'നമ്മുടെ സുരേഷല്ലേ...'; അവശതയിലും ഭാഗ്യയുടെ വിവാഹസൽക്കാരത്തിന് വീൽചെയറിലെത്തി ജഗതി ശ്രീകുമാറും കുടുംബവും!
മകൾ ഭാഗ്യയുടെ താലികെട്ട് ചടങ്ങിന് ഗുരുവായൂരും ഒന്നാം വിവാഹസൽക്കാരത്തിന് കൊച്ചിയിലും എത്താൻ സാധിക്കാതെ പോയ പ്രിയപ്പെട്ടവർക്ക് വേണ്ടിയാണ് സുരേഷ് ഗോപി തിരുവനന്തപുരത്ത് ഒരു വിവാഹസൽക്കാരം കൂടി സംഘടിപ്പിച്ചത്. മോഹൻലാൽ ഗുരുവായൂരിലെ ചടങ്ങിൽ പങ്കെടുത്തിരുന്നുവെങ്കിലും തിരുവനന്തപുരത്തെ ഫങ്ഷനിലും വന്ന് നവദമ്പതികളെ അനുഗ്രഹിച്ചു.
പ്രിയദർശൻ മകൾ കല്യാണി പ്രിയദർശൻ, അഹാന കൃഷ്ണയും കുടുംബവും, ശശി തരൂർ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ദിലീപ്, നാദിർഷ, ജയറാം തുടങ്ങി സിനിമാ താരങ്ങളും നിരവധി സീരിയൽ മിനിസ്ക്രീൻ താരങ്ങളും തിരുവനന്തപുരത്തെ വിവാഹസൽക്കാരത്തിൽ പങ്കെടുക്കാനാണ് എത്തിയത്. തിരുവനന്തപുരത്തെ സൽക്കാരത്തിൽ നിരവധി പേർ പങ്കെടുത്തുവെങ്കിലും കാഴ്ചക്കാരുടെ കണ്ണും മനസും നിറഞ്ഞത് നടൻ ജഗതി ശ്രീകുമാർ അവശതയിലും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ്.

വീൽചെയറിൽ താരത്തെ ഇരുത്തി കുടുംബമാണ് പരിപാടിയിലേക്ക് കൊണ്ടുവന്നത്. സൽക്കാരത്തിൽ പങ്കെടുത്ത് ഭാഗ്യയേയും വരൻ ശ്രേയസിനെയും അനുഗ്രഹിക്കുക മാത്രമല്ല ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരോടെല്ലാം കൈ വീശി കാണിക്കുകയും ചെയ്തു മലയാളത്തിന്റെ അമ്പിളികല. അപകടത്തിനുശേഷം ഇത്രയേറെ ആളുകൾ കൂടുന്ന വിവാഹ ചടങ്ങുകളിലൊന്നും ജഗതി ശ്രീകുമാർ ഇതുവരെയും പ്രത്യക്ഷപ്പെട്ടിട്ടില്ല.
ഇടയ്ക്ക് ചില പൊതുപരിപാടികളിൽ കുറച്ച് സമയം തന്റെ കുടുംബത്തോടൊപ്പം വന്ന് പോയി എന്നല്ലാതെ വേറൊരു പൊതു ചടങ്ങുകളിലും ജഗതി ശ്രീകുമാറിന്റെ സാന്നിധ്യം അപകടത്തിനുശേഷം ഉണ്ടായിട്ടില്ല. ഒട്ടുമിക്ക സിനിമാക്കാർക്കും തങ്ങളുടെ കുടുംബാംഗത്തെ പോലെയാണ് സുരേഷ് ഗോപി.
ആ ആത്മബന്ധം ആയിരിക്കാം അവശതയിലും വിവാഹസൽക്കാരത്തിന് എത്താൻ ജഗതിയെ പ്രേരിപ്പിച്ചത്. വീണ്ടും സിനിമാ സുഹൃത്തുക്കൾ ഒത്തുചേർന്നിടത്ത് ജഗതി ശ്രീകുമാറിനെയും കാണാൻ സാധിച്ചത് ആരാധകരെയും സന്തോഷത്തിലാക്കി. ജഗതിക്കൊപ്പം ഭാര്യയും രണ്ട് മക്കളും അവരുടെ കുടുംബവുമുണ്ടായിരുന്നു. കുറച്ച് സമയം സുരേഷ് ഗോപിയുടെ കുടുംബത്തോടൊപ്പം ചിലവഴിച്ചിട്ടാണ് ജഗതി ശ്രീകുമാറും കുടുംബവും മടങ്ങിയത്.
സുരേഷ് ഗോപിക്കൊപ്പം നിരവധി സിനിമകളിൽ വന്ന് വിസ്മയിപ്പിച്ചിട്ടുണ്ട് ജഗതി. ദി കിങ് ആന്റ് ദി കമ്മീഷണറിലാണ് ജഗതിയും സുരേഷ് ഗോപിയും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. അപകടത്തിനുശേഷം ജഗതി അഭിനയത്തിൽ നിന്നും പൂർണമായി വിട്ടുനിൽക്കുകയാണ്. എഴുപത്തിമൂന്നുകാരനായ താരം പഴയതുപോലെ ഊർജസ്വലനായി സിനിമയിലേക്ക് വരുന്നതും കാത്താണ് പ്രേക്ഷകരും ഇരിക്കുന്നത്.

2012 മാർച്ച് 10 ന് ദേശീയ പാതയിൽ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്തിനടുത്തുള്ള പാണാമ്പ്രവളവിൽ വെച്ചുണ്ടായ വാഹനാപകടത്തിലാണ് ജഗതി ശ്രീകുമാറിന് ഗുരുതരമായ പരിക്ക് പറ്റിയത്. ശേഷം അദ്ദേഹം നാളുകളോളം ചികിത്സയിൽ ആയിരുന്നു. നടക്കാനും സംസാരിക്കാനും അദ്ദേഹം വളരെ അധികം ബുദ്ധിമുട്ടുകൾ ഇപ്പോൾ നേരിടുന്നുണ്ട്. ഈ അവശതകൾക്കിടയിലും സിബിഐ 5ൽ ഒരു കാമിയോ റോൾ ജഗതി ചെയ്തിരുന്നു.
നാല് പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തിനിടയില്‍ 1400ളം സിനിമകളിലാണ് ജഗതി അഭിനയിച്ചത്. മലയാള സിനിമയില്‍ ഹാസ്യ സാമ്രാട്ട് എന്ന പേര് നേടാന്‍ മറ്റാര്‍ക്കും ഇതുവരെ സാധിച്ചിട്ടില്ല. എത്ര നടന്‍മാര്‍ വന്നാലും ജഗതി എന്ന അഭിനയ പ്രതിഭയ്ക്ക് പകരം വെക്കാന്‍ മറ്റൊരാളണ്ടാകില്ല.


Click it and Unblock the Notifications