കല്യാണത്തിന് മുമ്പേ അക്കാര്യം വ്യക്തമാക്കിയതാണ്; അമ്മായിയമ്മ പറഞ്ഞത്; പ്രിയാമണിയുടെ വാക്കുകൾ
അഭിനയിച്ച ഭാഷകളിലെല്ലാം ശ്രദ്ധേയ സാന്നിധ്യമാകാൻ കഴിഞ്ഞ നടിയാണ് പ്രിയാമണി. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം വരെ നേടിയ പ്രിയാമണിക്ക് ഇന്ന് കൈ നിറയെ അവസരങ്ങളാണ്. ജവാനാണ് നടിയുടെ പുതിയ ചിത്രം. ശ്രദ്ധേയ വേഷമാണ് ചിത്രത്തിൽ നടിക്ക് ലഭിച്ചത്. വിവാഹശേഷമാണ് പ്രിയാമണി കരിയറിൽ കൂടുതൽ സജീവമായതെന്ന് ഏവരും പറയാറുണ്ട്. 2017 ലാണ് മുസ്തഫ രാജുമായി പ്രിയാമണി വിവാഹിതയായത്. പ്രണയവിവാഹം ആയിരുന്നു.
വിവാഹശേഷം അഭിനയ രംഗത്ത് തുടർന്നതിനെക്കുറിച്ചും മികച്ച അവസരങ്ങൾ ലഭിച്ചതിനെക്കുറിച്ചും സംസാരിക്കുകയാണ് പ്രിയാമണിയിപ്പോൾ. ഇന്ത്യാ ഗ്ലിറ്റ്സ് തമിഴിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വിവാഹം കഴിഞ്ഞ ശേഷം നടിമാർക്ക് ചേച്ചി റോളുകളല്ലാതെ നല്ല വേഷങ്ങൾ ഇപ്പോൾ ലഭിക്കുന്നുണ്ടെന്ന് പ്രിയാമണി ചൂണ്ടിക്കാട്ടി.

കല്യാണം കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിൽ ഒരു മലയാളം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. നീ പോയി സിനിമ ചെയ്യെന്നാണ് ഭർത്താവ് പറഞ്ഞത്. അച്ഛനും അമ്മയുമല്ലാതെ ഭർത്താവിന്റെയും വീട്ടുകാരുടെയും പിന്തുണ കൂടി ലഭിച്ചാൽ പകുതി പ്രതിസന്ധികളും കഴിഞ്ഞു. കാരണം കല്യാണത്തിന് ശേഷം നീ അഭിനയിക്കേണ്ടെന്ന് ചിലർ പറയും. പക്ഷെ എനിക്ക് അക്കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നു.
കല്യാണം കഴിഞ്ഞ ശേഷം സിനിമകൾ വരുമോ എന്നറിയില്ല. വന്നാൽ ഞാൻ അഭിനയിക്കുമെന്ന് കല്യാണത്തിന് മുമ്പേ ഞാൻ പറഞ്ഞു. ഒരു പ്രശ്നവുമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. കുഴപ്പമില്ല, നീ പോയി അഭിനയിക്ക് എന്ന് അദ്ദേഹത്തിന്റെ വീട്ടുകാരും പറഞ്ഞു. ഷാരൂഖ് ഖാനുണ്ടെങ്കിൽ ഞാൻ വരും, എനിക്കദ്ദേഹത്തെ കാണണം എന്നാണ് അമ്മായിയമ്മ പറയുന്നത്. അവർ അത്രയും പിന്തുണ തന്റെ സിനിമാ കരിയറിന് തരുന്നുണ്ടെന്നും പ്രിയാമണി വ്യക്തമാക്കി.

കല്യാണത്തിന് രണ്ട് ദിവസം മുമ്പ് പോലും ബാംഗ്ലൂരിൽ ഒരു ഷോ ഹോസ്റ്റ് ചെയ്തിരുന്നെന്നും പ്രിയാമണി വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ വരുന്ന മോശം കമന്റുകളെക്കുറിച്ചും പ്രിയാമണി സംസാരിച്ചു. മോശം കമന്റുകളെ കാര്യമാക്കേണ്ടതില്ല. ഫാമിലി മാൻ സീരീസിലെ കഥാപാത്രത്തിനായി ഞാൻ ശരീരഭാരം കൂട്ടി. ഇപ്പോൾ ഞാൻ വണ്ണം കുറച്ചു. വണ്ണം കൂടിയാൽ മെലിഞ്ഞപ്പോഴായിരുന്നു നല്ലതെന്ന് പറയും. മെലിഞ്ഞാൽ വണ്ണം വെച്ചപ്പോഴായിരുന്നു നല്ലതെന്നും പറയും. ആളുകൾ പറഞ്ഞ് കൊണ്ടേയിരിക്കും.
കമന്റുകൾ വായിക്കാറുണ്ട്. പക്ഷെ പ്രതികരിക്കാറില്ല. നിങ്ങൾക്ക് പറയാനുള്ളത് പറഞ്ഞോ. എന്റെ ആന്റിയെന്ന് വിളിക്കണമെങ്കിൽ വിളിച്ചോളൂ. നാളെ നിങ്ങളും ഇതേ സാഹചര്യത്തിലൂടെ കടന്ന് പോകും. എനിക്ക് 39 വയസായെന്ന് ഞാൻ അഭിമാനത്തോടെ പറയും. അടുത്ത വർഷം 40 തികയും. പക്ഷെ ഞാൻ ഹോട്ട് ആണ്. അതിൽ താൻ സന്തോഷിക്കുന്നെന്നും പ്രിയാമണി വ്യക്തമാക്കി.
സിനിമാ രംഗത്ത് തുടക്കം കുറിച്ച സമയത്ത് തോന്നിയ സംഭവത്തെക്കുറിച്ചും പ്രിയാമണി സംസാരിച്ചു. 'കൺകൾ കൈദു സെയ്' എന്ന ആദ്യ സിനിമ റിലീസ് ചെയ്യാൻ ഒരു വർഷമെടുത്തു. റിലീസ് ചെയ്തപ്പോൾ ഭാരതിരാജ സാറുടെ സിനിമയിൽ പ്രിയാമണി ഓവർ ആക്ടിംഗ് ചെയ്തെന്ന വിമർശനങ്ങൾ വന്നു. അന്ന് വിഷമം തോന്നി. എന്നാൽ പിന്നീട് വന്ന തന്റെ സിനികളിലെ പ്രകടനം കണ്ട് തന്നെ ഇതേ ആളുകൾ പുകഴ്ത്തിയെന്നും പ്രിയാമണി ചൂണ്ടിക്കാട്ടി.
നായികാ വേഷം മാത്രമേ ചെയ്യൂ എന്ന നിർബന്ധം പ്രിയാമണിക്ക് ഇന്നില്ല. മികച്ച സിനിമകളിൽ ചെറിയ വേഷമാണെങ്കിലും ചെയ്യാൻ നടി തയ്യാറാകുന്നു. ജവാന് പുറമെ അടുത്തിടെയിറങ്ങിയ ഒരുപിടി സിനിമകളിലും നടി സഹനായിക വേഷം ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications