണം.

വഴക്ക് ഉണ്ടാക്കിയാൽ പോലും ഒരു മുറിയിൽ കിടന്നുറങ്ങിയും സംസാരിച്ചും അത് പരിഹരിക്കാൻ പറ്റും. മാതാപിതാക്കൾ കേൾക്കുമെന്ന് കരുതി മറച്ച് പിടിക്കേണ്ട ആവശ്യം വരില്ല. വിവാഹം കഴിഞ്ഞ് ഒരിക്കലും മാതാപിതാക്കൾക്കൊപ്പം നമ്മുടെ വീട്ടിൽ താമസിക്കരുതെന്ന് എല്ലാവരോടും ഞാൻ പറയാറുണ്ട്. അത് മാതാപിതാക്കൾ മോശക്കാരയതുകൊണ്ടല്ല. അത് നമുക്ക് തന്നെ നമ്മൾ ചെയ്യുന്ന ഗുണമാണ്. കുട്ടിയുണ്ടായാലും രണ്ടുപേരും ഒരുമിച്ച് നോക്കണം. വളർത്തണം.
സ്ത്രീധനവും സ്വർണ്ണവും എല്ലാം കട്ട് ചെയ്താണ് ഞങ്ങൾ വിവാഹിതരായത്. വിവാഹത്തിന് താലികെട്ടൽ വേണമെന്നത് അഞ്ജലിയുടെ അമ്മയുടെ ആഗ്രഹമായിരുന്നു. ജാതകത്തിൽ വരെ വിശ്വാസമുള്ള അമ്പലവാസി അമ്മ ഞങ്ങൾക്ക് വേണ്ടി അതെല്ലാം മാറ്റിവെച്ചു. അതുകൊണ്ടാണ് അമ്മയ്ക്ക് വേണ്ടി താലികെട്ട് ചടങ്ങ് റിസപ്ഷനോടൊപ്പം നടത്തിയതെന്നും വിഷ്ണു പറഞ്ഞു.
മുത്തച്ഛന്റെ പേരാണ് വിഷ്ണുവിന്റെ പേരിനൊപ്പമുള്ള ഗോവിന്ദൻ. അച്ഛന്റെ പേര് ശശികുമാർ എന്നാണ്. റെക്കോഡിക്കൽ പേര് അതുകൊണ്ട് തന്നെ വിഷ്ണു എസ് എന്നാണ്. മുത്തച്ഛൻ സിനിമ കാണുന്നയാളാണ്. ഞങ്ങൾ സിനിമയെ കുറിച്ച് ഒരുപാട് സംസാരിക്കുമായിരുന്നു. ഞാൻ സിനിമയിലെത്തും മുമ്പ് അദ്ദേഹം മരിച്ചു അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായി പേര് ഒപ്പം ചേർത്തു. നാടകം വഴിയാണ് സിനിമയിലേക്ക് എത്തിയത്. ഇയ്യോബിന്റെ പുസ്തകമാണ് ആദ്യ സിനിമയെന്നും വിഷ്ണു പറയുന്നു.


Click it and Unblock the Notifications











