മാളവിക എല്ലാ കാര്യത്തിനും ഒപ്പമുണ്ടാവും! ഇങ്ങനൊരു അനിയത്തിയെ കിട്ടിയത് ഭാഗ്യമാണെന്ന് കാളിദാസ് ജയറാം!
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് ജയറാമിന്റേത്. പത്മരാജനായിരുന്നു ഈ അഭിനേതാവിനെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത്. പാര്‍വതിയുമായുള്ള പ്രണയത്തെക്കുറിച്ചും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചുമൊക്കെ താരം മുന്‍പ് തന്നെ തുറന്നുപറഞ്ഞിരുന്നു. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു പാര്‍വതി. നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും പാര്‍വതി സ്വീകരിച്ചിരുന്നില്ല. അച്ഛനും അമ്മയ്ക്കും പിന്നാലെയായാണ് കാളിദാസും സിനിമയിലെത്തിയത്.
ബാലതാരമായി കാൡദാസിനെ പരിചയപ്പെടുത്തിയത് സത്യന് അന്തിക്കാടായിരുന്നു. എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലും കാളിദാസ് അഭിനയിച്ചിരുന്നു. എന്നാണ് കാളിദാസ് നായകനായി അഭിനയിക്കുന്നതെന്നറിയാനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. പൂമരമെന്ന ചിത്രത്തിലൂടെയായിരുന്നു കാളിദാസ് നായകനായി അരങ്ങേറിയത്. മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിരുന്നു. ജാക് ആന്‍ഡ് ജില്ലാണ് ഇനി താരപുത്രന്റേതായി ഒരുങ്ങുന്ന ചിത്രം. മക്കളെക്കുറിച്ച് വാചാലരായെത്തിയിരിക്കുകയാണ് ജയറാമും പാര്‍വതിയും. കേരളകൗമുദിക്ക് നല്കിയ അഭിമുഖത്തിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

മക്കളെക്കുറിച്ച് ജയറാമും പാര്‍വതിയും
ക്ഷമാശീലനാണ് കണ്ണന്, അവന്റെ വലിയ പ്ലസ് പോയിന്റാണ്. ഒരു കാര്യത്തിനും ധൃതി പിടിക്കുന്ന പ്രകൃതമല്ല. മലയാളത്തില്‍ അവന് നായകനായി എത്താന്‍ വൈകിയതിന് പിന്നിലെ കാരണവും ഇതാണ്. വളരെ ആലോചിച്ചേ തിരുമാനങ്ങളെടുക്കൂ.ആത്മവിശ്വാസത്തിന്റെ കലവറയാണ് കണ്ണനെന്ന് തോന്നിട്ടുണ്ട്. ഇന്നു വരെ അവനോട് മുഖം കറുപ്പിച്ച് സംസാരിക്കേണ്ടി വന്നിട്ടില്ല. എല്ലാം കാര്യത്തെയും വളരെ പക്വതയോടെയാണ് സമീപിക്കുന്നതെന്നും ജയറാം പറയുന്നു.

കണ്ണന്റെ ഫോട്ടോ കോപ്പി
വളരെ വൈകിയാണ് ഞാന്‍ കണ്ണന്റെ ലെവലിലേക്ക് എത്തിയത്. നല്ല സ്വഭാവങ്ങളും ശീലങ്ങളും മാത്രമേ അവനില്‍ കണ്ടിട്ടുള്ളൂ. മാളവിക ഏറക്കുറെ കണ്ണന്റെ ഫോട്ടോ കോപ്പിയാണ്. കുട്ടികൾ ഇങ്ങനെയൊക്കെയായതിന്റെ ക്രെഡിറ്റ് അശ്വതിക്കാണ്(പാർവതി).ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഞാൻ അധികവും പുറത്തായിരിക്കുമല്ലോ.അതു കൊണ്ട് അശ്വതിയാണ് അവരുടെ സ്വഭാവരൂപീകരണത്തിൽ നല്ലൊരു പങ്കുവഹിച്ചതെന്നും ജയറാം സാക്ഷ്യപ്പെടുത്തുന്നു.
Recommended Video

ദേഷ്യപ്പെടാറില്ല
അച്ഛനും അമ്മയുമാണ് ഞങ്ങളുടേയും മാതൃക. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും അവര്‍ ആരോടും ദേഷ്യപ്പെട്ട് സംസാരിക്കുന്നത് കണ്ടിട്ടില്ല. എല്ലാവരോടും സ്നേഹത്തോടെയാണ് പെരുമാറാറുള്ളത്. വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരോടും ബഹുമാനത്തോടെയാണ് പെരുമാറാറുള്ളത്. അതു കൊണ്ട് തന്നെ ഇങ്ങനെയൊരു മാതാപിതാക്കളെ കിട്ടിയതിൽ ഞാൻ അഭിമാനിക്കുന്നു.മാളവികയുടെ കാര്യം പറയുകയാണെങ്കിൽ അവൾ എന്ത് കാര്യത്തിലും കൂടെയുണ്ടാകും.ഇങ്ങനെയൊരു കുഞ്ഞനുജത്തിയെ കിട്ടിയത് എന്റെ ഭാഗ്യമാണെന്നായിരുന്നു കാളിദാസ് പറഞ്ഞത്.

മാളവിക പറഞ്ഞത്
കണ്ണന്റെയും എന്റെയും റോൾമോഡൽ അച്ഛനും അമ്മയുമാണ്. അവരെ കണ്ടാണ് ഞങ്ങൾ പഠിക്കുന്നത്. എന്തു കാര്യമുണ്ടെങ്കിലും അച്ഛനോടും അമ്മയോടും തുറന്നുപറയും. തമാശയാണെങ്കിലും ഗൗരവമുള്ളതാണെങ്കിലും അച്ഛനോടും അമ്മയോടുമായിരിക്കും ആദ്യം പറയുക. അച്ഛനും അമ്മയും ഒരിക്കൽ പോലും ഞങ്ങളെ ശകാരിച്ചിട്ടില്ല. അവർ എപ്പോഴും കാണിക്കുന്ന ആ വാത്സല്യമാണ് അവരിൽ ഞാൻ കാണുന്ന നല്ല ഗുണങ്ങളെന്നായിരുന്നു മാളവിക പറഞ്ഞത്.

പേടിയില്ലായിരുന്നു
കണ്ണന് ഒരു കാര്യത്തിലും പേടിയില്ലെന്നായിരുന്നു പാര്‍വതി പറഞ്ഞത്. കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ ഷൂട്ടിംഗ് കാണാന്‍ പോവാറുണ്ടായിരുന്നു. അതിന് ശേഷം അവന് അഭിനയിച്ചപ്പോഴും പേടിയൊന്നുമുണ്ടായിരുന്നില്ല. ഞങ്ങളുടെയൊന്നും അവസ്ഥ അതായിരുന്നില്ല. കണ്ണന്റെ ഈ ധൈര്യം എനിക്ക് സന്തോഷം തരുന്ന കാര്യമാണ്. മാളവികയാകട്ടെ അടക്കവും ഒതുക്കവും വന്ന പെൺകുട്ടിയാണ്.കണ്ണനും മാളവികയും ഒരിക്കൽ പോലും വഴക്കുണ്ടാക്കി കണ്ടിട്ടില്ലെന്നും പാര്‍വതി പറഞ്ഞിരുന്നു.


Click it and Unblock the Notifications











