'ഇനി നീ അവളെ സൂക്ഷിക്കുക... കണ്ടറിഞ്ഞ് ജീവിച്ചാൽ നിനക്ക് കൊള്ളാം'; വിഘ്നേഷിന് മുന്നറിയിപ്പ് നൽകി കിങ് ഖാൻ!
പ്രായഭേദതമന്യേ ഭാഷാ വ്യത്യാസമില്ലാതെ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ആരാധകരായുള്ള സൂപ്പർസ്റ്റാറാണ് ഇന്ത്യൻ സിനിമയുടെ കിങ് ഖാൻ ഷാരൂഖ്. ഒരു നടനെന്നതിലുപരിയായി പെരുമാറ്റവും സഹജീവികളോട് കാണിക്കുന്ന സ്നേഹത്തിന്റെയും പേരിലുമാണ് ഷാരൂഖിനെ ജനങ്ങൾ അതിരില്ലാതെ സ്നേഹിക്കുന്നത്.
ഒരു മിന്നായം പോലെ എങ്കിലും എസ്ആർകെയെ കാണാൻ സാധിച്ചിരുന്നെങ്കിലെന്ന് ആശിച്ച് മുംബൈയിലെ മന്നത്തിന് മുന്നിൽ കാത്തുനിൽക്കുന്നവർ നിരവധിയാണ്.
പിഞ്ചകുഞ്ഞുങ്ങളോട് ചോദിച്ചാൽ പോലും ഷാരൂഖ് ഖാൻ എന്ന പേര് വിളിച്ച് പറയും. പത്താൻ സൃഷ്ടിച്ച വിജയത്തിന് ശേഷം മറ്റൊരു ബ്ലോക്ക് ബസ്റ്റർ കൂടി ഇന്ത്യൻ സിനിമയ്ക്ക് നൽകാനുള്ള തയ്യാറെടുപ്പിലാണ് ഷാരൂഖ്. പാൻ ഇന്ത്യൻ സിനിമയായ ജവാനിലൂടെ ബോളിവുഡിനെ രക്ഷിക്കാൻ കഴിയുമെന്ന പ്രതീക്ഷ ഷാരൂഖിനുണ്ട്.
ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാജാ റാണി, തെറി, മെർസൽ പോലുള്ള ഹിറ്റുകൾ സമ്മാനിച്ച അറ്റ്ലി കുമാറാണ്. ഷാരൂഖിനൊപ്പമുള്ള അറ്റ്ലിയുടെ ആദ്യത്തെ സിനിമയാണ് ജവാൻ. ചിത്രത്തിന്റെ അടുത്തിടെ പുറത്തിറങ്ങിയ പ്രീവ്യു ടീസറിന് ഗംഭീര വരവേൽപ്പാണ് ലഭിച്ചത്.

പത്താന്റെ കലക്ഷൻ റെക്കോർഡുകൾ നിഷ്പ്രയാസം ജവാന് മറികടക്കാൻ സാധിക്കുമെന്നും ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്. കൂടാതെ വിജയ് സേതുപതി, പ്രിയാമണി, നയൻതാര, സാനിയ മൽഹോത്ര, യോഗി ബാബു തുടങ്ങിയ വമ്പൻ താരനിരയും സഞ്ജയ് ദത്ത്, ദീപിക പാദുക്കോൺ, ജോസഫ് വിജയ് തുടങ്ങിയവരുടെ അതിഥിവേഷങ്ങളും മൂലം വമ്പൻ പ്രതീക്ഷകളോടെയാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.
നിരവധി വ്യത്യസ്തമായ ഗെറ്റപ്പുകളിലാണ് ചിത്രത്തിൽ ഷാരൂഖ് എത്തുന്നത്. നയൻതാരയുടെ ആദ്യ ബോളിവുഡ് അരങ്ങേറ്റവും ജവാനിലൂടെ സംഭവിക്കാൻ പോവുകയാണ്. തൊട്ടതെല്ലാം ഹിറ്റാക്കിയ ചരിത്രമുള്ള അറ്റ്ലിയുടെ കരിയറിൽ ഒരു നാഴികകല്ലായി ജവാൻ മാറുമെന്നും ആരാധകർ കുറിക്കുന്നു.
പ്രിവ്യൂവിന് 100 മില്യണിലേറെ കാഴ്ചക്കാരെയാണ് ഇതുവരെ ലഭിച്ചത്. ചിത്രം അടുത്തമാസം റിലീസ് ചെയ്യാനിരിക്കെ ഷാരൂഖ് ഖാനുവേണ്ടി ട്വിറ്ററിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു അറ്റ്ലി. എപ്പോഴും കണ്ടിരുന്ന ഒരു സ്വപ്നത്തിലാണ് താനിപ്പോള്‍ ജീവിക്കുന്നതെന്ന് തോന്നുന്നതായി അറ്റ്ലി ട്വീറ്റ് ചെയ്തു. ഷാരൂഖ് ഖാനെ യഥാർഥ രാജാവെന്നാണ് സംവിധായകൻ വിശേഷിപ്പിച്ചത്.
സിനിമയോടുള്ള നിങ്ങളുടെ അഭിനിവേശവും കഠിനാധ്വാനവും കഴിഞ്ഞ മൂന്നുവർഷമായി അടുത്തുകാണുന്നു. ഇത് പ്രചോദനവും ആവേശവും നൽകുന്നതാണ്. ഈ മികച്ച അവസരത്തിന് മുഴുവൻ ടീമിന്റെയും പേരിൽ ഒരിക്കൽ കൂടി നന്ദി പറയുന്നുവെന്നും അറ്റ്ലി കുറിച്ചു.

അതേസമയം വളരെ രസകരമായിട്ടാണ് അറ്റ്ലിയെ കുറിച്ച് ഷാരൂഖ് ട്വീറ്റ് ചെയ്തത്. 'സാർ... മാസ്... നീയാണ് മനുഷ്യൻ... എല്ലാത്തിനും നന്ദി', എന്നായിരുന്നു അറ്റ്ലിക്കായി ഷാരൂഖ് കുറിച്ച ട്വീറ്റ്. നായിക നയൻതാരയെ കുറിച്ചും എസ്ആർകെ ട്വീറ്റ് ചെയ്തു. വിഘ്നേഷ് ശിവന് ഒരു മുന്നറിയിപ്പ് നൽകുന്നത് പോലെയായിരുന്നു ഷാരൂഖിന്റെ ട്വീറ്റ്.
'വിഘ്നേഷ് ശിവൻ... എല്ലാ സ്നേഹത്തിനും നന്ദി. നയൻതാര അതിഗംഭീരമാണ്... ഓ... ആരോടാണ് ഞാനിത് പറയുന്നത്... നിങ്ങൾക്ക് ഇക്കാര്യം മുമ്പെ തന്നെ അറിയാമല്ലോ?. പക്ഷെ ഹബ്ബി... ഇനി നീ സൂക്ഷിക്കുക. അവൾ ഇപ്പോൾ ചില പ്രധാന കിക്കുകളും പഞ്ചുകളും പഠിച്ചു', എന്നാണ് ഷാരൂഖ് കുറിച്ചത്. നിമിഷ നേരങ്ങൾക്കുള്ളിൽ ട്വീറ്റ് വൈറലായി.
ജവാന്റെ ടീസർ പുറത്ത് വന്നശേഷം ഭാര്യയെ പുകഴ്ത്തി വിഘ്നേഷ് ശിവനും രംഗത്തെത്തിയിരുന്നു. ഇരുവരുടെയും വിവാഹ ചടങ്ങിലെ വിശിഷ്ടാതിഥി ഷാരൂഖ് ഖാൻ ആയിരുന്നു. ടീസറിലെ നയൻതാരയുടെ പ്രകടനം മികച്ചതാണെന്നാണ് സിനിമാപ്രേമികളും അഭിപ്രായപ്പെടുന്നത്. ഭാര്യ എന്നതിലുപരിയായി നല്ലൊരു അമ്മ എന്ന് കൂടിയാണ് പലപ്പോഴും നയൻസിനെ വിഘ്നേഷ് വിശേഷിപ്പാക്കാറ്.


Click it and Unblock the Notifications