രണ്ട് തവണ അബോർഷനായി; കുഞ്ഞിന് ജന്മം നൽകില്ലെന്ന് അവർ വാക്ക് കൊടുത്തെന്ന് തോന്നുന്നു; സുഹൃത്ത്
ഇന്ത്യൻ സിനിമാ രംഗത്ത് തരംഗം സൃഷ്ടിച്ച നടിയാണ് ജയപ്രദ. തെലുങ്ക്, ഹിന്ദി സിനിമാ രംഗത്ത് എൺപതുകളിലും തൊണ്ണൂറുകളിലും സെൻസേഷനായി മാറിയ ജയപ്രദ ഒട്ടനവധി ഹിറ്റ് സിനിമകളിൽ നായികയായി. ജയപ്രദയുടെ സൗന്ദര്യത്തെ പുകഴ്ത്താത്തവർ അക്കാലത്ത് കുറവാണ്. ഇന്ത്യൻ സ്ക്രീനിലെ ഏറ്റവും സുന്ദരമായ മുഖം എന്നാണ് വിഖ്യാത ഫിലിം മേക്കർ സത്യജിത് റായ് ജയപ്രദയെ വിശേഷിപ്പിച്ചത്. കരിയറിൽ തിളങ്ങി നിൽക്കുന്ന കാലത്ത് അഭിനയ രംഗം വിട്ട ജയപ്രദ പിന്നീട് രാഷ്ട്രീയത്തിൽ സജീവമായി.
ജയപ്രദയുടെ വ്യക്തിജീവിതം പലപ്പോഴും ചർച്ചയായിട്ടുണ്ട്. നിർമാതാവ് ശ്രീകാന്ത് നഹദയെയാണ് നടി വിവാഹം ചെയ്തത്. ആദ്യ വിവാഹബന്ധം നിലനിൽക്കെയാണ് ശ്രീകാന്ത് ജയപ്രദയെ വിവാഹം ചെയ്തത്. ആദ്യ ബന്ധത്തിൽ രണ്ട് മക്കളും ഇദ്ദേഹത്തിനുണ്ട്. അതിനാൽ തന്നെ ജയപ്രദ-ശ്രീകാന്ത് വിവാഹം അക്കാലത്ത് വിവാദമായി. ജയപ്രദയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് സുഹൃത്തും നടിയുമായ കുട്ടി പത്മിനി മുമ്പൊരിക്കൽ സംസാരിച്ചിട്ടുണ്ട്. കുട്ടി പത്മിനിയുടെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്.

കല്യാണം കഴിഞ്ഞ് കുട്ടികൾ വേണമെന്ന് ജയപ്രദയ്ക്ക് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ അവർ ആഗ്രഹിച്ചത് പോലൊരു വിവാഹ ജീവിതം ജയപ്രദയ്ക്കുണ്ടായില്ല. സുന്ദർലാൽ നഹ്ത അക്കാലത്തെ പ്രമുഖ നിർമാതാവും ഡിസ്ട്രിബ്യൂട്ടറുമാണ്. അദ്ദേഹം ഫൈനാൻസ് ചെയ്ത സിനിമകളിൽ ജയപ്രദ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മകനുമായി ജയപ്രദ പ്രണയത്തിലായി. പക്ഷെ അദ്ദേഹത്തിന് നേരത്തെ കല്യാണം കഴിഞ്ഞ് കുട്ടികളുണ്ട്. എങ്കിൽ പോലും ജയപ്രദ അദ്ദേഹത്തെ വിവാഹം ചെയ്തു.
നിയമപരമായി അല്ലാതെ വീട്ടിൽ ഒരു ചടങ്ങ് നടത്തിയാണ് വിവാഹം നടന്നത്. രണ്ട് തവണ ജയപ്രദയ്ക്ക് അബോർഷൻ നടന്നു. കുട്ടികളെ പ്രസവിക്കില്ല എന്ന് ഭർത്താവിന് ജയ വാക്കുകൊടുത്തെന്നാണ് ഞാൻ കരുതുന്നത്. തന്റെ സഹോദരിയുടെ മകനെ നടി ദത്തെടുത്തു. ബോംബെയിൽ പോകുമ്പോഴൊക്കെ അവരെ കാണാറുണ്ട്. വിമാനത്തിൽ വെച്ച് കണ്ട് മുട്ടിയാൽ ഒപ്പമിരിക്കുന്ന ആളെ മാറ്റി എന്നെ അടുത്തിരുത്തും.

ജീവിതം ശൂന്യമായത് പോലെയുണ്ടോ എന്ന് ഞാൻ ചോദിച്ചു. ഇല്ല, ഞാൻ ഹാപ്പിയാണ്, ഞാൻ പഠിച്ച വലിയൊരു പാഠമാണിതെന്ന് ജയപ്രദ തന്നോട് ഒരിക്കൽ പറഞ്ഞെന്നും കുട്ടി പത്മിനി ഓർത്തു. 1994 ൽ കരിയറിന്റെ പീക്കിൽ നിൽക്കുമ്പോഴാണ് ജയപ്രദ രാഷ്ട്രീയ പ്രവേശനം നടത്തുന്നതെന്നും കുട്ടി പത്മിനി ചൂണ്ടിക്കാട്ടി. വളരെ സൗമ്യയാണ് ജയപ്രദ. പക്ഷെ അനുയോജ്യനായ ഒരാളെ ജയപ്രദയ്ക്ക് പങ്കാളിയായി ലഭിച്ചില്ല. അവർക്ക് ജീവിതത്തിൽ എല്ലാ നൻമകളും ഉണ്ടാകട്ടെയെന്നും കുട്ടി പത്മിനി അന്ന് ആശംസിച്ചു.
ആന്ധ്രപ്രദേശിലാണ് ജയപ്രദ ജനിച്ച് വളർന്നത്. ലളിത റാണി റാവു എന്ന ജയയുടെ യഥാർത്ഥ പേര്. പിതാവ് കൃഷ്ണ റാവു തെലുങ്ക് സിനിമകളുടെ ഫിനാൻഷ്യർ ആയിരുന്നു. മലയാളത്തിൽ ദേവദൂതൻ, പ്രണയം തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷം ജയപ്രദ ചെയ്തിട്ടുണ്ട്. ഈ രണ്ട് സിനിമകളും ഇന്നും പ്രേക്ഷകമനസിൽ നിലനിൽക്കുന്നു. കിണർ ആണ് നടി അവസാനമായി അഭിനയിച്ച മലയാള സിനിമ. വ്യക്തി ജീവിതത്തിൽ പല വിവാദങ്ങൾ വന്നപ്പോഴും ഇതേക്കുറിച്ച് സംസാരിക്കാൻ ജയപ്രദ പലപ്പോഴും തയ്യാറായിട്ടില്ല.


Click it and Unblock the Notifications











