'കരച്ചിൽ നിർത്തിയ സമയമില്ല, ഒരുപാട് ജോലികൾ ചെയ്തിട്ടുണ്ട്, ഉർവശി ഒരു അപാരജന്മം'; നായികമാരെ കുറിച്ച് ജയറാം!
അബ്രാഹം ഓസ്ലറിന്റെ റിലീസോടെ ജയറാമിനെ മലയാള സിനിമയ്ക്ക് തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. ഒരു നല്ല ജയറാം സിനിമ മലയാളത്തിൽ ഇറങ്ങിയിട്ട് കാലങ്ങൾ ഏറെയായി. മകൾ സിനിമയ്ക്കുശേഷം തിയേറ്ററുകളിലേക്ക് എത്താൻ പോകുന്ന ജയറാം സിനിമ കൂടിയാണ് അബ്രഹാം ഓസ്ലർ. മലയാളത്തിൽ തുടരെ തുടരെ പരാജയങ്ങൾ ഉണ്ടായതുകൊണ്ട് തന്നെ മനപൂർവം ഒരു ഇടവേളയെടുത്തിരിക്കുകയായിരുന്നു ജയറാം. ആ സമയത്താണ് മിഥുൻ മാനുവൽ തോമസ് അബ്രഹാം ഓസ്ലറുമായി ജയറാമിനെ സമീപിക്കുന്നത്.
സിനിമയിൽ വേറിട്ട ലുക്കിലാണ് ജയറാം എത്തുന്നത്. പതിവായി ജയറാം സിനിമകളിൽ കണ്ടുവരാറുള്ള മാനറിസങ്ങളൊന്നും അബ്രാഹം ഓസ്ലറിൽ വരാതിരിക്കാൻ താൻ ശ്രമിച്ചിട്ടുണ്ടെന്നാണ് ജയറാമും പ്രമോഷനിൽ പങ്കെടുത്ത് സംസാരിക്കവെ പറഞ്ഞത്. ഒരു കാലത്ത് കുടുംബപ്രേക്ഷകരുടെ പ്രിയ നായകനായിരുന്നു ജയറാം.

അതുകൊണ്ട് തന്നെ ജയറാമിന്റെ തിരിച്ചുവരവ് എന്ന രീതിയിൽ കുടുംബപ്രേക്ഷകരും അബ്രഹാം ഓസ്ലർ കാണാൻ തയ്യാറെടുത്തിരിക്കുകയാണ്. മുപ്പത്തഞ്ച് വർഷത്തിന് മുകളിലുള്ള സിനിമാ ജീവിതത്തിനിടെ ഇതുവരെ നൂറോളം നായികമാർക്കൊപ്പം ജയറാം അഭിനയിച്ചിട്ടുണ്ട്. അത്തരത്തിൽ തനിക്കൊപ്പം അഭിനയിച്ച ചില നായികമാരെ കുറിച്ച് ജയറാം പങ്കുവെച്ച കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.
ബിഹൈൻവുഡ്സ് സംഘടിപ്പിച്ച ജയറാം ഫാൻസ് മീറ്റ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കെവയാണ് സംയുക്ത വർമ അടക്കമുള്ള തന്റെ നായികമാരെ കുറിച്ചും അവർക്കൊപ്പമുള്ള രസകരമായ ഓർമകളും ജയറാം പങ്കിട്ടതും. തൂവൽസ്പർശം എന്ന സിനിമയിൽ ജയറാമിനും മുകേഷിനും സായ്കുമാറിനും കളഞ്ഞുകിട്ടുന്ന പെൺകുഞ്ഞ് കിങ്ങിണിയാണ് ആദ്യം സർപ്രൈസായി ജയറാമിന് മുന്നിൽ എത്തിയത്.
1990ൽ പുറത്തിറങ്ങിയ കമൽ ചിത്രമായിരുന്നു തൂവൽസ്പർശം. ജയറാം, മുകേഷ്, സായ്കുമാർ എന്നീ മൂന്ന് നായകന്മാർക്കൊപ്പം സിനിമ ഇറങ്ങിയപ്പോൾ കത്തി നിന്നത് കിങ്ങിണിയെന്ന കഥാപാത്രമായിരുന്നു. ഒമ്പത് മാസം പ്രായമുള്ള പെൺകുഞ്ഞ് കിങ്ങിണിയായി അന്ന് അഭിനയിച്ചത് ഫർസീന എന്ന പെൺകുട്ടിയായിരുന്നു.
ഒറ്റ സിനിമയിലെ അഭിനയിച്ചിട്ടുള്ളവെങ്കിലും തുവൽസ്പർശത്തിലെ പാട്ടുകളും സീനുകളുമെല്ലാം ഹിറ്റായതിനാൽ കിങ്ങിണി സിനിമാപ്രേമികൾക്ക് സുപരിചിതയാണ്. ഇന്ന് കിങ്ങിണി വളർന്ന് വലിയ പെൺകുട്ടിയായി. ജയറാം ഫാൻസ് മീറ്റിൽ സർപ്രൈസായി കിങ്ങിണിയെന്ന ഫർസീന പ്രത്യക്ഷപ്പെട്ടപ്പോൾ ജയറാമിന് പോലും മനസിലായില്ല.

ചെറിയ കുഞ്ഞായിരുന്നു തൂവൽസ്പർശത്തിൽ അഭിനയിക്കുമ്പോൾ കിങ്ങിണി എന്നതുകൊണ്ട് തന്നെ കരച്ചിൽ നിർത്തിയ സമയമുണ്ടായിരുന്നില്ലെന്നാണ് ജയറാം ഓർമകൾ പങ്കുവെച്ച് പറഞ്ഞത്. ഫർസീന ഒന്ന് ഉറങ്ങികിട്ടാൻ തങ്ങൾ പ്രാർത്ഥിക്കുമായിരുന്നുവെന്നും തൂവൽസ്പർശം ഷൂട്ടിങ് അനുഭവം പങ്കിട്ട് ജയറാം പറഞ്ഞു. ഉർവശിയുടെ മകളുടെ വേഷമായിരുന്നു ചിത്രത്തിൽ ഫർസീനയ്ക്ക്.
പിന്നീട് ജയറാം സംസാരിച്ചത് തന്റെ നായികമാരായ സംയുക്ത വർമ, ഉർവശി, മന്യ എന്നിവരെ കുറിച്ചാണ്. ഇതുവരെ ചെയ്തതിൽ ജീവിതവുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഏതെങ്കിലും കഥാപാത്രമുണ്ടോയെന്നാണ് ജയറാമിനോട് സംയുക്ത വർമ ചോദിച്ചത്. അതിന് മറുപടിയായി തൂവൽക്കൊട്ടാരം സിനിമയിലെ കഥാപാത്രമെന്നാണ് ജയറാം മറുപടി നൽകിയത്.
ആദ്യം സംയുക്തയുടെ ശബ്ദം ജയറാം തിരിച്ചറിഞ്ഞിരുന്നില്ല. വീണ്ടും ഒരുവട്ടം കൂടി പ്ലെ ചെയ്തപ്പോഴാണ് സംയുക്തയാണെന്ന് ജയറാം തിരിച്ചറിഞ്ഞത്. 'തൂവൽക്കൊട്ടാരത്തിലെ മോഹനചന്ദ്രനെപ്പോലെ ജീവിതത്തിൽ ഒരുപാട് ജോലികൾ ചെയ്തിട്ടുള്ളയാളാണ് ഞാൻ. മെഡിക്കൽ റെപ്രസന്റേറ്റീവായി വരെ ജോലി ചെയ്തിട്ടുണ്ട്. നാടകത്തിൽ അഭിനയിക്കുകയും മിമിക്രി ചെയ്യുകയുമെല്ലാം ചെയ്തിട്ടുണ്ട്.'
'പിൻനിലാവിൻ എന്ന വീണ്ടും ചില വീട്ടുകാര്യങ്ങളിലെ സോങിലാണ് ഞാനും സംയുക്തയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. നല്ല പെർഫോമറാണ് സംയുക്ത. അതുപോലെ മന്യയ്ക്കൊപ്പം ആദ്യം ചെയ്തത് വക്കാലത്ത് നാരായൺകുട്ടിയെന്ന സിനിമയാണ്. അതുകഴിഞ്ഞ് വൺമാൻഷോയിലും ഒരു തമിഴ് സിനിമയിലും ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.'
'ഒപ്പം അഭിനയിച്ച നായികമാരിൽ ഉർവശി ഒരു അപാരജന്മം തന്നെയാണ്. പൊൻമുട്ടയിടുന്ന താറാവിലെ ഉർവശിയുടെ ചില എക്സ്പ്രഷനൊക്കെ കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. ടേക്കിൽ എന്താണ് ഉർവശി ചെയ്യുകയെന്ന് പ്രതീക്ഷിക്കാൻ പറ്റില്ലെന്നാണ്', ജയറാം പറഞ്ഞത്.


Click it and Unblock the Notifications