അവർ ഇടിച്ച് പിഴിഞ്ഞു, ബെഡ്ഷീറ്റ് പതിനാറ് പീസായി മടക്കിയാൽ എങ്ങനെയാകുമോ അതുപോലെ എന്നെ മടക്കി; ജാസ്മിൻ
സ്ട്രസ് സാവധാനത്തില്‍ നമ്മളെ കൊന്നൊടുക്കുന്ന ഒരു വില്ലനാണെന്ന് തന്നെ പറയാം. യാതൊരു അസുഖങ്ങളുമില്ലാത്തയാളാണെങ്കിലും കൊളസ്‌ട്രോള്‍, പ്രമേഹം, ബിപി തുടങ്ങിയ അസുഖങ്ങള്‍ക്കും ഡിപ്രഷന്‍ പോലുള്ള മാനസിക പ്രശനങ്ങള്‍ക്കും ഇത് വഴിയൊരുക്കും. സ്ട്രസ് കുറയ്ക്കാന്‍ പല വഴികളുണ്ട്. ഇതില്‍ പ്രധാനമാണ് യോഗ. യോഗയല്ലാതെ സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ് മസാജുകള്‍. വിവിധ തരം മസാജുകളുണ്ട്. തായ്ലന്റിലേക്ക് അവധി ആഘോഷിക്കാൻ പോകുന്നവരെല്ലാം പരീക്ഷിക്കുന്ന ഒന്നാണ് തായ്ലന്റിലെ പരമ്പരാഗത മസാജ്.
അവിടെ എവിടെ തിരിഞ്ഞാലും മസാജ് സെന്ററുകളാണ്. അത്തരത്തിൽ തായ്ലന്റിൽ അവധി ആഘോഷിക്കാൻ എത്തിയ ജാസ്മിൻ ജാഫറും മസാജ് പരീക്ഷിച്ചു. ഗബ്രിയുടെ അനുഭവം കേട്ടാണ് മസാജ് പരീക്ഷിക്കാമെന്ന് ജാസ്മിൻ തീരുമാനിച്ചത്. എന്നാൽ കേരളത്തിലുള്ളതുപോലുള്ള മസാജിങ് അല്ലെന്നും തന്നെ അവർ ഇടിച്ച് പിഴിഞ്ഞുവെന്നും പറയുകയാണ് ജാസ്മിൻ.

തായ്ലന്റ് യാത്രയുടെ രണ്ടാം ദിവസം ഫുക്കറ്റിലാണ് ജാസ്മിനും ഗബ്രിയും ചിലവഴിച്ചത്. ഫുക്കറ്റ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ വ്ലോഗിലാണ് തായ്ലന്റ് മജാസ് പരീക്ഷിച്ചപ്പോഴുള്ള അനുഭവം ജാസ്മിൻ പങ്കുവെച്ചത്. ഗബ്രി തായ്ലന്റിലോട്ട് വന്ന അന്ന് എന്നോട് പറഞ്ഞു ഞാൻ മസാജിങ്ങിന് പോയി ഇത്രയും റിലാക്സായിട്ടുള്ള ഒരു സാധനമില്ലെന്ന്.
അത് കേട്ട് മസാജിന് മസ്റ്റായും പോകണമെന്ന് തീരുമാനിച്ചാണ് ഞാൻ വന്നത്. തായ്ലന്റിൽ എങ്ങോട്ട് തിരിഞ്ഞാലും മസാജ് സെന്ററാണെന്നൊക്കെ ഞാൻ കേട്ടിട്ടുണ്ട്. അങ്ങനെ ഗബ്രി എന്നെ ഒരു പടകൂറ്റൻ മസാജ് സെന്ററിൽ കൊണ്ടുവന്നു. പ്രീമിയം മസാജ് സെന്ററിലാണ് ഞങ്ങൾ പോയത്. നല്ല മസാജായിരിക്കുമെന്ന് പ്രതീക്ഷിച്ചാണ് ഞാൻ പോയത്. ആദ്യം അവർ എനിക്ക് മസാജിങ് ടൈമിൽ ഇടാൻ ഡ്രസ് തന്നു.
അടുത്തിടെ ഫാമിലിക്കൊപ്പം മൂന്നാറിൽ ട്രിപ്പ് പോയപ്പോൾ ഞാൻ ഒരു മസാജ് ചെയ്തിരുന്നു. അവിടെ ഞാൻ ചെയ്ത മസാജിന്റെ ഓപ്പോസിറ്റായിരുന്നു ഇപ്പോൾ തായ്ലന്റിൽ നിന്നും ചെയ്തത്. ആദ്യം അവർ എന്നെ തിരിച്ച് കിടത്തി ബാക്കിലുള്ള ഇറച്ചി മുഴുവൻ ഫ്രണ്ടിലാക്കും. ആദ്യം ഇവർ ഞെക്കിയപ്പോൾ ഞാൻ വിചാരിച്ചു ഒരു പ്രഷറിൽ അറിയാതെ ചെയ്തതാകുമെന്ന്. അങ്ങനെയായിരുന്നില്ല. ആ പെണ്ണ് എന്റെ ദേഹത്ത് കയറിയിരുന്ന് ഡാൻസ് കളിക്കുകയായിരുന്നു.
വേദന എടുത്ത് വയ്യായിരുന്നു. ഗബ്രിയെ ഞാൻ ഒരുപാട് വിളിച്ചു. ഞാൻ കിടക്കുന്നതിന് അപ്പുറമാണ് ഗബ്രി കിടന്നത്. ഞാൻ വേദന അനുഭവിക്കുന്നത് കണ്ട് ഗബ്രി ചിരിക്കുകയായിരുന്നു. എന്നെ അവർ ഇടിച്ച് പിഴിഞ്ഞു. അവർ എന്റെ മുതുകിൽ പ്രസ് ചെയ്തപ്പോൾ ഞാൻ കരുതി എന്റെ കൃഷ്ണമണി വെളിയിൽ വന്നുവെന്ന്.

പിന്നീട് അവർ കാലിൽ കയറി ഇരുന്ന് കാല് തിരിച്ച് മടക്കി. ഒരു ബെഡ്ഷീറ്റ് പതിനാറ് പീസായി മടക്കിയാൽ എങ്ങനെയാകുമോ അതുപോലെ ആ തള്ള എന്നെ മടക്കി. തിരിച്ച് കിടത്തിയപ്പോൾ ഞാൻ കരുതി മയം കാണുമെന്ന്. പക്ഷെ എന്റെ കാലിലൊക്കെ ഞണ്ടിനെ പിടിക്കുന്നത് പോലെയാണ് അവർ പിടിച്ചത്. വേദനിച്ചു ഊപ്പാടിളകി. തായ്ലന്റ് മസാജിനെ കുറിച്ച് എല്ലാവരും പറയാറുണ്ട്. പക്ഷെ ഇവിടെ വന്ന് ഇത്രയും മോശം മസാജ് കിട്ടിയ ഏക വ്യക്തി ഞാനാകും.
പക്ഷെ മസാജ് കഴിഞ്ഞപ്പോൾ നല്ല സുഖമുണ്ട്. എന്നെ അവർ ഇടിച്ചുപിഴിയുന്ന സമയത്ത് അപ്പുറത്ത് നിന്ന് മറ്റാരെയോ ഇടിക്കുന്ന ശബ്ദം കേൾക്കാമായിരുന്നു. ആ സൗണ്ട് കേട്ട് ഗബ്രി സമാധിയായി എന്ന് ഞാൻ കരുതി. പക്ഷെ അത് മറ്റാരോ ആയിരുന്നു. ഈ മസാജ് ചെയ്ത് കഴിഞ്ഞാൽ ബ്ലഡ് സർക്കുലേഷൻ കൂടും എന്നും ജാസ്മിൻ പറഞ്ഞു.
വീഡിയോ വൈറലായതോടെ ജാസ്മിന്റെ തായ്ലന്റിൽ ട്രിപ്പ് വ്ലോഗിൽ ഏറ്റവും കൂടുതൽ ആസ്വദിച്ചത് ജാസ്മിന്റെ മസാജ് അനുഭവ വിവരണമായിരുന്നുവെന്നാണ് കമന്റുകൾ ഏറെയും. ജാസ്മിന്റെ ആദ്യത്തെ ഇന്റർനാഷണൽ ട്രിപ്പായിരുന്നു ഈ തായ്ലന്റ് യാത്ര.


Click it and Unblock the Notifications