ചക്കിയ്ക്ക് പറഞ്ഞ് കൊടുത്ത കഥയിലെ പോലൊരു രാജകുമാരന്‍ വന്നു! മക്കളെ കുറിച്ച് പറഞ്ഞ് വികാരഭരിതനായി ജയറാം
ജയറാമും പാര്‍വതിയും വിവാഹം കഴിച്ചത് മുതല്‍ താരകുടുംബത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുന്നവരാണ് മലയാളികള്‍. ഏറ്റവും പുതിയതായി താരകുടുംബത്തിലെ വിവാഹവിശേഷങ്ങളാണ് ആരാധകര്‍ക്കിടയിലും ചര്‍ച്ചയാവുന്നത്. ജയറാമിന്റെ മകനും നടനുമായ കാളിദാസ് ജയറാമിന്റെ വിവാഹനിശ്ചയം ചെന്നൈയില്‍ വച്ച് മനോഹരമായി നടത്തിയിരുന്നു.
ഇതിന് പിന്നാലെ മകള്‍ ചക്കി എന്ന് വിളിക്കുന്ന മാളവിക ജയറാമിന്റെയും വിവാഹനിശ്ചയം നടത്തിയിരിക്കുകയാണ്. യുകെ യില്‍ ചാറ്റേര്‍ഡ് അക്കൗണ്ടന്റായ നവനീതാണ് ചക്കിയുടെ വരന്‍. കഴിഞ്ഞ ദിവസം കൂര്‍ഗിലെ ഒരു റിസോര്‍ട്ടില്‍ വച്ചായിരുന്നു ചക്കിയുടെയും നവനീതിന്റെയും വിവാഹനിശ്ചയം നടത്തിയത്.

മകളുടെ നിശ്ചയ ചടങ്ങില്‍ വച്ച് സംസാരിക്കുന്ന ജയറാമിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. തന്റെയും അശ്വതിയുടെയും ഏറെ കാലത്തെ സ്വപ്‌നമാണെന്ന് പറഞ്ഞ ജയറാം സംസാരത്തിനിടയില്‍ കരയുന്നതും കാണാം. മാത്രമല്ല ചക്കിയുടെ വിവാഹമെന്നാണെന്നും ഗുരുവായൂരില്‍ വച്ചാണ് നടത്തുന്നതെന്നുമൊക്കെ താരം പറഞ്ഞിരിക്കുകയാണ്.
'എല്ലാവരോടും സന്തോഷവും, നന്ദിയും അറിയിക്കുന്നു. കാരണം ഇത്തരത്തിലുള്ള പരിപാടികള്‍ എത്രയോ മാസങ്ങള്‍ക്ക് മുന്‍പേ നമ്മള്‍ പ്ലാന്‍ ചെയ്യുന്നതാണ്. മനസിലൊരു സ്വപ്‌നം പോലെ കൊണ്ട് നടന്നതാണിത്. പ്രത്യേകിച്ച് ചക്കിയുടെ നിശ്ചയമെന്ന് പറയുന്നത് എന്റെയും അശ്വതിയുടെയും എത്രയോ കാലത്തെ സ്വപ്‌നമാണ്.
കുട്ടിക്കാലത്ത് കണ്ണന് ഞാന്‍ കഥ പറഞ്ഞ് കൊടുക്കും. അവന് ഏറ്റവും ഇഷ്ടമുള്ളത് ആനക്കഥകളാണ്. ഷൂട്ടിങ് കഴിഞ്ഞ് രാത്രി എത്ര ലേറ്റ് ആയിട്ട് വന്നാലും അപ്പാ.. ആനക്കഥ പറയ് എന്നവന്‍ പറയും. പെരുമ്പാവൂരിലുള്ള ഞങ്ങളുടെ നാട്ടില്‍ ഒരു ആന വിരണ്ടോടിയ കഥയുണ്ട്. അന്ന് ആനയുടെ പിന്നാലെ ഞാനോടിയ കഥ എന്റെ അച്ഛന്‍ എനിക്ക് പറഞ്ഞ് തന്നിട്ടുണ്ട്.
ആ കഥയില്‍ കണ്ണനെ കഥാപാത്രമാക്കി, അവസാനം അവന്‍ ആനയെ പോയി തളച്ച് കൊണ്ട് വരുന്നതായിട്ട് ഞാനവന് പറഞ്ഞ് കൊടുക്കും. ഒരു വീരപരിവേഷമാണ് ആ കഥയിലൂടെ കണ്ണന് കിട്ടുന്നത്. അപ്പോഴെക്കും അവന്‍ ഉറങ്ങി പോകും.
ചക്കിയ്ക്ക് പലപ്പോഴും ഞാനും അശ്വതിയും പറഞ്ഞ് കൊടുത്തിട്ടുള്ളത് സിന്‍ഡ്രല്ലയുടെ കഥയാണ്. ഒരിക്കല്‍ ചക്കിയ്‌ക്കൊരു രാജകുമാരന്‍ വരും. ഭയങ്കര സുന്ദരനായൊരു രാജകുമാരന്‍ ചക്കിയെ തേടി ഒരു വെള്ള കുതിരവണ്ടിയില്‍ വരും എന്നൊക്കെയുള്ള കഥയാണ് അവള്‍ക്കായി പറഞ്ഞ് കൊടുത്തിട്ടുള്ളത്', എന്നാണ് ജയറാം പറയുന്നത്.

അങ്ങനെ കഥ പറഞ്ഞ് കൊടുത്തത് പോലെ തന്നെ ജീവിതത്തിലും സംഭവിച്ചു. ഗുരുവായൂരപ്പന്‍ അതുപോലൊരു രാജകുമാരനെ തന്നെ ചക്കിയ്ക്ക് കൊണ്ട് കൊടുത്തൂ.. എന്ന് പറഞ്ഞപ്പോഴെക്കും ജയറാം വിതുമ്പി പോയി. അപ്പ കരയുന്നത് കണ്ടതോടെ മകള്‍ മാളവികയും ഭാര്യ പാര്‍വതിയുമൊക്കെ കരയാന്‍ തുടങ്ങി.
ഞങ്ങളുടെ എത്രയോ കാലത്തെ സ്വപ്‌നം നടക്കാന്‍ പോകുമ്പോള്‍ രണ്ട് മൂന്ന് ദിവസമായി ചെന്നൈയില്‍ മഴയാണ്. എല്ലാവര്‍ക്കും എത്തിപ്പെടാനൊന്നും പറ്റാത്ത സാഹചര്യമായിരുന്നു. പലര്‍ക്കും യാത്ര ചെയ്യാനൊന്നും പറ്റാത്ത അവസ്ഥയിലായി. അപ്പോഴൊക്കെ ഗിരീഷ് (വരന്റെ പിതാവ്) എന്റെ അടുത്ത് പറഞ്ഞത് ഗുരുവായൂരപ്പന്റെ അനുഗ്രഹമുണ്ട്. എല്ലാം നന്നായിട്ട് നടക്കുമെന്നാണ്. അങ്ങനെയിന്ന് എല്ലാം ഭംഗിയായി നടന്നു. ഇനി ചക്കിയുടെ വിവാഹവും അതുപോലെ തന്നെ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.
2024 മേയ് മാസം മൂന്നിന് ഗുരുവായൂരപ്പന്റെ സന്നിധ്യയില്‍ വച്ച് മാളവികയുടെ വിവാഹം നടത്താന്‍ പോവുകയാണെന്നാണ് ജയറാം സൂചിപ്പിച്ചിരിക്കുന്നത്.


Click it and Unblock the Notifications











