'ലത ആവശ്യപ്പെട്ടത് 20 മിനിറ്റ്... തിരക്കുണ്ടായിട്ടും രജിനി രണ്ട് മണിക്കൂർ ചിലവഴിച്ചു'; പ്രണയകഥ ഇങ്ങനെ!
കർണാടകയിൽ ബസ് കണ്ടക്ടറായി ജോലി ചെയ്തിരുന്ന രജിനികാന്ത് സിനിമാ രംഗത്തേക്ക് കടന്ന് വന്ന് സൂപ്പർ സ്റ്റാറായി മാറിയ കഥ ഏറെ പ്രസിദ്ധമാണ്. എന്നാൽ തന്റെ പ്രണയത്തെ കുറിച്ച് രജിനി അധികം സംസാരിച്ചിട്ടില്ല.
ജയിലർ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ വെച്ചും സംവിധായകൻ നെൽസൺ സെറ്റിൽ വെച്ച് തന്നോട് ആദ്യം ചോദിച്ചത് തന്റെ പ്രണയകഥയാണെന്ന് രജിനി പറഞ്ഞിരുന്നു. അത്ര രസകരമാണ് രജിനിയുടെയും ലതയുടെയും പ്രണയകഥ. എന്നാൽ അധികമാർക്കും അത് അറിയില്ല.
അപൂർവ രാഗങ്ങൾ എന്ന ചിത്രത്തിലൂടെ കെ.ബാലചന്ദറാണ് രജിനിയെ തമിഴ് സിനിമാലോകത്തിന് പരിചയപ്പെടുത്തിയത്. മൂൺട്ര് മുടിച്ച്, ഭുവന ഒരു കേൾവി കുറി, പത്തിനാറ് വയതിനിലെ, മുള്ളും മലരും, മുരട്ടുകാലൈ, പോക്കിരിരാജ, ആറ് എന്നിങ്ങനെ ഹിറ്റ് ചിത്രങ്ങൾ നൽകിയതോടെ രജിനി തമിഴിൽ മാസ് ഹീറോയായി ഉയർന്നു. ശേഷം രജിനിക്ക് ഒരുപാട് സിനിമാ ഓഫറുകൾ വന്നതിനാൽ തിരക്കുള്ള നടനായി.

ഒരു മിനിറ്റ് പോലും വിശ്രമമില്ലാതെ സെറ്റുകളിൽ നിന്നും സെറ്റുകളിലേക്ക് ഓട്ടമായിരുന്നു. അങ്ങനെ ഇരിക്കെ നടൻ രജിനികാന്തിനെ അഭിമുഖം ചെയ്യാൻ ലതയ്ക്ക് അവസരം ലഭിച്ചു. ചെന്നൈയിലെ എതിരാജ് കോളേജിൽ പഠിക്കുകയായിരുന്നു ആ സമയത്ത് ലത.
ഒരു ദിനപത്രത്തിന് വേണ്ടിയാണ് രജിനിയെ ഇന്റർവ്യൂ ചെയ്യാൻ ലത വന്നത്. ഇരുപത് മിനിറ്റ് രജിനിയോട് സംസാരിക്കാനുള്ള അനുവാദം ലത നേരത്തെ നേടിയിരുന്നു. എന്നാൽ രജിനി ലതയ്ക്ക് രണ്ട് മണിക്കൂറോളം സമയം നൽകി. തലയുടെ സംസാരത്തിലും സൗന്ദര്യത്തിലും ആകൃഷ്ടനായ രജിനി ഇരുപത് മിനിറ്റ് പോയത് അറിഞ്ഞില്ലെന്നതാണ് സത്യം.
രണ്ട് മണിക്കൂർ നീണ്ട അഭിമുഖം അവസാനിച്ചപ്പോഴേക്കും രജിനി ലതയുമായി പ്രണയത്തിലായി. എന്നാൽ ലതയോട് തന്റെ പ്രണയത്തെക്കുറിച്ച് രജിനി പറഞ്ഞില്ല പകരം നിങ്ങളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഉടനടി പറയുകയാണ് രജിനി ചെയ്തത്.
രജിനിയുടെ തുറന്നടിച്ചുള്ള സംസാരം ഇഷ്ടപ്പെട്ട ലത രജിനിയോട് തന്റെ മാതാപിതാക്കളോട് സംസാരിക്കാൻ ആവശ്യപ്പെട്ടു. രജിനിയെ ലതയുടെ വീട്ടുകാർക്കും ബോധിച്ചതോടെ 1981ൽ രജിനി-ലത പ്രണയത്തിന് ഗ്രീൻ സിഗ്നൽ ലഭിച്ചു. തിരുപ്പതിയിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം വലിയ മാറ്റങ്ങളാണ് രജിനിയുടെ ജീവിതത്തിലുണ്ടായത്.

അത് സൂപ്പർസ്റ്റാർ തന്നെ പലപ്പോഴും വെളിപ്പെടുത്തിയിട്ടുമുണ്ട്. മദ്യപാനത്തിനും സിഗരറ്റിനും അടിമയായിരുന്ന രജിനിയെ അതിൽ നിന്നെല്ലാം മോചിപ്പിച്ചെടുത്തത് ലതയാണ്. ഈ എഴുപത്തിരണ്ടാം വയസിലും രജിനി ആരോഗ്യവാനായി ഇരിക്കുന്നതിന് കാരണം ലതയാണ്.
40 വർഷങ്ങൾക്ക് ശേഷവും ലതയോടുള്ള രജിനിയുടെ പ്രണയത്തിന് ഒട്ടും കുറവ് സംഭവിച്ചിട്ടില്ല. അറുപത്തിയഞ്ചുകാരിയായ ലത ചില തമിഴ് സിനിമകളിൽ പിന്നണി പാടിയിട്ടുണ്ട്. കൂടാതെ സിനിമാ നിർമാണത്തിലും ലത കൈവെച്ചിട്ടുണ്ട്. മുതിർന്ന നടി വൈജയന്തിമാല അടക്കം ലതയുടെ കുടുംബത്തിൽ നിന്നും നിരവധി പേർ സിനിമയിലുണ്ട്.
സിനിമയിലെത്തുന്നതിന് മുമ്പ് നിർമല എന്നൊരു പെൺകുട്ടിയുമായി രജിനികാന്ത് പ്രണയത്തിലായിരുന്നു. അന്ന് താരം ബസ് കണ്ടക്ടറായിരുന്നു. രജിനിക്ക് അഭിനയത്തിലുള്ള കഴിവ് മനസിലാക്കി അഭിനയം പഠിക്കാൻ പണം നൽകി മദ്രാസിലേക്ക് താരത്തെ പറഞ്ഞയച്ചതും രജിനി നിമ്മിയെന്ന് വിളിക്കുന്ന നിർമലയായിരുന്നു.
എന്നാൽ അഭിനയം പഠിക്കാൻ പോയി തിരികെ വന്ന രജിനി പിന്നീട് ഒരിക്കലും നിർമലയെ കണ്ടിട്ടില്ല. എല്ലാ ആൾക്കൂട്ടത്തിലും നിർമലയെ രജിനിയെ തിരയാറുണ്ട്. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് രജിനിയുടെ ഒരു സിനിമ തിയേറ്ററിലെത്തുന്നത്. അവസാനം റിലീസ് ചെയ്ത അണ്ണാത്തെ വലിയ പരാജയമായിരുന്നു.


Click it and Unblock the Notifications