ഷീലയുടെ ഗര്‍ഭം തന്റേതാണെന്ന് വാശിപ്പിടിച്ച് സത്യനും നസീറും വഴക്കായി; ലൊക്കേഷനിലുണ്ടായ സംഭവത്തെ പറ്റി ജയറാം
പ്രേം നസീറും ഷീലയും തമ്മിലെ കൂട്ടുക്കെട്ടില്‍ നിരവധി സിനിമകള്‍ പിറന്നിട്ടുണ്ട്. ഏറ്റവും കൂടുതല്‍ സിനിമകളില്‍ ഒരുമിച്ചഭിനയിച്ച ചരിത്രവും താരങ്ങള്‍ക്കാണ്. അതുപോലെ സത്യന്‍ മാസ്റ്ററുടെ കൂടെയും ഒത്തിരി പടങ്ങളില്‍ ഷീല അഭിനയിച്ചിരുന്നു. പല അഭിമുഖങ്ങളിലും തന്റെ സഹതാരങ്ങളായ നടന്മാരെ കുറിച്ച് നടി മനസ് തുറന്ന് സംസാരിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ സത്യനും നസീറും ചേര്‍ന്ന് നടി ഷീലയുടെ ഗര്‍ഭത്തിന്റെ പേരില്‍ അടി ഉണ്ടാക്കിയതിനെ പറ്റി പറയുകയാണ് നടന്‍ ജയറാമിപ്പോള്‍. ഒരു അഭിമുഖത്തില്‍ ഷീലാമ്മ വെളിപ്പെടുത്തിയ കാര്യം താന്‍ ചോദിച്ച് അറിഞ്ഞപ്പോള്‍ നടി തന്നെ പറഞ്ഞതാണെന്നാണ് ജയറാം കൗമുദിയ്ക്ക് നല്‍കിയ പഴയൊരു അഭിമുഖത്തില്‍ പറഞ്ഞത്. വിശദമായി വായിക്കാം...

ഷീലയുടെ കൂടെ ഏറ്റവും കൂടുതല്‍ സിനിമയില്‍ അഭിനയിച്ച നടന്മാരെന്ന നിലയില്‍ സത്യനും നസീറുമായി നല്ല അടുപ്പമാണ്. എന്നാല്‍ ഇരുവരും തന്റെ ഗര്‍ഭത്തിന്റെ ഉത്തരവാദിയാണെന്ന് പറഞ്ഞ് സിനിമയുടെ സെറ്റില്‍ വഴക്ക് കൂടിയ സംഭവത്തെ കുറിച്ചാണ് ഷീല വെളിപ്പെടുത്തിയത്. ആദ്യം സംഭവമെന്താണെന്ന് മനസിലായില്ലെങ്കിലും ഉച്ചയോടെയാണ് കാര്യങ്ങള്‍ക്കൊരു വ്യക്തത വന്നത്. എന്നാല്‍ ശരിക്കും അവിടെ നടന്നതെന്താണെന്ന് ജയറാം പറയുന്നതിങ്ങനെയാണ്...

'ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ ഷീലാമ്മ ഒരു തമാശ പറഞ്ഞു. അത് കേട്ടതിന് ശേഷം ഞാന്‍ നേരിട്ട് ഇക്കാര്യത്തെ കുറിച്ച് ചോദിച്ചു. ഷീലാമ്മ സത്യന്‍ മാസ്റ്ററുടെയും പ്രേം നസീറിന്റെയും കൂടെ ഒരു സിനിമയില്‍ അഭിനയിക്കുകയാണ്. അന്ന് മലഞ്ചെരുവിലാണ് ഷൂട്ടിങ്ങ് നടക്കുന്നത്. അങ്ങനെ ഷൂട്ടിനിടയില്‍ സത്യന്‍ സാര്‍ പറഞ്ഞു ഈ ഗര്‍ഭം എന്റേതാണെന്ന്. അല്ല എന്റേതാണെന്ന് നസീര്‍ സാറും പറഞ്ഞു. അങ്ങനെ രണ്ട് പേരും ഒരു ഗര്‍ഭത്തിന്റെ പേര് പറഞ്ഞ് വാദിച്ച് കൊണ്ടിരിക്കുകയാണ്.

ഉച്ചയായതിന് ശേഷമാണ് എന്താ സംഗതിയെന്നുള്ളത് എല്ലാവര്‍ക്കും മനസിലാവുന്നത്. ആ സിനിമയില്‍ ഗര്‍ഭിണിയായിട്ടാണ് ഷീലാമ്മ അഭിനയിക്കുന്നത്. ഗര്‍ഭിണിയാവാനായി വയറിലൊരു തലയിണ വച്ച് കെട്ടിയിട്ടുണ്ട്. ഉച്ചയ്ക്കത്തെ ബ്രേക്കിന് ആ തലയിണ കിട്ടിയിട്ട് ഉറങ്ങാന്‍ വേണ്ടിയാണ് നസീര്‍ സാറും സത്യന്‍ മാസ്റ്ററും ചേര്‍ന്ന് ഈ ഗര്‍ഭം എന്റേതാണെന്ന് പറഞ്ഞുള്ള വാക്കുതര്‍ക്കം ഉണ്ടായത്. അന്നത്തെ കാലത്തെ സിനിമാ ചിത്രീകരണമൊക്കെ അങ്ങനെയുള്ള തമാശകള്‍ നിറഞ്ഞതായിരുന്നുവെന്നാണ്', ജയറാം പറയുന്നത്.

സിനിമാ ലൊക്കേഷനില്‍ കാരവനൊക്കെ വരുന്നതിന് ഏറെ മുന്‍പ് നടന്ന രസകരമായ ഓര്‍മ്മകളാണിത്. ഇന്ന് ഷൂട്ട് കഴിഞ്ഞ ഉടനെ താരങ്ങള്‍ക്ക് വിശ്രമിക്കാന്‍ വിശാലമായ സൗകര്യങ്ങളാണുള്ളത്. എന്നാല്‍ സത്യന്റെയും നസീറിന്റെയും കാലത്ത് ഒരു തലയിണ കിട്ടിയാല്‍ ഏതെങ്കിലും മരത്തിന്റെ ചുവട്ടില്‍ കിടന്ന് ഉറങ്ങാം എന്നേയുണ്ടായിരുന്നുള്ളു.

മുതിര്‍ന്ന താരങ്ങള്‍ക്ക് പുറമേ നടന്‍ ജയറാമുമായി വലിയ അടുപ്പമുള്ള നടിയാണ് ഷീല. മനസിനക്കരെ എന്ന സിനിമയില്‍ ജയറാമും ഷീലയും ഒരുമിച്ച് അഭിനയിച്ചിരുന്നു. ആ ചിത്രത്തിലൂടെയുള്ള സൗഹൃദം പില്‍ക്കാലത്തും തുടരുകയായിരുന്നു. ഇപ്പോഴും ഷീലാമ്മയെ കുറിച്ചുള്ള ചില രസകരമായ കഥകള്‍ ജയറാം തന്നെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. അത്തരത്തിലാണ് പഴയൊരു അഭിമുഖത്തില്‍ ഈ കഥയും പറഞ്ഞ് എത്തിയത്.


Click it and Unblock the Notifications











