'കൊച്ചുകുഞ്ഞിനെപ്പോലെ മമ്മൂട്ടി പൊട്ടിക്കരയുകയായിരുന്നു..., അതാണ് ഉള്ളിലെ സ്നേഹവും നന്മയും'; ജയറാം പറഞ്ഞത്!
വേണു നാഗവള്ളിയുടെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയാണ് 1989ൽ പുറത്തിറങ്ങിയ അർത്ഥം. മമ്മൂട്ടിയും സത്യൻ അന്തിക്കാടും ഒന്നിച്ച ആദ്യ ചിത്രമായിരുന്നു അർത്ഥം. സത്യൻ അന്തിക്കാട് സിനിമ സംവിധാനം തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിട്ടശേഷമായിരുന്നു മമ്മൂട്ടിയും സത്യൻ അന്തിക്കാടും ഒന്നിച്ചത്.
അക്കാരണം കൊണ്ട് തന്നെ സിനിമാ ആസ്വാദകർക്ക് അർത്ഥം ചിത്രത്തെ കുറിച്ച് പ്രതീക്ഷകൾ ഏറെയായിരുന്നു. പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് ഒട്ടും കോട്ടം സംഭവിക്കാതെ അർത്ഥം തിയേറ്ററുകളിലെത്തുകയും പ്രേക്ഷകർ അത് ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു.
അർത്ഥത്തിലെ മമ്മൂട്ടി സ്റ്റൈൽ ഹെയർ കട്ടിങ് അക്കാലത്തെ ട്രെന്റായിരുന്നു. മികച്ച വിജയം നേടിയ സിനിമയാണ് അർത്ഥവും മമ്മൂട്ടിയുടെ കഥാപാത്രവും. എന്നാൽ പിൽകാലത്ത് മമ്മൂട്ടിയുടെ മികച്ച കഥാപാത്രങ്ങളെ പറയുമ്പോഴൊന്നും ആരും അർത്ഥത്തിലെ ബെൻ നരേന്ദ്രനെ കുറിച്ച് പരമർശിക്കാറില്ല.

ക്രൈം ത്രില്ലറായിരുന്ന അർത്ഥത്തിൽ മമ്മൂട്ടിക്ക് പുറമെ ശ്രീനിവാസൻ, ശരണ്യ പൊൻവണ്ണൻ, ജയറാം, ജനാർദ്ദനൻ, പാർവതി, ഗീത, കൊല്ലം തുളസി തുടങ്ങിയവരാണ് അഭിനയിച്ചിരുന്നത്. ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രവും ജയറാമിന്റെ കഥാപാത്രവും ആദ്യമായി കണ്ടുമുട്ടുന്നത് ഒരു റെയിൽ പാളത്തിൽ ആത്മഹത്യ ചെയ്യാനായി എത്തിച്ചേരുമ്പോഴാണ്.
അവിടെ നിന്നാണ് സിനിമയുടെ കഥയാകെ മാറി പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിലേക്ക് കൊണ്ടുപോകുന്നത്. ചീറിപാഞ്ഞ് വരുന്ന ട്രെയിനിന് മുമ്പിൽ വെച്ച് ഇരുവരും പിടിവലി നടത്തുന്ന രംഗങ്ങളൊക്കെ ഞെട്ടലോടെ മാത്രമെ പ്രേക്ഷകർക്ക് കണ്ടിരിക്കാൻ സാധിക്കൂ.
ഈ രംഗം ചിത്രീകരിക്കുന്ന സമയത്തുണ്ടായ ചില അനുഭവങ്ങൾ പങ്കുവെക്കുകയാണ് ജയറാം. കുറച്ച് വർഷങ്ങൾക്ക് പഴക്കമുള്ള ഒരു വീഡിയോയിലാണ് മമ്മൂട്ടിയെ കുറിച്ച് സംസാരിക്കവെ അർത്ഥം ഷൂട്ടിങ് അനുഭവങ്ങൾ ജയറാം പങ്കുവെച്ചത്. ജയറാമിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം...
'സത്യൻ അന്തിക്കാടിന്റെ അർത്ഥം എന്നൊരു സിനിമയുണ്ട്. ആ സിനിമയിൽ ഞാൻ ട്രെയിനിന് തലവെച്ച് ആത്മഹത്യ ചെയ്യാൻ പോകുമ്പോൾ മമ്മൂട്ടിയുടെ കഥാപാത്രം എന്നെ വന്ന് രക്ഷപ്പെടുത്തുന്ന ഒരു സീനുണ്ട്. ഏഴ് മണിക്ക് ട്രെയിൻ പോകുമ്പോൾ ഷൂട്ട് ചെയ്യാമെന്നാണ് തീരുമാനിച്ചത്. അങ്ങനെ ഉച്ചയ്ക്ക് മുമ്പ് എല്ലാവരും അവിടെ എത്തി ഒരുക്കങ്ങൾ തുടങ്ങി.'

'സത്യൻ അന്തിക്കാട് പറഞ്ഞു ജയറാം കിടക്കുകയാണ്. മമ്മൂട്ടി പിടിച്ച് എഴുന്നേൽപ്പിച്ച് നിങ്ങൾ തമ്മിൽ ഫുൾ സ്ട്രഗിൾ നടത്തണമെന്ന്. തൊട്ടടുത്ത് ട്രെയിൻ എത്തുമ്പോൾ ജയറാമുമായി ചാടണമെന്നും മമ്മൂട്ടിയോട് സത്യൻ അന്തിക്കാട് പറഞ്ഞു. മൂന്ന്, നാല് ക്യാമറ വെച്ചാണ് ഷൂട്ടിങ്. അത് കേട്ടതും ഞാൻ മമ്മൂക്കയോട് പറഞ്ഞു എന്റെ ജീവൻ നിങ്ങളുടെ കയ്യിലാണെന്ന്.'
'കാരണം പുറം തിരിഞ്ഞ് നിൽക്കുന്നതിനാൽ ട്രെയിൻ വരുന്നത് എനിക്ക് കാണാൻ പറ്റില്ല. ഫുൾ സ്പീഡിലാണ് ട്രെയിൻ വരുന്നത്. ഷോട്ട് എടുക്കാറായപ്പോഴേക്കും മമ്മൂക്കയ്ക്ക് ടെൻഷനാകാൻ തുടങ്ങി. അതൊക്കെ ഞാൻ നോക്കിക്കോളാമെന്ന് പറഞ്ഞ് നിന്ന മമ്മൂക്കയാണ് സമയം ആയപ്പോഴേക്കും ടെൻഷൻ അടിക്കാൻ തുടങ്ങിയത്.'
'ഞാൻ പറയുമ്പോൾ തന്നെ നീ ചാടിക്കോളണം എന്നൊക്കെ എന്നോട് മമ്മൂക്ക പറയുന്നുണ്ട്. അങ്ങനെ ഷൂട്ട് തുടങ്ങി. പിടിവലി നടന്നു. ട്രെയിൻ തൊട്ട് അടുത്ത് എത്തിയതും മമ്മൂക്ക എന്നേയും കൊണ്ട് എടുത്ത് ചാടി. ഫ്രാക്ഷൻ ഓഫ് സെക്കന്റ് വ്യത്യാസത്തിൽ... കറക്ട് ടൈമിങായിരുന്നു. സീൻ കട്ട് പറഞ്ഞതും മമ്മൂക്ക കൊച്ചുകുഞ്ഞിനെ പോലെ പിന്നെ പൊട്ടിക്കരയുകയായിരുന്നു...', എന്നാണ് അർത്ഥം സിനിമ ഷൂട്ടിങ് വിശേഷം പങ്കുവെച്ച് ജയറാം പറഞ്ഞത്.
വീഡിയോ വൈറലായതോടെ നിരവധി കമന്റുകളാണ് മമ്മൂട്ടിയെ കുറിച്ചും ജയറാമിനെ കുറിച്ചും വരുന്നത്. മമ്മൂട്ടിയുടെ ഉള്ളിലെ സ്നേഹവും നന്മയും കൊണ്ടാണ് അദ്ദേഹം കരഞ്ഞത് എന്നായിരുന്നു ഒരാൾ കുറിച്ചത്. വിഎഫ്എക്സ് ഒന്നും ഇല്ലാത്ത കാലത്തെ താരങ്ങളുടെ കഷ്ടപ്പാട് മനസിലാകുന്നു, ഇപ്പോഴത്തെ താരങ്ങൾ ആയിരുന്നെങ്കിൽ നമുക്ക് അത് ഗ്രീൻ മാറ്റിൽ വെച്ച് ചെയ്താൽ പോരെയെന്ന് ചോദിക്കുമായിരുന്നുവെന്നാണ് മറ്റൊരാൾ കുറിച്ചത്.


Click it and Unblock the Notifications