റിലീസ് ചെയ്താലും വിജയ്ക്ക് വിനയാകും; മുക്കാൽ ഭാഗം കാശും വിജയ് കൊണ്ട് പോയി; പ്രശ്നങ്ങൾ ഇനിയും
വിജയ് ചിത്രം ജന നായകന് വീണ്ടും തിരിച്ചടിയായി സെൻസർ ബോർഡിന്റെ തീരുമാനം. മാർച്ച് 9 ന് ചിത്രത്തിന്റെ റിവെെസിംഗ് കമ്മിറ്റി സ്ക്രീനിംഗ് നടത്താനായിരുന്നു നേരത്തെ സിബിഎഫ്സിയുടെ തീരുമാനം. എന്നാൽ ഇന്ന് സക്രീനിംഗ് നടന്നില്ല. കമ്മിറ്റിയിലെ പ്രധാന അംഗങ്ങൾക്ക് ഇന്ന് സ്ക്രീനിംഗിന് എത്താൻ പറ്റിയില്ല. പുതിയ തിയതി ഇതുവരെ അറിയിച്ചിട്ടില്ല. റിവെെസിംഗ് സ്ക്രീനിംഗിന് ശേഷം പെട്ടെന്ന് ജനനായകൻ തിയറ്ററിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു സംവിധായകൻ എച്ച് വിനോദ്. എന്നാലിപ്പോൾ റിലീസ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
റിപ്പോർട്ടുകൾ പ്രകാരം 380 കോടി രൂപയാണ് ജനനായകന്റെ ആകെ ബഡ്ജറ്റ്. കൗതുകരമായ കാര്യം ചിത്രത്തിന്റെ ബഡ്ജറ്റിന്റെ വലിയൊരു ശതമാനവും പോയിരിക്കുന്നത് വിജയുടെ പ്രതിഫലത്തിലേക്കാണ്. 220 കോടി രൂപയാണ് വിജയുടെ പ്രതിഫലം. ഒരു സിനിമയ്ക്ക് ഇത്രയധികം പ്രതിഫലം വാങ്ങുന്ന ഇന്ത്യയിലെ ആദ്യ താരമാണ് വിജയ്. കെവിഎൻ പ്രൊഡക്ഷൻസ് ആണ് ജനനായകൻ നിർമ്മിച്ചത്. വലിയ ബിസിനസ് മുന്നിൽ കണ്ടാണ് കെവിഎൻ ജനനായകൻ നിർമ്മിച്ചത്. വിജയുടെ അവസാന സിനിമയാണ് ജനനായകൻ.

താരത്തെ അവസാനമായി സ്ക്രീനിൽ കാണാൻ ആരാധകർ എത്തുമെന്നുറപ്പ്. എന്നാൽ ജനനായകൻ ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങൾ ഒരുപക്ഷെ നിർമാതാക്കളെയും പരുങ്ങലിലാക്കിയേക്കും. കാരണം ജനനായകന് മുന്നിൽ ഇനിയും വില്ലൻമാരായി പ്രശ്നങ്ങളുടെ ഒരു നിര തന്നെയുണ്ട്. തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. മെയ് മാസത്തിൽ തെരഞ്ഞെടുപ്പുണ്ടാകുമെന്നാണ് സൂചന. വിജയ് നയിക്കുന്ന ടിവികെ പാർട്ടിയും മത്സരിക്കുന്നുണ്ട്. കന്നിയങ്കത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു നാളുകളായി വിജയ്.
ഇലക്ഷൻ പ്രഖ്യാപിച്ചാൽ മത്സര രംഗത്തുള്ള വിജയുടെ സിനിമ റിലീസ് ചെയ്യുന്നത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാകാനാടിയുണ്ട്. ഫലത്തിൽ ഇലക്ഷൻ അവസാനിക്കുന്നത് വരെ ജനനായകന്റെ റിലീസിന് കാത്തിരിക്കേണ്ടി വരും. ഇനി ഇലക്ഷൻ കഴിഞ്ഞ് റിലീസ് ചെയ്താൽ ജനനായകൻ തണുത്ത ചായ പോലെയാകാനും സാധ്യതയുണ്ട്. തമിഴ്നാട്ടിലെ രാഷ്ട്രീയപരമായ കാര്യങ്ങൾ പരാമർശിക്കുന്ന സിനിമയാണ് ജനനായകനെന്ന് അഭ്യൂഹങ്ങളുണ്ട്. ഈ സിനിമ ഇലക്ഷന് മുമ്പ് റിലീസ് ചെയ്യുകയെന്നത് ഒരു തരത്തിൽ വിജയുടെ ആവശ്യമായിരുന്നു. ഇലക്ഷൻ കഴിഞ്ഞ് ജനനായകൻ റിലീസ് ചെയ്യുമ്പോൾ എങ്ങനെ സ്വീകരിക്കപ്പെടുമെന്ന് കണ്ടറിയണം. മാത്രമല്ല തെരഞ്ഞെടുപ്പിൽ വിജയ് കനത്ത പരാജയം നേരിട്ടാൽ ജനനായകനുള്ള ഹെെപ്പും ഇല്ലാതാകും.


Click it and Unblock the Notifications
















