'പേര് മാറ്റിയാൽ രക്ഷപ്പെടുമെന്ന് ദിലീപേട്ടൻ പറഞ്ഞു, അദ്ദേഹമാണ് എമ്മിൽ തുടങ്ങുന്ന പേര് വെയ്ക്കാൻ പറഞ്ഞത്'; മിർണ
കഠിനാധ്വാനം മാത്രം ഉണ്ടായാൽ പോരാ അൽപ്പം ലക്കും ആവശ്യമായിട്ടുള്ള മേഖലയാണ് സിനിമ എന്നാണ് സിനിമാ പ്രവർത്തകർ പറയാറുള്ളത്. പലരും സിനിമയിലെത്തിയ ശേഷം പുതിയ പേരുകൾ സ്വീകരിക്കുകയും പേരുകളിൽ ചില മാറ്റങ്ങൾ വരുത്തുകയുമെല്ലാം ചെയ്തിട്ടുണ്ട്. സിനിമയിൽ അരങ്ങേറിയപ്പോൾ പേര് മാറ്റുകയും പിന്നീട് സ്വപ്നം കാണാൻ കഴിയാത്ത അത്രയും ഉയരത്തിലേക്ക് എത്തിപ്പെടുകയും ചെയ്ത താരങ്ങളിൽ പ്രധാനിയാണ് നടി നയൻതാര.
ലെന അടക്കമുള്ള താരങ്ങളും തന്റെ ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവരുന്നതിനായി പേരിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പേര് മാറ്റിയാൽ ഒരാളുടെ ജീവിതത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ ഉണ്ടാകും എന്ന വിശ്വാസം നിലനിൽക്കുന്നുണ്ട്. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഉൽപന്നങ്ങൾക്കും ഇത്തരത്തിൽ പേര് ഭേദഗതി ചെയ്യാം. സിനിമാക്കാരും രാഷ്ട്രീയക്കാരും ഒക്കെ പരസ്യമായും രഹസ്യമായും ഇത് ചെയ്യുന്നുണ്ട്.

സംഖ്യാശാസ്ത്രം അനുസരിച്ച് ഭാഗ്യം തരുന്ന പേരല്ല ഇപ്പോഴുള്ളതെങ്കിൽ ആവശ്യമായ മാറ്റം വരുത്തുന്നത് ഉചിതമായിരിക്കുമെന്ന് അഭിപ്രായപ്പെടുന്നവരും നിരവധിയാണ്. അത്തരത്തിൽ പേര് മാറ്റിയതോടെ ഭാഗ്യം തെളിഞ്ഞൊരു നടിയാണ് മിർണ മേനോൻ.
മിർണ എന്ന് പറഞ്ഞാൽ എല്ലാവർക്കും മനസിലാകണമെന്നില്ല. ജയിലറിൽ രജിനികാന്തിന്റെ മരുമകളായി അഭിനയിച്ച നടി എന്ന് പറഞ്ഞാലാണ് മിർണയുടെ മുഖം വേഗം ആളുകളുടെ മനസിൽ തെളിഞ്ഞ് വരു. സിനിമയിലെത്തിയപ്പോൾ മിർണ ആദ്യം സ്വീകരിച്ച പേര് അതിഥി എന്നതായിരുന്നു. തമിഴിലൂടെയായിരുന്നു അഭിനയ ജീവിതം മിർണ ആരംഭിച്ചത്.
തമിഴിൽ രണ്ട് സിനിമകൾ ചെയ്ത ശേഷം സിദ്ദിഖ് സിനിമ ബിഗ് ബ്രദറിലൂടെ മിർണ മലയാളത്തിലേക്ക് എത്തി. മോഹൻലാൽ നായകനായ സിനിമയായിരുന്നു ബിഗ് ബ്രദർ. ബിഗ് ബ്രദറിലേക്ക് സെലക്ടായ ശേഷം സിദ്ദിഖാണ് പേര് മാറ്റാൻ നിർദേശിച്ചതെന്നും അതിന് ശേഷം എമ്മിൽ തുടങ്ങുന്ന പേര് കണ്ടുപിടിക്കാൻ നിർദേശിച്ചത് നടൻ ദിലീപാണെന്നും റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ മിർണ പറയുന്നു.
'എന്റെ ആന്റിക്കൊപ്പം സിദ്ദിഖ് സാറിനെ കാണാൻ പോയതായിരുന്നു ഞാൻ അവിടെ വെച്ചുണ്ടായ പരിചയത്തിലൂടെയാണ് ബിഗ് ബ്രദറിലേക്ക് ക്ഷണം വരുന്നത്.'

'മലയാളത്തിൽ അതിഥി എന്ന പേരിൽ നിരവധി നടിമാരുണ്ടെന്നും അതുകൊണ്ട് തന്നെ പുതിയ പേര് കണ്ടുപിടിക്കാനും സിദ്ദിഖ് സാർ നിർദേശിച്ചു. ബിഗ് ബ്രദർ പാൻ ഇന്ത്യൻ ലെവലിൽ ശ്രദ്ധിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് മനസിലായതോടെ പേര് മാറ്റാമെന്ന് ഞാനും തീരുമാനിച്ചു. ഇക്കാര്യം ദിലീപേട്ടനോട് പറഞ്ഞപ്പോൾ അദ്ദേഹമാണ് എമ്മിൽ തുടങ്ങുന്ന പേര് കണ്ടുപിടിക്കാൻ പറഞ്ഞത്.'
'നീ 'എ' എന്ന ലെറ്ററിൽ തുടങ്ങുന്ന പേര് വെച്ചാൽ ശരിയാവില്ല. എമ്മിൽ തുടങ്ങുന്ന പേര് വെക്കാൻ അദ്ദേഹം പറഞ്ഞു. അങ്ങനെ കുറച്ച് പേര് കണ്ടുപിടിച്ചു. അതിൽ മിർണ എന്ന പേര് എന്റെ സുഹൃത്ത് സജസ്റ്റ് ചെയ്തതാണ്. എല്ലാവർക്കും ഈ പേര് ഇഷ്ടപ്പെടുകയും ചെയ്തു.'
'എമ്മിൽ തുടങ്ങുന്ന പേര് വെച്ച അടുത്ത ദിവസം ഞാൻ ബിഗ് ബ്രദർ സിനിമ സൈൻ ചെയ്തു. പേര് മാറ്റിയാൽ നിനക്ക് ഭയങ്കര ചെയ്ഞ്ചസ് വരും നീ ഭയങ്കരമായി രക്ഷപ്പെടും എന്നൊക്കെയാണ് അന്ന് ദിലീപേട്ടൻ എന്നോട് പറഞ്ഞതെന്നും', മിർണ വെളിപ്പെടുത്തി.
കുറച്ച് വർഷം മുമ്പ് ദിലീപും പേര് മാറ്റിയിരുന്നു. നാദിര്‍ഷയുടെ സംവിധാനത്തില്‍ ദിലീപ് നായക വേഷത്തില്‍ എത്തിയ കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നപ്പോള്‍ അതില്‍ Dileep എന്നതിനു പകരം Dilieep എന്നാണ് എഴുതിയിരുന്നത്.


Click it and Unblock the Notifications