അമ്മയ്ക്ക് അവളെ വലിയ ഇഷ്ടമായിരുന്നു; രമയെ പെണ്ണ് കാണാൻ പോയപ്പോൾ...; ഭാര്യയെക്കുറിച്ച് ജഗദീഷ്
മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് ജഗദീഷ്. കോമഡി താരമായും നായകനായും സഹനടനായുമെല്ലാം ബിഗ് സ്ക്രീനിൽ എത്തിയ ജഗദീഷ് നിരവധി ഹിറ്റ് സിനിമകളിൽ മലയാളത്തിന് സമ്മാനിച്ചു. കാപ്പയാണ് ജഗദീഷിന്റെ ഏറ്റവും പുതിയ സിനിമ. ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമയിൽ വ്യത്യസ്തമായ വേഷമാണ് ജഗദീഷ് ചെയ്യുന്നത്. അടുത്തിടെയാണ് ജഗദീഷിന്റെ ഭാര്യ ഡോ പി രമ മരിക്കുന്നത്. കേരളത്തിലെ അറിയപ്പെടുന്ന ഫോറൻസിക് സർജൻ ആയിരുന്നു രമ.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഫോറൻസിക് വിഭാഗം മേധാവി ആയിരുന്നു ഡോ പി രമ. നടൻ ജഗദീഷിന്റെ ഭാര്യ എന്നതിലുപരി തന്റെ സ്വന്തം കരിയറിൽ പേരെടുത്ത ആളാണ് പി രമ. ഭാര്യയുടെ പ്രൊഫഷണലിസത്തെക്കുറിച്ചും കുടുംബത്തോടുള്ള സ്നേഹത്തെക്കുറിച്ചും ജഗദീഷ് സംസാരിച്ചിട്ടുണ്ട്.
ഒരു ഗൃഹനാഥന്റെ സ്ഥാനത്ത് നിന്ന് വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയ ആളാണ് രമയെന്ന് ജഗദീഷ് നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഭാര്യയെ പറ്റി ജഗദീഷ് ഫ്ലവേഴ്സ് ഒരു കോടിയിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. രമയെ പെണ്ണ് കാണാൻ പോയതിനെക്കുറിച്ചാണ് ജഗദീഷ് സംസാരിച്ചത്. ആഡംബരമില്ലാത്ത ജീവമാണ് രമ നയിച്ചിരുന്നതെന്ന് ജഗദീഷ് പറയുന്നു.

പെണ്ണുകാണാൻ പോയപ്പോൾ അമ്മായി അമ്മ രണ്ട് പേരെയും ചേർത്ത് നിർത്തി ഉയരം നോക്കി. എന്റെ അമ്മയും വളരെ സ്നേഹമുള്ള സ്ത്രീ ആയിരുന്നു. അമ്മയ്ക്കും വളരെ ഇഷ്ടപ്പെട്ടു രമയെ. എന്റെ ചേച്ചി സയൻസ് ടീച്ചർ ആയിരുന്നു എന്റെ അളിയനും അധ്യാപകനാണ്. രമയുടെ അമ്മ ചീഫ് എക്സാമിൻഡ് ആയിരുന്നു. അവർ പേപ്പർ വാല്യു ചെയ്ത് വീട്ടിൽ കാെണ്ടു കൊടുത്തപ്പോൾ വീടിന്റെ മുറ്റത്ത് തേങ്ങ പൊതിക്കുന്ന ഒരു പെൺകുട്ടിയെ കാണുന്നു.

'മകളാണെന്ന് പറഞ്ഞപ്പോൾ എന്ത് ചെയ്യുന്നു എന്ന് ചോദിച്ചു. എംബിബിഎസിന് പഠിക്കുകയാണെന്ന് പറഞ്ഞു. കർഷക കുടുംബമൊക്കെ ആയത് കൊണ്ട് വീട്ടു ജോലിയൊക്കെ ചെയ്യുന്നു. അങ്ങനെ വന്ന പ്രൊപ്പോസൽ ആണ്. അന്ന് തൊട്ടേ വളരെ ഡൗൺ ടു എർത്ത് ആണ്. ഒരിക്കലും ആഡംബരം കാണിച്ചിട്ടില്ല'

'എന്റെ കൂടെ ഫംങ്ഷന് വരാനൊന്നും താൽപര്യം കാണിച്ചിരുന്നില്ല. എന്റെ കൂടെ മൂന്ന് വിദേശ യാത്ര മാത്രമേ നടത്തിയിട്ടുള്ളൂ. ഒന്ന് എനിക്കൊരു അവാർഡ് കിട്ടിയപ്പോൾ ഞാൻ നിർബന്ധിച്ച് കൊണ്ട് പോയി. പിന്നീട് ഇന്നസെന്റ് ചേട്ടൻ, നെടുമുടി വേണു ചേട്ടൻ, ശ്രീനിയേട്ടൻ എന്നിവരെല്ലാം കൂടി ഫാമിലി ട്രിപ്പ് പോവാം എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു രമ വരില്ലെന്ന്. നീ ഒന്ന് വിളിച്ച് നോക്കെന്ന് ഇന്നസെന്റ് ചേട്ടൻ പറഞ്ഞു. ഞാൻ വിളിച്ചപ്പോൾ എപ്പോഴാണെന്ന് ചോദിച്ചു'

'മെയ് മാസത്തിൽ ആണെന്ന് പറഞ്ഞപ്പോൾ പോവാം എന്ന് പറഞ്ഞു. കാരണം കുട്ടികളുടെ വെക്കേഷൻ ആണ്. അതല്ലാതെ സൗത്ത് ആഫ്രിക്കയിലേക്ക് വൈൽഡ് ലൈഫ് ട്രിപ്പും പോയി. എനിക്ക് അഭിമാനം തോന്നിയ കാര്യമെന്തെന്നാൽ രമ വിട്ടു പിരിഞ്ഞ വാർത്ത പത്രത്തിൽ വന്നത് ജഗദീഷിന്റെ ഭാര്യ എന്ന നിലയ്ക്കല്ല. ഡോ രമ എന്നാണ്,' ജഗദീഷ് പറയുന്നു.
ഭാര്യയെക്കുറിച്ച് അഭിമാനത്തോടെ സംസാരിക്കുന്ന ജഗദീഷിന്റെ വാക്കുകൾ ഇതിനകം വലിയ ജനശ്രദ്ധ നേടിയിട്ടുണ്ട്.


Click it and Unblock the Notifications