'ഞാൻ നിങ്ങളുടെ മകളല്ല, എനിക്ക് എന്നെ അറിയാവുന്നതുപോലെ തന്നെ എന്നെ മനസിലാക്കുന്ന ഒരു കുടുംബം എനിക്കുണ്ട്'
ബിഗ് ബോസ് മലയാളം സീസൺ ആറിൽ സെക്കന്റ് റണ്ണറപ്പായിരുന്നു സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ ജാസ്മിൻ ജാഫർ. ബ്യൂട്ടി, ഫാഷൻ എന്നിവയുമായി ബന്ധപ്പെട്ട വ്ലോഗുകളും വീഡിയോയും ചെയ്താണ് ജാസ്മിൻ ശ്രദ്ധിക്കപ്പെട്ടത്. ഹൗസിലായിരുന്നപ്പോൾ ജാസ്മിന് ഏറ്റവും കൂടുതൽ വിമർശനം ലഭിച്ചത് നടൻ ഗബ്രി ജോസുമായുള്ള സൗഹൃദത്തിന്റെ പേരിലായിരുന്നു. ഷോ കഴിഞ്ഞ് ഇറങ്ങിയ ശേഷം ഇരുവരും ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ചാണ് യാത്രകളെല്ലാം ഇപ്പോൾ നടത്താറ്.
എന്നാൽ അടുത്തിടെയായി തന്റെ പേരും മുഖവും ഉപയോഗിച്ച് വളരെ മോശമായ തമ്പ്നെയിലുകളും വീഡിയോകളും സൃഷ്ടിച്ച് യുട്യൂബിൽ പ്രചരിപ്പിക്കുന്നവർക്കതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ ജാസ്മിൻ. എത്ര ചിരിച്ച് കളിച്ച് നടന്നാലും താനും ഗബ്രിയും മനുഷ്യരാണെന്നും തങ്ങളുടെ പേരിൽ വരുന്ന വ്യാജ വാർത്തകളും വീഡിയോകളും കാണുമ്പോൾ നോവുന്ന കുറച്ച് അധികം ആളുകൾ തങ്ങളുടെ വീട്ടിലുമുണ്ടെന്നും ജാസ്മിൻ പറയുന്നു.

തുടർന്നും ഇത്തരം പ്രവൃത്തികൾ ആരെങ്കിലും ചെയ്താൽ ശക്തമായ നടപടികൾ തന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും പുതിയ വീഡിയോയിൽ ജാസ്മിൻ പറഞ്ഞു. ജാസ്മിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ഇപ്പോൾ എനിക്കും ഗബ്രിക്കും നേരെ തീവ്രമായ സൈബർ ബുള്ളിയിങ് നടക്കാറില്ല. ബിഗ് ബോസിന് അകത്ത് വെച്ച് ഞങ്ങളെ ഇഷ്ടപ്പെടാതിരുന്നവർ ഇപ്പോൾ ഇഷ്ടപ്പെടുന്നുണ്ട്. പക്ഷെ ഈ സാഹചര്യത്തിലും ഒരു അറിവുമില്ലാത്ത കാര്യങ്ങൾ ഞങ്ങളെ കുറിച്ച് ചിലർ പടച്ചുവിടുന്നുണ്ട്.
ആ കീടാണുക്കളെ പറ്റി അടുത്തിടെ ഗബ്രി ഒരു ലൈവ് ചെയ്തിരുന്നു. അതിന് കാരണം ഗബ്രിയെ കുറിച്ച് വളരെ മോശമായ ഒരു സ്റ്റോറി സൃഷ്ടിച്ച് അത് എന്റെയും ഗബ്രിയുടെയും സുഹൃത്തുക്കളുടെ അക്കൗണ്ടിൽ കമന്റായി പോസ്റ്റ് ചെയ്തതുകൊണ്ടാണ്. കുറച്ചുനാൾ ഗബ്രി ഇത് സഹിച്ചു. പരിധിവിട്ടപ്പോൾ അവൻ പ്രതികരിച്ച് ലൈവ് ചെയ്തു.
പ്രൂഫ് കയ്യിലുണ്ട്, നേരിട്ട് കണ്ടിട്ടുണ്ട് എന്നൊക്കെ പറഞ്ഞാണ് ചിലർ കമന്റ് ചെയ്തത്. ഇതെല്ലാം കണ്ട് തന്നെ സ്നേഹിക്കുന്ന ചിലരെങ്കിലും തെറ്റിദ്ധരിച്ചാലോയെന്ന് കരുതിയാണ് ഗബ്രി ലൈവ് ചെയ്തത്. ആ ലൈവിൽ അവൻ എന്നെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. അവൻ അവനെ പറ്റി മോശം പറഞ്ഞവരെ കുറിച്ചാണ് സംസാരിച്ചത്. അതിനുശേഷം കുറച്ച് അധികം റിയാക്ഷൻ വീഡിയോകൾ വന്നു. അന്യരുടെ മാംസം തിന്ന് ജീവിക്കുന്ന ഒരു കൂട്ടം ആളുകളുണ്ട്.
ബിഗ് ബോസ് കഴിഞ്ഞ് പുറത്ത് വന്നശേഷം എനിക്ക് സഹിക്കാൻ പറ്റാവുന്നതിന്റെ അപ്പുറം ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ അപ്പോഴൊന്നും ഞാൻ സംസാരിക്കാനോ റിയാക്ട് ചെയ്യാനോ വന്നിട്ടില്ല. എന്നാൽ ചില റിയാക്ഷൻ ചാനലുകൾ തോന്നിവാസം മാത്രമാണ് പടച്ചുവിടുന്നത്. പേരോ അഡ്രസോ മേൽവിലാസമോ ഇല്ലാത്ത ചാനലുകളാണ് മിക്കതും. അവർ ബന്ധമില്ലാത്ത കാര്യങ്ങളിൽ എന്നെ വലിച്ചഴയ്ക്കരുത്. എന്റെ റിക്വസ്റ്റാണ്. കോപ്പിറൈറ്റ്, സ്ട്രൈക്ക്, കേസ് ഓക്കെ കൊടുക്കാൻ എനിക്ക് അറിയാം.

മൂന്ന് കോപ്പിറൈറ്റ് കിട്ടിയാൽ നിങ്ങളുടെ ചാനൽ പോകും. അനാവശ്യമായ തോന്നിവാസങ്ങൾ എഴുതിവിടാതെ ഇരിക്കുക. അനാവശ്യമായ തമ്പ്നെയിലുകൾ പടച്ചിറക്കാതെ ഇരിക്കുക. കാരണം ഇതൊക്കെ കണ്ട് നോവുന്ന കുറച്ച് അധികം ആളുകൾ ഞങ്ങളുടെ വീട്ടിലുമുണ്ട്. എത്ര ചിരിച്ച് കളിച്ച് നടന്നാലും ഞങ്ങളും മനുഷ്യരാണ്. ഗബ്രി അവന്റെ ലൈവിൽ അവനെ കുറിച്ച് വന്ന കാര്യങ്ങളാണ് പറഞ്ഞതാണ്.
പക്ഷെ ജാസ്മിൻ എന്ന രീതിയിൽ എന്നേയും എന്റെ വാപ്പയുടേയും പേരൊക്കെ വലിച്ചിഴച്ചു. എത്രയെന്ന് കരുതി മൈന്റ് ചെയ്യാതെ ഇരിക്കും. എന്നെ മനസ് അറിഞ്ഞ് സ്നേഹിക്കുന്നവർ മാത്രം മതി. അല്ലാതെ സപ്പോർട്ട് ചെയ്യുന്നുവെന്ന രീതിയിൽ ഓരോന്ന് വന്ന് വിളിച്ച് കൂവരുത്. എനിക്കും കുടുംബവും ജീവിതവുമുണ്ട്. അതുപോലെ ഒരു കമന്റ് ഞാൻ കണ്ടതാണ്... എന്റെ മകളായിരുന്നുവെങ്കിൽ ഞാൻ ട്രിപ്പിന് പോകാൻ സമ്മതിക്കില്ലായിരുന്നുവെന്ന്.
ഞാൻ എന്തായാലും നിങ്ങളുടെ മകളല്ല. എനിക്ക് എന്നെ അറിയാവുന്നതുപോലെ തന്നെ എന്നെ അറിയാവുന്ന ഒരു കുടുംബം എനിക്കുണ്ട്. അവർക്ക് എന്നെ വിശ്വാസമുണ്ടെങ്കിൽ ഞാൻ ട്രിപ്പ് പോകുന്നതിലോ ഞാൻ ഒരാളുമായി ഭക്ഷണം കഴിക്കുന്നതിലോ ഞാൻ ഒരാളുമായി സംസാരിക്കുന്നതിലോ അവർക്ക് ഒരു പരാതിയുമില്ല.
അതിൽ നിങ്ങൾ ആരും ദുഖിക്കുകയും സങ്കടപ്പെടുകയും ചെയ്യരുത്. ഇനിയെങ്കിലും മനുഷ്യന്റെ പച്ചമാംസം തിന്നാതിരിക്കാൻ ശ്രമിക്കുക എന്നാണ് ജാസ്മിൻ ജാഫർ പുതിയ വീഡിയോയിൽ പറഞ്ഞത്.


Click it and Unblock the Notifications