'എലിജിബിള്‍ ബാച്ചിലറായതുകൊണ്ട് പ്രണവിനെ ഇപ്പോഴും ഇഷ്ടമാണ്, ഫോണിന്റെ വാൾപേപ്പർ പ്രണവായിരുന്നു'; ഗായത്രി സുരേഷ്
വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ തന്‍റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് ഗായത്രി സുരേഷ്. മിസ് കേരളയായിരുന്ന ഗായത്രി സുരേഷ് കുഞ്ചാക്കോ ബോബന്‍റെ നായികയായാണ് സിനിമയില്‍ എത്തുന്നത്. ജന്മാപ്യാരിയായിരുന്നു ഗായത്രിയുടെ ആദ്യ സിനിമ. ചിത്രം വലിയ ശ്രദ്ധനേടിയില്ലെങ്കിലും ഗായത്രി ആളുകൾക്ക് പ്രിയങ്കരിയാവുകയും താരത്തിന് തുടർന്നും നിരവധി അവസരങ്ങൾ ലഭിക്കുകയുമായിരുന്നു.
ജന്മാപ്യാരിക്കുശേഷം താരം 2016ല്‍ പുറത്തിറങ്ങിയ ഒരേ മുഖം, കരിങ്കുന്നം 6എസ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ആ വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് 2017ൽ സഖാവ്, ഒരു മെക്‌സിക്കന്‍ അപാരത, വര്‍ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചു. 2018ലെ കല വിപ്ലവം പ്രണയം എന്ന ഗായത്രിയുടെ സിനിമയും ശ്രദ്ധപിടിച്ചുപറ്റി. ചിൽഡ്രൺസ് പാർക്കാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത ഗായത്രിയുടെ സിനിമ.

മുപ്പത്തിരണ്ടുകാരിയായ ഗായത്രി തെലുങ്കിലും സിനിമകൾ ചെയ്തിട്ടുണ്ട്. ഒരു കാലത്ത് ഏറ്റവും കൂടുതൽ ട്രോൾ വാരിക്കൂട്ടിയിട്ടുള്ള മലയാളത്തിലെ യുവനടി ഗായത്രിയായിരുന്നു. അഭിമുഖങ്ങളിൽ താരം പറഞ്ഞ ചില കാര്യങ്ങളാണ് അന്ന് താരം പരിഹസിക്കപ്പെടാൻ കാരണമായത്. എന്തും വെട്ടി തുറന്ന് പറയുകയും സംസാരിക്കുകയും ചെയ്യുന്ന കൂട്ടത്തിലാണ് ഗായത്രി സുരേഷ്.
സോഷ്യൽമീഡിയയിൽ സജീവമായ താരം പങ്കെടുത്ത ഏറ്റവും പുതിയ അഭിമുഖമാണിപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ പുത്തൻ വിശേഷങ്ങളെല്ലാം ഗായത്രി പങ്കിട്ടു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന്റെ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ചാറ്റ്ഷോയിലാണ് ഗായത്രി അതിഥിയായി എത്തിയത്. അഭിമുഖത്തിനിടെ നടി മാനസ ഗായത്രിയോട് ഒരു ചോദ്യം ചോദിച്ചിരുന്നു.
ഇരുവരും സുഹൃത്തുക്കളും ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ളവരുമാണ്. 'ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് മൂന്നാറില്‍ വെച്ച് നടക്കുന്ന സമയത്ത് ആരുടെ ഫോണിലും റെയ്ഞ്ചില്ല. ബിഎസ്എന്‍എല്‍ ഉള്ളവര്‍ക്ക് മാത്രം ഇടയ്ക്ക് റെയ്ഞ്ച് വന്ന് പോകുന്നുണ്ട്. ഞാന്‍ നോക്കിയപ്പോള്‍ ഗായത്രി ഇടയ്ക്കിടെ ഫോണ്‍ എടുത്ത് ഒന്ന് ഓണാക്കി അവിടെ വെയ്ക്കും.'
'റെയ്ഞ്ച് വന്നോയെന്ന് നോക്കുന്നതാണെന്നാണ് ഞാന്‍ ആദ്യം കരുതിയത്. പക്ഷെ അല്ല ശരിക്കും ഗായത്രി ഫോണിന്റെ വാള്‍പേപ്പറാണ് ഇടയ്ക്കിടെ നോക്കിയത്. അന്ന് ഗായത്രിയുടെ വാള്‍പേപ്പര്‍ പ്രണവിനൊപ്പം ചേര്‍ത്തുവെച്ച ഗായത്രിയുടെ ഫോട്ടോയായിരുന്നു. ഇപ്പോഴും ആ ഇഷ്ടം ഗായത്രിയ്ക്ക് പ്രണവിനോടുണ്ടോ? ഇപ്പോഴത്തെ ഫോണ്‍ വാള്‍ പേപ്പര്‍ എന്താണ്', എന്നായിരുന്നു മാനസയുടെ ചോദ്യം.

പ്രണവിനെ കുറിച്ച് സംസാരിച്ചതിന്റെ പേരിലാണ് മുമ്പും ഗായത്രി പരിഹസിക്കപ്പെട്ടിട്ടുള്ളത്. മാനസയുടെ ചോദ്യത്തിന് വ്യക്തമായ മറുപടി ഗായത്രി നൽകി. 'ഇപ്പോള്‍ എന്റെ വാള്‍ പേപ്പര്‍ പ്രണവല്ല. ഒരു എലിജിബിള്‍ ബാച്ചിലര്‍ എന്ന നിലയില്‍ എനിക്ക് ഇപ്പോഴും പ്രണവിനോട് ഇഷ്ടമുണ്ട്. ഞാന്‍ അദ്ദേഹത്തിന്റെ വലിയ ഒരു ആരാധികയാണ്.'
'വളരെ സിനിമാറ്റിക് ആന്റ് ഡ്രാമറ്റിക്കായിട്ടുള്ള ആളാണ് ഞാന്‍. ഒരു അഭിമുഖത്തില്‍ സെലിബ്രിറ്റി ക്രഷ് ആരാണെന്ന് ചോദിച്ചപ്പോള്‍ പ്രണവ് മോഹന്‍ലാലിനോടാണെന്ന് ഞാന്‍ പറഞ്ഞാല്‍ മതിയായിരുന്നു. പക്ഷെ ഞാന്‍ പറഞ്ഞത്... എന്റെ മനസില്‍ ഒറ്റയാളേയുള്ളൂ അത് പ്രണവ് മോഹന്‍ലാലാണ് എന്നാണ്. അത് വൈറലായി. പിന്നീടുള്ള അഭിമുഖങ്ങളിലെല്ലാം ഇതേ കുറിച്ച് ചോദ്യം വന്നപ്പോൾ ആ ചോദ്യത്തെ തടയുകപോലും ചെയ്യാതെ ഞാന്‍ പറഞ്ഞുകൊണ്ടോയിരുന്നു. അതാണ് ആ ട്രോളും കൂടിയത്', എന്നാണ് ഗായത്രി പറഞ്ഞത്.
പിന്നീട് പ്രണവിനെ നേരിൽ കാണാൻ പോയതിനെ കുറിച്ചും ഗായത്രി വെളിപ്പെടുത്തി. 'ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയത്ത് ഞാന്‍ പ്രണവിനെ കാണാനായി പോയിരുന്നു. എല്ലാവരും പറയുന്നു പ്രണവ് ഇന്‍ട്രോവേര്‍ട്ടാണെന്ന്. എനിക്ക് അങ്ങനെ തോന്നിയില്ല. ഞാന്‍ പോയി പ്രണവിനെ കണ്ടു. ഞാന്‍ ഗായത്രി... താങ്കളെ കാണാന്‍ വേണ്ടി മാത്രം വന്നതാണെന്ന് പറഞ്ഞപ്പോള്‍ എനിക്ക് ഹാന്റ് ഷേക്ക് തന്നു പ്രണവ്.'
'അപ്പോഴേക്കും ഷോട്ടിന്റെ സമയമായി അദ്ദേഹം പോയി. അത്രയേ ഉണ്ടായുള്ളൂ', എന്നാണ് പ്രണവിനെ കുറിച്ച് സംസാരിച്ച് ഗായത്രി പറഞ്ഞത്. ഇന്ന് മലയാളത്തിലുള്ള താരപുത്രന്മാരിൽ എല്ലാവരും ഒരു വിസ്മയം പോലെ നോക്കി കാണാറുള്ളത് പ്രണവിനെയാണ്. വർഷങ്ങൾക്കുശേഷമാണ് പ്രണവിന്റെ അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ.


Click it and Unblock the Notifications