'ഞാനും അമ്മയും ഒരിക്കലും ഒരിക്കലുമങ്ങനെ സംസാരിച്ചിട്ടില്ല; അദ്ദേഹത്തിന്റെ ആദ്യ ഭാര്യ എന്നും സിനിമയായിരുന്നു'
മലയാള സിനിമയിൽ നികത്താനാവാത്ത വിടവായാണ് നടൻ ജഗതി ശ്രീകുമാറിന്റെ അസാന്നിധ്യത്തെ പ്രേക്ഷകർ കാണുന്നത്. വാഹനാപകടത്തിൽ പെട്ട് നീണ്ട പന്ത്രണ്ട് വർഷമായി സിനിമാ രംഗത്ത് നിന്ന് മാറി നിൽക്കുകയാണ് ജഗതി. സിനിമാ ലോകത്ത് ജഗതിക്ക് ശേഷം അതു പോലൊരു നടൻ പിന്നീട് ഉയർന്ന് വന്നിട്ടില്ല. കോമഡി വേഷങ്ങളാണ് കൂടുതലും ജഗതി ചെയ്തതെങ്കിലും കോമഡി വേഷങ്ങളിൽ ഇദ്ദേഹം തളയ്ക്കപ്പെട്ടില്ല.
സീരിയസ് വേഷങ്ങളിലും നടൻ ഒരുപോലെ മികവ് പുലർത്തി. വാസ്തവം ഉൾപ്പെടെയുള്ള സിനിമകളിൽ നടൻ ചെയ്ത് വേഷങ്ങൾ ഏറെ പ്രശംസ പിടിച്ചു പറ്റി. സിനിമാ രംഗത്ത് നിരവധി പേർ ജഗതിയുടെ അഭിനയ മികവിനെ പുകഴ്ത്തിയിട്ടുണ്ട്.

അതേസമയം കരിയറിലെ തിളക്കത്തോടൊപ്പം പലപ്പോഴും വിവാദങ്ങളിലും ജഗതി ശ്രീകുമാർ പെട്ടിട്ടുണ്ട്. പരസ്യമായി നടത്തിയ വിവാദ പ്രസ്താവനകളും മറ്റും ജഗതി ശ്രീകുമാറിനെ വാർത്തകളിൽ നിറച്ചിരുന്നു.
ഇപ്പോഴിതാ ജഗതിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മകൾ പാർവതി. അച്ഛന്റെ ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ച് അഭിനയത്തോട് അദ്ദേഹത്തിനുണ്ടായിരുന്ന ഇഷ്ടത്തെക്കുറിച്ചും പാർവതി ശ്രീകുമാർ സംസാരിച്ചു. സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പാർവതി.

'സിനിമ തന്നെ പപ്പയെ തിരിച്ചു കൊണ്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പപ്പ ഏതോയൊരു ഇന്റർവ്യൂയിൽ പറയുന്നുണ്ടായിരുന്നു, എനിക്ക് ജീവിതാവസാനം വരെ ഛായമണിഞ്ഞ് ക്യാമറയുടെ മുന്നിൽ നിൽക്കാനുള്ള ഭാഗ്യം ഈശ്വരൻ തരണമെന്ന്. നിഷ്കളങ്കനായ കലാകാരനാണ് അദ്ദേഹം'
'വർക്കിനെ ഏറ്റവും ആത്മാർത്ഥമായി കാണുന്നയാളാണ്. എന്റെ ആദ്യത്തെ ഭാര്യ സിനിമയാണ് എന്നായിരുന്നു അദ്ദേഹത്തിന്. കലയായിരുന്നു എല്ലാം. ബാക്കിയൊന്നിനും ജീവിതത്തിലാർക്കും അദ്ദേഹം പ്രാധാന്യം കൊടുത്തിട്ടില്ല'

'മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ബോൾഡായ മനുഷ്യനാണ്. ആ വിൽപവറാണ് ഇന്നും നിലനിർത്തുന്നത്. തിരിച്ചു വരുമെന്ന് തന്നെയാണ് പ്രതീക്ഷ'
'ഞങ്ങൾക്ക് ഒരു ശതമാനം പോലും ഇനി തിരിച്ച് വരില്ല എന്ന് തോന്നിയിട്ടില്ല. ഞാനും അമ്മയും സഹോദരനും ഒരിക്കൽ പോലും പോലും അങ്ങനെ സംസാരിച്ചിട്ടില്ല. അദ്ദേഹം തിരിച്ചു വരും'

'ഇത്ര പോലും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹം കിടപ്പിലായിരുന്നു വെല്ലൂരിൽ നിന്ന് പോവുമ്പോൾ പൂർണമായും കിടക്കുന്ന മനുഷ്യനായിരുന്നു. ഇപ്പോൾ വീൽ ചെയറിലിരുന്ന് നമ്മൾ പറയുന്നതിന് പ്രതികരിക്കുന്നുണ്ടല്ലോ അത് തന്നെ വലിയ കാര്യമാണ്'
'ഇനിയും മാറ്റങ്ങൾ വരുമെന്ന് തന്നെയാണ് പ്രതീക്ഷ. വാട്സ്ആപ്പിൽ ഒരാളുടെ നിസാര ഇമോഷന് പോലും ഇടുന്നത് പപ്പയുടെ ഇമോജീസാണ്. എന്ത് മാത്രം മനുഷ്യർ അദ്ദേഹത്തെ മിസ് ചെയ്യുന്നു'

'ഇപ്പോഴത്തെ ഏത് അഭിനേതാവാണെങ്കിലും കുറച്ച് നാൾ അവരുടെ അഭിനയം കാണുമ്പോൾ ഒരേപോലെ അവർ അഭിനയിക്കുന്നത് പോലെ തോന്നാറുണ്ട്. എന്റെ അച്ഛനായത് കൊണ്ട് പറയുന്നതല്ല. പപ്പയുടെ ഓരോ സിനിമയിലെ ഓരോ കഥാപാത്രം എടുത്ത് നോക്കിയാലും അതിന്റേതായ വ്യത്യസ്തതയുണ്ട്'
'അത് കൊണ്ടായിരിക്കും ജഗതി ശ്രീകുമാർ ഇന്നും പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നത്. ഇത് പോലൊരു ലെജന്റ് ഇനി മലയാള സിനിമയിലുണ്ടാവുമോ എന്നറിയില്ല. മകളായത് കൊണ്ട് ഞാൻ പുകഴ്ത്തി പറയുന്നതല്ല,' പാർവതി പറഞ്ഞു. സിബിഐ 5 എന്ന സിനിമയിലാണ് അവസാനമായി ജഗതി ശ്രീകുമാർ അഭിനയിച്ചത്.


Click it and Unblock the Notifications