'ഭക്തി ചൂഷണം ചെയ്ത സിനിമയല്ല മാളികപ്പുറം, അങ്ങനെയെങ്കിൽ നന്ദനം സിനിമയേയും ഇതേ രീതിയിൽ ക്രൂശിക്കേണ്ടി വരും'
മാളികപ്പുറത്തിന്റെ വൻ വിജയത്തിനുശേഷം വീണ്ടുമൊരു ഉണ്ണി മുകുന്ദൻ സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്... ജയ് ഗണേഷ്. മാളികപ്പുറം റിലീസിനുശേഷം ഉണ്ണി മുകുന്ദൻ ഭക്തി ചൂഷണം ചെയ്യുന്നുവെന്ന വിമർശനം ഒരു വിഭാഗം സിനിമാ പ്രേമികളിൽ നിന്നും വരുന്നുണ്ട്. മാത്രമല്ല ജയ് ഗണേഷ് സിനിമ പ്രഖ്യാപിച്ചപ്പോൾ സിനിമയുടെ ടൈറ്റിലിന്റെ പേരിലും ഉണ്ണി മുകുന്ദൻ വിമർശിക്കപ്പെട്ടിരുന്നു. തനിക്കെതിരെ വരുന്ന വിമർശനങ്ങൾക്കെല്ലാം കൃത്യമായി മറുപടി നൽകാറുള്ള നടനാണ് ഉണ്ണി മുകുന്ദൻ. ഇപ്പോഴിതാ ഭക്തി ചൂഷണം ചെയ്ത സിനിമയല്ല മാളികപ്പുറമെന്ന് പറയുകയാണ് ഉണ്ണി മുകുന്ദൻ.
സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിലാണ് ഉണ്ണി ഈ വിഷയത്തിൽ പ്രതികരിച്ചത്. ഭക്തി ചൂഷണം ചെയ്ത സിനിമയാണ് മാളികപ്പുറമെങ്കിൽ നന്ദനം സിനിമയേയും ഇതേ രീതിയിൽ ക്രൂശിക്കേണ്ടി വരുമെന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്.
പൃഥ്വിരാജും നവ്യ നായരും കേന്ദ്രകഥാപാത്രങ്ങളായ സിനിമ കൃഷ്ണ ഭക്തയായ പെൺകുട്ടിയുടെ കഥയാണ് പറഞ്ഞത്. ഉണ്ണി മുകുന്ദന്റെ വാക്കുകളിലേക്ക്... 'മാളികപ്പുറം ചെയ്ത് കഴിഞ്ഞ സമയത്ത് തിയേറ്റർ ഉടമകളും എന്റെ സുഹൃത്തുക്കളും എന്നോട് പറഞ്ഞ ഒരു കാര്യമുണ്ട്.'

'ദിലീപേട്ടന്റെ സിനിമകൾ കാണാൻ വരുന്ന ഓഡിയൻസിനെ കാണാൻ സാധിച്ചുവെന്നതാണ് അത്. ഒരു സിനിമ ചെയ്യുമ്പോൾ ജനകീയമായി ചെയ്യണം എന്റെ ആക്ടിങ് സ്കിൽ എക്സ്പ്ലോർ ചെയ്യാൻ പറ്റുന്ന സിനിമയാകണമെന്ന് എനിക്കുണ്ട്. ജയ് ഗണേഷ് അങ്ങനെയൊന്നാണ്. രജിത്ത് ശങ്കർ ആദ്യം കഥ പറഞ്ഞപ്പോൾ തന്നെ എനിക്ക് ഇഷ്ടപ്പെട്ടിരുന്നു. രജിത്ത് ശങ്കറിന്റെ ഏറ്റവും നല്ല റൈറ്റിങ്ങ്സിൽ ഒന്നായിരിക്കും ജയ് ഗണേഷ്.'
'കാരണം ഓരോ ഡ്രാഫ്റ്റ് കഴിയുമ്പോഴും അദ്ദേഹത്തിന്റെ എഴുത്ത് കൂടുതൽ നന്നാവുകയാണ് ചെയ്തത്. ഭക്തി ചൂഷണം ചെയ്ത അല്ലെങ്കിൽ ഉപയോഗിച്ച സിനിമയല്ല മാളികപ്പുറം. ഭക്തി ഉപയോഗിക്കേണ്ട കാര്യമില്ല. അത് ഇവിടെ ഉള്ളതാണ്. അങ്ങനൊരു കമ്യൂണിറ്റി നമുക്ക് ചുറ്റും ഉള്ളതുകൊണ്ട് അതിനെ ചുറ്റിപ്പറ്റി ഒരു കഥ പറയുകയാണ് ചെയ്തത്.'
'ക്രൈം നടക്കുന്നത് കൊണ്ടാണ് ക്രൈം ത്രില്ലേഴ്സ് വരുന്നത്. അപ്പോൾ ക്രൈം ചെയ്തവരേയോ അതിൽ പെട്ടവരേയോ മിസ് യൂസ് ചെയ്ത് സിനിമ ഉണ്ടാക്കുന്നുവെന്ന് ആരും പറയാറില്ല. ക്രൈമും ഭക്തിയുമെല്ലാം സൊസൈറ്റിയിൽ ഉള്ള കാര്യങ്ങളാണ്.'
'ഒരു രഞ്ജിത്ത് ശങ്കർ സിനിമയായിരിക്കും ജയ് ഗണേഷ്. ഭക്തിയെ ഞാൻ ഉപയോഗിച്ചിട്ടില്ല. വർഷങ്ങൾക്ക് മുമ്പ് നന്ദനം എന്നൊരു സിനിമ റിലീസ് ചെയ്തിരുന്നു. ആ സമയത്ത് ഞാനും സിനിമ ഫോളോ ചെയ്തിരുന്നു. അന്ന് സോഷ്യൽമീഡിയ ഇല്ലായിരുന്നു. പക്ഷെ ന്യൂസ് ചാനലും പേപ്പറിലുമെല്ലാം ഉണ്ടായിരുന്നു. പക്ഷെ അവരൊന്നും ഈ രീതിയിൽ അല്ല അന്ന് സിനിമയെ കുറിച്ച് പറഞ്ഞത്.'

'ബാലാമണിക്ക് കൃഷ്ണനെ കാണണമായിരുന്നു... കല്ലുവിന് അയ്യപ്പനെ കാണണമായിരുന്നു അത്രമാത്രം. നന്ദനത്തിൽ നിന്നും ഡിറൈവ് ചെയ്താണ് മാളികപ്പുറം ചെയ്തതെന്ന് പറഞ്ഞാൽ ആ സിനിമയേയും ഇതേ രീതിയിൽ ക്രൂശിക്കേണ്ടി വരും. മാളികപ്പുറത്തെ ചുറ്റുപറ്റി ഭക്തി ഉപയോഗിച്ചുവെന്ന് പറഞ്ഞ് ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു. പ്രശ്നങ്ങൾ ഇല്ലാത്ത സിനിമയായിരുന്നുവെങ്കിൽ ഞാൻ ഇത് ആ രീതിയിൽ വിടുമായിരുന്നു.'
'എനിക്ക് വേണ്ടി ക്ലാരിഫൈ ചെയ്യാൻ ആരും ഇല്ലാത്തതുകൊണ്ട് ഞാൻ ഉത്തരം പറയണം. മാളികപ്പുറത്തിൽ ഭക്തി ഉപയോഗിച്ചുവെന്ന് ആരെങ്കിലും പറഞ്ഞാൽ അത് എനിക്ക് അനുകൂലമായല്ല വരിക. ചോദ്യങ്ങൾ വരുമ്പോൾ മറുപടി മര്യാദയുടെ പുറത്ത് ഞാൻ പറയാറെയുള്ളു. നിനക്ക് മറുപടി പറയാതെ ഇരുന്നൂടെയെന്ന് പലരും ചോദിക്കാറുണ്ട്.'
'പക്ഷെ ഞാൻ മറുപടി പറയുമ്പോൾ ക്ലാരിഫിക്കേഷൻ കിട്ടുന്നെങ്കിൽ കിട്ടിക്കോട്ടെയെന്ന് കരുതുന്നു. ഞാൻ ആയിരുന്നില്ല മാളികപ്പുറത്തിൽ കേന്ദ്ര കഥാപാത്രം. ദേവനന്ദയെന്ന കുട്ടിയാണ്. എനിക്ക് മുമ്പേ വന്ന ആക്ടേഴ്സിന്റെ ലൈഫ് സ്റ്റൈൽ ബെഞ്ച് മാർക്കായി ജീവിക്കുന്നയാളല്ല ഞാൻ', എന്നാണ് ഉണ്ണി മുകുന്ദൻ പറഞ്ഞത്.


Click it and Unblock the Notifications