'കന്യാദാനം ചെയ്യേണ്ടത് വധുവിന്റെ അച്ഛനല്ലേ..? പാവം അദ്ദേഹം അതിന് കാത്തിരിക്കുകയായിരുന്നു'; ജയറാമിന് വിമർശനം!
ചെന്നൈയിൽ സ്ഥിര താമസമാണെങ്കിലും കേരളം എന്നേക്കും ജയറാമിന് പ്രിയപ്പെട്ടതാണ്. മക്കൾ വളർന്നതെല്ലാം തമിഴ്നാട്ടിലായിരുന്നുവെങ്കിലും മലയാള മണ്ണുമായി മക്കൾക്കുള്ള ബന്ധം വിട്ടുപോകാതിരിക്കാൻ ജയറാമും പാർവതിയും എന്നും ശ്രദ്ധിച്ചിരുന്നു. അച്ഛനേയും അമ്മയേയും പോലെ തന്നെ കണ്ണനും ചക്കിയും അഭിനയ മേഖലയിലേക്ക് എത്തിയിരുന്നു. കണ്ണനെന്ന കാളിദാസിനെ കുട്ടിക്കാലം മുതൽ മലയാളികൾ കാണുന്നതാണ്.
രണ്ട് സിനിമകളിൽ മാത്രം ബാലതാരമായി അഭിനയിച്ചശേഷം പഠനത്തിലേക്ക് ശ്രദ്ധ തിരിച്ച കാളിദാസ് കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷമാണ് സിനിമയിലേക്ക് രണ്ടാം വരവ് നടത്തിയത്. തമിഴ് സിനിമയിലാണ് കാളിദാസ് കൂടുതൽ തിളങ്ങുന്നത്. ജയറാമിന്റെ മകളായ മാളവിക ചില മ്യൂസിക്ക് വീഡിയോകളിലും പരസ്യ ചിത്രങ്ങളിലും മാത്രമാണ് അഭിനയിച്ചത്. വിവാഹശേഷം യുകെയിൽ സെറ്റിൽഡാണ് മാളവിക.

ഇക്കഴിഞ്ഞ മെയ്യിലായിരുന്നു മാളവികയുടെ വിവാഹം. അനിയത്തിക്ക് പിന്നാലെ ഇപ്പോഴിതാ കാളിദാസും വിവാഹിതനായിരിക്കുന്നു. ജയറാമും പാർവതിയും ഒന്നിച്ച ഗുരുവായൂർ അമ്പലനട തന്നെയാണ് കാളിദാസും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷത്തിനായി തെരഞ്ഞെടുത്തത്. നീലഗിരി സ്വദേശിയായ ഇരുപത്തിനാലുകാരിയായ തരിണി കലിംഗരായരാണ് കാളിദാസിന്റെ വധു. സിനിമയിൽ അരങ്ങേറിയിട്ടില്ലെങ്കിലും താരിണി മോഡലിങിൽ സജീവമാണ്.
മൂന്ന് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷമാണ് കാളിദാസും താരിണിയും വിവാഹിതരായിരിക്കുന്നത്. താലികെട്ട് ചടങ്ങിനും സദ്യയ്ക്കും ശേഷം ജയറാമും കുടുംബവും തിരികെ ചെന്നൈയിലേക്ക് മടങ്ങി. കാളിദാസിന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള മറ്റ് ആഘോഷങ്ങളെല്ലാം ചെന്നൈയിലാണത്രെ.
വധുവും കുടുംബവും തമിഴ്നാട് സ്വദേശികളായതാനിലാകും ചെന്നൈയിൽ വിവാഹത്തിന്റെ മറ്റ് ആഘോഷങ്ങൾ നടത്താൻ താരകുടുംബം തീരുമാനിച്ചത്. അതേസമയം കാളിദാസിന്റെയും താരിണിയുടെയും വിവാഹ ചടങ്ങുകളുടെ വീഡിയോ വൈറലായതോടെ ഏറ്റവും കൂടുതൽ വിമർശനം ഏറ്റുവാങ്ങേണ്ടി വരുന്നത് വരന്റെ അച്ഛനായ ജയറാമിനാണ്. പൊതുവെ സെലിബ്രിറ്റി വിവാഹങ്ങൾ നടന്ന് കഴിയുമ്പോൾ വിമർശനം ഏറ്റവും കൂടുതൽ ലഭിക്കുക വരനും വധുവിനുമാകും.
എന്നാൽ കാളിദാസിന്റെ വിവാഹ ചടങ്ങിന്റെ ദൃശ്യങ്ങൾ കണ്ട് സോഷ്യൽമീഡിയ വിമർശിക്കുന്നത് ജയറാമിനെയാണ്. ഹൈന്ദവ ആചാര പ്രകാരമുള്ള വിവാഹസമയത്തെ ഒരു പ്രധാന ചടങ്ങാണ് കന്യദാനം. പിതാവ് തന്റെ പുത്രിയുടെ വലതുകൈ വെറ്റിലയോട് കൂടി വരനെ പിടിപ്പിക്കുന്നതാണ് ഈ കർമ്മം.

പിതാവിന്റെ അഭാവത്തിൽ പിത്യസ്ഥാനത്ത് നിന്ന് സഹോദരനും കന്യാദാനം നടത്തം. തന്റെ പുത്രിയെ അല്ലെങ്കിൽ സഹോദരിയെ ഇനിയുള്ള കാലം നിനക്കായി നൽകിയിരിക്കുന്നു എന്നതാണ് ഈ കീഴ്‌വഴക്കത്തിനാദാരം. കാളിദാസ്-താരിണി താലികെട്ട് ചടങ്ങിനുശേഷം ക്ഷേത്ര സന്നിധിയിൽ വെച്ച് കന്യാദാന ചടങ്ങ് നടത്തിയത് ജയറാമാണെന്നാണ് സോഷ്യൽമീഡിയയുടെ കണ്ടുപിടിത്തം. താലികെട്ടിനുശേഷം ചടങ്ങുകൾക്ക് നേതൃത്വം വഹിച്ച കാർമികന്റെ നിർദേശപ്രകാരം വധു താരിണിയുടെ കൈ പിടിച്ച് കാളിദാസിനെ ഏൽപ്പിച്ച് കന്യാദാന ചടങ്ങ് നടത്തുന്ന ജയറാമിനെ കാണാം.
താരിണിയുടെ പിതാവ് ചടങ്ങുകൾ വീക്ഷിച്ച് സമീപത്ത് നിൽക്കുന്നതും കാണാം. ദൃശ്യങ്ങൾ വൈറലായതോടെ കന്യാദാനം ചെയ്യേണ്ടത് വധുവിന്റെ അച്ഛനല്ലേ..? ജയറാം എന്തിന് ചെയ്തുവെന്ന രീതിയിലാണ് കമന്റുകൾ. ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷമല്ലേ... ചുറ്റും കൂടിയവർക്കോ ചടങ്ങുകൾക്ക് നേതൃത്വം വഹിച്ച കാർമികനോ ഇതൊക്കെ ശ്രദ്ധിച്ച് ചെയ്യാമായിരുന്നുവെന്ന തരത്തിലും കമന്റുകളുണ്ട്.
മകളെ കൈ പിടിച്ച് ഏൽപ്പിക്കാൻ ആ അച്ഛൻ കാത്തിരിക്കുകയായിരുന്നു... എന്നെല്ലാം കമന്റുകളുണ്ട്. ചെന്നൈയിലെ ഏറ്റവും പ്രശസ്തരായ കലിംഗരായർ കുടുംബാംഗമാണ് താരിണി. 2022ൽ മിസ് ദിവാ യൂണിവേഴ്‌സ് സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത താരിണി 2019ൽ മിസ് തമിഴ്നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണർ ആപ്പ് എന്നീ ടൈറ്റിലുകൾ നേടിയിട്ടുണ്ട്.


Click it and Unblock the Notifications