'എല്ലാവരും നല്ലതാണെന്ന് പറയാറുണ്ട്, പക്ഷെ ആ ആക്ടർ 'നോ' പറഞ്ഞതോടെ ഞാൻ തകർന്നുപോയി'; നവ്യ നായർ പറയുന്നു!
കഴിഞ്ഞ ദിവസം മുതൽ സോഷ്യൽമീഡിയയിലും വാർത്തകളിലും ഏറ്റവും കൂടുതൽ നിറഞ്ഞ് നിന്നത് നടി നവ്യ നായരുടെ പേരാണ്. കള്ളപ്പണക്കേസിൽ അറസ്റ്റിലായ ഇന്ത്യൻ റവന്യു സർവീസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിൽ നിന്ന് നവ്യ നായർ ആഭരണങ്ങൾ കൈപ്പറ്റിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു.
തങ്ങൾ സുഹൃത്തുക്കളായിരുന്നെന്നും സൗഹൃദത്തിന്റെ പേരിൽ നൽകിയ സമ്മാനങ്ങൾ സ്വീകരിച്ചതല്ലാതെ മറ്റൊന്നിലും പങ്കാളിയല്ലെന്നുമാണ് നവ്യ നായർ ഇഡിക്ക് നൽകിയ മൊഴി. നവ്യയെ കൊച്ചിയിൽ സച്ചിൻ സന്ദർശിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ഇഡി സമർപ്പിച്ച കുറ്റപത്രത്തിലുണ്ടായിരുന്നു.
ഇത്തരം വിവാദങ്ങളിൽ ഒന്നും ഇതുവരെയും ഉൾപ്പെട്ടിട്ടില്ലാത്ത അഭിനേത്രിയാണ് നവ്യ നായർ. അതുകൊണ്ട് തന്നെ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് നവ്യയുടെ പേര് ഉയർന്നുകേട്ടതോടെ നടിയുടെ ആരാധകരും ആശങ്കയിലായി. വാർത്ത വൈറലായതോടെ നിരവധി പേരാണ് നവ്യയെ ട്രോളിയും പരിഹസിച്ചും വീഡിയോയും കമന്റുകളും ചെയ്യുന്നത്.

നവ്യയുടെ പെട്ടന്നുള്ള മേക്കോവർ കണ്ടപ്പോൾ തന്നെ സംശയം തോന്നിയിരുന്നുവെന്നത് അടക്കമുള്ള നിരവധി കമന്റുകളാണ് നടിയുടെ വീഡിയോയ്ക്കും ഫോട്ടോയ്ക്കും ലഭിക്കുന്നത്. അതേസമയം താരത്തിന്റെ പഴയൊരു അഭിമുഖം വീണ്ടും ശ്രദ്ധനേടുകയാണ്.
സംവിധാനം ചെയ്യാനും എഴുതാനും തനിക്കുള്ള താൽപര്യത്തെ കുറിച്ചും ഒരു നടനോട് സംസാരിച്ചപ്പോൾ ഉണ്ടായ അനുഭവത്തെ കുറിച്ചുമാണ് വീഡിയോയിൽ നവ്യ പറയുന്നത്. എംബിഎയിൽ ബിരുദാനന്തര ബിരുദമുണ്ട് നവ്യയ്ക്ക്. അച്ഛന്റെയും അമ്മയുടെയും നിർബന്ധം മൂലം താൻ പോസ്റ്റ് ഗ്രാജുവേഷൻ ചെയ്തതാണെന്നും അല്ലാതെ തനിക്ക് അതിനോട് താൽപര്യമില്ലെന്നും നവ്യ പറയുന്നു.
'ഒരു സ്ക്രിപ്റ്റ് ഞാൻ എഴുതിയിരുന്നു. രണ്ട് വർഷം കൊണ്ടാണ് എഴുതി തീർത്തത്. കാരണം രാത്രിയിൽ മാത്രമാണ് എഴുതാൻ സമയം കിട്ടിയിരുന്നത്. മാത്രമല്ല പണ്ട് മുതൽ സംവിധാനം എന്നത് എനിക്കൊരു അതിശയമായിരുന്നു. സിനിമയിൽ ഞാൻ ഏറ്റവും കൂടുതൽ ഫ്രണ്ട്ലി ആവുന്നതും സംസാരിക്കുന്നതും സംവിധായകരോടാണ്.'
'സംവിധായകന്റെ റോളാണ് എന്നെ ഏറ്റവും എക്സൈറ്റ് ചെയ്യിപ്പിച്ചിട്ടുള്ളത്. ഞാൻ അഭിനയിച്ചുകൊണ്ടിരുന്ന സമയത്ത് വലിയ സംവിധായകരിൽ പലരും എന്നിൽ ഒരു സംവിധായികയുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ആ വാക്കിന്റെ പുറത്താണ് ഞാൻ സ്ക്രിപ്റ്റ് എഴുതിയത്.'

'അത് പക്ഷെ സിനിമയാക്കാൻ പറ്റില്ല. സ്ക്രിപ്റ്റ് സിനിമയാക്കാൻ വേണ്ടി ഞാൻ കോഴിക്കോട് പോയി ഒരു നടനെ കണ്ടിരുന്നു. അദ്ദേഹത്തിനടുത്ത് കഥ പറഞ്ഞിരുന്നു. അദ്ദേഹം എട്ട് മണിയാണ് സമയം പറഞ്ഞത് പക്ഷെ അദ്ദേഹത്തിന്റെ ഷൂട്ടൊക്കെ തീർന്നപ്പോൾ പത്ത് മണിയായി.'
'പിന്നെ കഥ പറഞ്ഞ് തുടങ്ങി കഴിഞ്ഞപ്പോൾ എവിടെ വെച്ചോ ഒരു പക്ഷെ എന്റെ കഥ ഇഷ്ടമാവാത്തത് കൊണ്ടാണോ എന്തോ എനിക്കും ആ ആക്ടറും തമ്മിലുള്ള ലിങ്ക് നഷ്ടമായി. ഞാൻ നന്നായി കഥ പറയുന്നയാളാണ്. ഞാൻ കണ്ട സിനിമയുടെയും ഞാൻ ചെയ്യാൻ പോകുന്ന സിനിമയുടെയും കഥ നന്നായി പറയും. എന്റേത് നല്ല നറേഷനാണെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്.'
'എവിടെയോ എന്തോ പാളി. അദ്ദേഹം നോ പറഞ്ഞു. ഞാൻ തകർന്നുപോയി. കാരണം ലൈഫിൽ അങ്ങനൊരു നോ എനിക്ക് കിട്ടിയിട്ടില്ല. അതോടെ എന്റെ ആ എപ്പിസോഡ് അവിടെ ക്ലോസായി', എന്നാണ് നവ്യ നായർ പറയുന്നത്.
അഭിനയം കഴിഞ്ഞാൽ നൃത്തമാണ് നവ്യയ്ക്ക് എല്ലാം. സിനിമയിൽ നിന്നും വിട്ടുനിന്ന സമയത്തും നൃത്തത്തിൽ നവ്യ സജീവമായിരുന്നു. വെറും 25 വയസ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു നവ്യയുടെ വിവാഹം. താരത്തിന് ഒരു മകനുണ്ട്. ജാനകി ജാനേയാണ് ഏറ്റവും അവസാനം നവ്യ അഭിനയിച്ച് തിയേറ്ററുകളിലെത്തിയ സിനിമ.


Click it and Unblock the Notifications