അപമാനിച്ച ആളെ തിരിച്ച് അപമാനിച്ചില്ല, ഫ്രണ്ട്ഷിപ്പിന്റെ ആഴം; ജഗദീഷിനെ നായയോട് ഉപമിച്ച ജയറാം, ചർച്ചകൾ ഇങ്ങനെ!
ഒട്ടനവധി സിനിമകളിൽ സഹോദരങ്ങളായും കൂട്ടുകാരായും ശത്രുക്കളായുമെല്ലാം ഒരുമിച്ച് അഭിനയിച്ചിട്ടുള്ളവരാണ് ജയറാമും ജഗദീഷും. ഇരുവരും ഒരുമിച്ച് നിരവധി ഹിറ്റ് സിനിമകളും ഇപ്പോഴും റിപ്പീറ്റ് വാല്യുവോടെ കാണുന്ന കോമഡി, സെന്റി സീനുകളും സമ്മാനിച്ചിട്ടുണ്ട്. അവസാനമായി രണ്ടുപേരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത് ഓസ്ലറിലാണ്. സ്റ്റേജ് കൈകാര്യം ചെയ്യാൻ രണ്ടുപേർക്കും അപാര കഴിവാണ്. അവിടെ സൂപ്പർസ്റ്റാറുകൾ പോലും ഒന്ന് മാറി നിൽക്കും.
തമിഴിൽ വരെ പോയി ഒരു വലിയ ജനക്കൂട്ടത്തെ പത്ത് മിനിട്ട് മാത്രം ദൈർഘ്യമുള്ള പ്രസംഗത്തിലൂടെ ജയറാം കയ്യിലെടുത്തിട്ടുണ്ട്. അഭിനയം മാത്രമല്ല അധ്യാപകനായിരുന്നതുകൊണ്ട് അവതാരകൻ റോളിലും ജഗദീഷ് തിളങ്ങാറുണ്ട്. ഇപ്പോഴിതാ പ്രിയ സുഹൃത്ത് ജയറാമിനൊപ്പമുള്ള ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ജഗദീഷ്.

കുറച്ച് നാളുകൾക്ക് മുമ്പ് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ ജയറാമിനെ ഓർക്കുമ്പോൾ മനസിൽ പെട്ടന്ന് വരുന്നൊരു ഓർമ പങ്കുവക്കാൻ അവതാരക ജഗദീഷിനോട് ആവശ്യപ്പെട്ടത്. രസകരമായ ഒരു കഥയാണ് നടൻ പങ്കുവെച്ചത്. ഒരു ഡോഗ് ഷോയ്ക്ക് ഗസ്റ്റായി ജയറാമിനെ വിളിച്ചു. അന്ന് ബെഹ്റ സാറായിരുന്നു ഇവിടുത്തെ കമ്മീഷണർ.
ജയറാമിനേയും എന്നേയും കൂടിയാണ് വിളിച്ചത്. ഗസ്റ്റായി ചെല്ലാമെന്ന് ഉറപ്പ് കൊടുത്തപ്പോൾ ജയറാം സംഘാടകരോട് ഏറ്റിരുന്നു ഡോഗ്സിൽ ഏതെങ്കിലും ഒരു സ്പെഷ്യൽ ബ്രീഡിനെ കൊണ്ടുവരാമെന്ന്. ജയറാമിനും ഇക്കാര്യങ്ങളെല്ലാം ഭയങ്കര താൽപര്യമാണ്. പക്ഷെ അന്ന് ജയറാം കൊണ്ടുവന്നില്ല. ശേഷം പരിപാടിയിൽ പങ്കെടുത്ത് ജയറാം പ്രസംഗിച്ചു... എനിക്ക് വാക്ക് പാലിക്കാൻ പറ്റിയില്ല. അതിന് പകരമാണ് ഞാൻ ജഗദീഷിനെ കൊണ്ടുവന്നതെന്ന്.
അതിന് മറുപടിയായി ഞാൻ പറഞ്ഞു... ജയറാം പറഞ്ഞത് ശരിയാണ്... ഇങ്ങനെ പ്രസംഗിച്ചാൽ ഒരു ചിരി കിട്ടുമെന്ന് പറഞ്ഞ് കൊടുത്തത് ഞാനാണെന്ന് പറഞ്ഞു എന്നാണ് ജഗദീഷ് പറഞ്ഞത്. നടന്റെ വാക്കുകൾ അതിവേഗത്തിൽ വൈറലായി. ഇരുവരുടേയും സൗഹൃദവും സുഹൃത്തിനെ തിരിച്ച് വേദനിപ്പിക്കാതെ സരസമായി മറുപടി നൽകാൻ ജഗദീഷ് ശ്രമിച്ചതിനേയും പ്രശംസിച്ചാണ് കമന്റുകൾ. അപമാനിച്ച ആളെ തിരിച്ച് അപമാനിച്ചില്ല.
വ്യക്തിത്വം എത്രത്തോളം മനോഹരമായി സൂക്ഷിക്കുന്നുവെന്നത് അതിൽ നിന്ന് തന്നെ വ്യക്തം. ഫ്രണ്ട്ഷിപ്പിന്റെ ആഴം ജഗദീഷിന്റെ കാലഘട്ടത്തിലുള്ള നടന്മാരിൽ നിന്നും അഭിനേതാക്കളിൽ നിന്നും യുവതലമുറയിലെ താരങ്ങൾ കണ്ട് പഠിക്കണം എന്നിങ്ങനെയാണ് കമന്റുകൾ. അമ്മ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്ത് ജഗദീഷ് വന്നിരുന്നുവെങ്കിൽ സംഘടനയിൽ നല്ല മാറ്റങ്ങൾ സംഭവിക്കുമായിരുന്നുവെന്നും കമന്റുകളുണ്ട്.

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ അധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ജഗദീഷും പത്രിക സമർപ്പിച്ചിരുന്നു. പിന്നീട് നടൻ പത്രിക പിൻവലിച്ചു. സംഘടനയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രസിഡന്റ് സ്ഥാനത്തേക്ക് വരാന്‍ സന്നദ്ധത പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് ജഗദീഷ് പിന്മാറിയത്.
ശ്വേത മേനോനാണ് സംഘടനയുടെ പുതിയ പ്രസിഡന്റ്. സ്ഥാനമാനങ്ങൾ ഇല്ലെങ്കിലും സംഘടനയ്ക്കൊപ്പം നിന്ന് പ്രവർത്തിക്കാൻ തന്നെയാണ് ജഗദീഷിന്റെ തീരുമാനം. എഴുപതുകൾ പിന്നിട്ട ജഗദീഷ് ഇല്ലാത്ത മലയാള സിനിമകൾ ഇപ്പോൾ കുറവാണ്. ഇമേജ് ഭയമില്ലാതെ എല്ലാ കഥാപാത്രങ്ങളും ചെയ്യാൻ ജഗദീഷിന് കഴിയാറുണ്ട്. ഒരു തരത്തിൽ പറഞ്ഞാൽ ജയറാമിനേക്കാൾ തിരക്കുള്ള നടനാണ് താരം.
ഓസ്ലറിനുശേഷം തമിഴിലും തെലുങ്കിലുമാണ് ജയറാം സജീവം. നല്ല സിനിമകൾ വന്നാൽ മാത്രമെ മലയാളത്തിൽ അഭിനയിക്കൂവെന്ന നിലപാടിലാണ് താരം. ഓഫീസർ ഓൺ ഡ്യൂട്ടി, പരിവാർ, ആഭ്യന്തര കുറ്റവാളി, ധീരൻ തുടങ്ങിയവയാണ് അവസാനം റിലീസ് ചെയ്ത ജഗദീഷിന്റെ സിനിമകൾ. ദേവദത്ത് ഷാജിയാണ് ധീരൻ സംവിധാനം ചെയ്തത്.


Click it and Unblock the Notifications











