'മകൾക്ക് സ്വർണ്ണമെടുക്കാനുള്ള പണമുണ്ടോയെന്ന് പോലും നോക്കാതെ എടുത്ത് കൊടുക്കും, ആ മനുഷ്യത്വം ആഗ്രഹിക്കുന്നു'
മലയാളത്തിന്റെ അത്ഭുത പ്രതിഭ പത്മരാജൻ മലയാളികളുടെ മുന്നിലേക്ക് അവതരിപ്പിച്ച നടനാണ് ജയറാം. ഒരിടവേളയ്ക്കുശേഷം അബ്രഹാം ഓസ്ലറിലൂടെ ജയറാം വീണ്ടും മലയാള സിനിമയിൽ തരംഗമാകുമ്പോൾ അദ്ദേഹത്തിന്റെ തിരിച്ചുവരവ് ആഗ്രഹിച്ചിരുന്ന ഓരോ സിനിമപ്രേമിയും സന്തോഷത്തിലാണ്. വിരലിലെണ്ണവുന്ന കുറച്ചുപേരെ ഒഴിച്ച് നിർത്തിയാൽ മലയാളത്തിലെ മറ്റ് താരങ്ങളെല്ലാം അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ ഡിപ്ലോമാറ്റിക്കായി സംസാരിക്കുന്നവരാണ്. സാഹിത്യം കലർന്നും ആരെയും വേദനിപ്പിക്കാതെയും തൊട്ടും തൊടാതെയുമുള്ള മറുപടികളാണ് പറയുക.
എന്നാൽ നടൻ ജയറാം അത്തരത്തിൽ ഒരാളാല്ല. വളരെ സരസമായും കഥ പറയുന്നതുപോലെയും കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിവുണ്ട് ജയറാമിന്. അതുകൊണ്ട് തന്നെ ജയറാമിന്റെ അഭിമുഖങ്ങൾ എത്ര മണിക്കൂറുകൾ നീണ്ടാലും മുഴിപ്പില്ലാതെ കണ്ടുതീർക്കാൻ കഴിയും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജയറാമിന്റെ അഭിമുഖങ്ങളാണ് യുട്യൂബിൽ ട്രെന്റിങ്.

അതേസമയം തന്റെ ഏറ്റവും പുതിയ സിനിമ അബ്രഹാം ഓസ്ലറിന്റെ പ്രമോഷന്റെ ഭാഗമായി ബിഹൈൻവുഡ്സ് ജയറാം ഫാൻസ് മീറ്റ് സംഘടിപ്പിച്ചിരുന്നു. അങ്ങനെ സംഘടിപ്പിച്ച ഫാൻസ് മീറ്റിൽ ജയറാം പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്. മലയാളത്തിലെ ചില താരങ്ങളുടെ പേരുകൾ അവതാരക പറഞ്ഞു. അവരിൽ നിന്നും എന്തെങ്കിലും ഒരു കാര്യം എടുക്കാൻ അവസരം കിട്ടിയാൽ എന്ത് എടുക്കുമെന്നാണ് ജയറാമിനോട് അവതാരക ചോദിച്ചത്.
അതിന് വളരെ സത്യസന്ധമായിട്ടാണ് മറുപടി താരം നൽകിയത്. ആ മറുപടികളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ആദ്യം അവതാരക പറഞ്ഞ പേര് മമ്മൂട്ടിയുടേതായിരുന്നു. മമ്മൂക്കയുടെ മനുഷ്യത്വം താൻ എടുക്കുമെന്നായിരുന്നു ജയറാമിന്റെ മറുപടി.
നടൻ എന്നരീതിയിൽ മോഹൻലാലിനെ പോലെയാകണമെന്നാണ് ഭൂരിഭാഗം മലയാള താരങ്ങളും പറയാറ്. എന്നാൽ മനുഷ്യനെന്ന രീതിയിൽ തങ്ങളുടെ റോൾ മോഡലായി പലരും മമ്മൂട്ടിയുടെ പേരാണ് പറയാറ്. സഹജീവി സ്നേഹത്തിന്റെയും പരിഗണന നൽകുന്നതിന്റെയും കാര്യത്തിൽ മമ്മൂട്ടിയെ മറികടക്കാൻ മറ്റൊരാളില്ല.
രണ്ടാമതായി അവതാരക പറഞ്ഞത് മോഹൻലാലിന്റെ പേരായിരുന്നു. അതിന് ജയറാം നൽകിയ മറുപടി ലാൽ സാറിന്റെ തോളിന്റെ ചെരിവ് എടുക്കുമെന്നാണ്. അദ്ദേഹം ചെറിയ നാണത്തോടെ തോളും ചെരിച്ച് ആൾക്കൂട്ടത്തിന് ഇടയിലൂടെ നടന്ന് വരുമ്പോൾ നോക്കി നിന്നുപോയിട്ടുണ്ടെന്നാണ് ജയറാം പറയുന്നത്. പിന്നീട് സുരേഷ് ഗോപിയുടെയും ദിലീപിന്റെയും പേരാണ് അവതാരക പറഞ്ഞത്. അതിന് ജയറാം നൽകിയ മറുപടിയും രസകരമായിരുന്നു.

'മനുഷ്യത്വത്തിന് അപ്പുറത്ത് എന്തെങ്കിലും വാക്കുണ്ടെങ്കിൽ അത് സുരേഷ് ഗോപിയുടെ പേരിൽ പറയാം. എനിക്ക് പിറക്കാതെ പോയ ജേഷ്ഠനാണ് സുരേഷ് ഗോപി. എന്റെ എന്ത് കാര്യവും എന്റെ ജേഷ്ഠനോട് ചോദിച്ചിട്ടെ ഞാൻ ചെയ്യാറുള്ളു. ആഴ്ചയിൽ രണ്ട് മൂന്ന് പ്രാവശ്യം വിളിക്കും. സുരേഷ് ഗോപി ആ പാവം പൈസയുണ്ടാക്കുന്നത് മുഴുവന്‍ ആളുകളെ സഹായിക്കാൻ വേണ്ടി ചെലവഴിക്കുകയാണ്.'
'വരുന്ന പതിനേഴാം തീയതി ഗുരുവായൂരില്‍ വെച്ച് സ്വന്തം മകളുടെ കല്യാണമാണ്. ഓരോ കാര്യത്തിന് വേണ്ടിയും രാധിക കഷ്ടപ്പെടുന്നത് എനിക്കറിയാം. പൈസ മുഴുവന്‍ ചാരിറ്റിക്ക് വേണ്ടി കൊണ്ടുകൊടുക്കും. സ്വന്തം മോള്‍ക്ക് സ്വര്‍ണമെടുക്കാന്‍ പൈസയുണ്ടോയെന്ന് നോക്കില്ല. കല്യാണത്തിന് ഓഡിറ്റോറിയത്തിന് പൈസയുണ്ടോന്ന് നോക്കില്ല.'
'അതിനായി എടുത്തുവച്ചിരിക്കുന്ന പൈസ വേറെയാര്‍ക്കെങ്കിലും കഷ്ടമാണെന്ന് പറഞ്ഞാല്‍ അവര്‍ക്ക് കൊണ്ടുപോയി കൊടുക്കും. അതാണ് സുരേഷ് ഗോപി. ദിലീപിന്റെ കാര്യം പറയുകയാണെങ്കിൽ അവന്റെ ഹാർഡ് വർക്കാണ് ഞാൻ എടുക്കുക.'
'എറണാകുളത്ത് വെച്ചാണ് ദിലീപുമായുള്ള സൗഹൃദം ആരംഭിക്കുന്നത്. ഇന്നും അവനുമായി ആ സഹോദരബന്ധവും സ്നേഹവുമുണ്ട്. അവൻ എന്റെ അനിയനെപ്പോലെയാണ്. സിനിമയ്ക്ക് വേണ്ടി അഹോരാത്രം കഷ്ടപ്പെടുന്നവനാണ് അവൻ', എന്നാണ് ജയറാം പറഞ്ഞത്.


Click it and Unblock the Notifications