'എന്റെ വേഷം ബിജു മേനോന്, ഞാൻ ചാടി വീണു; മഞ്ജുവുമായുള്ള ഗാനരംഗത്തിന്റെ അവസാനം അങ്ങനെയായിരുന്നില്ല'
ജയറാം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് എബ്രഹാം ഒസ്ലർ. ഏറെ നാളുകളായി മലയാള സിനിമാ രംഗത്ത് നിന്നും മാറി നിൽക്കുന്ന നടന് ഈ മിഥുൻ മാനുവൽ ചിത്രത്തിലൂടെ ശക്തമായ തിരിച്ച് വരവ് നടത്താൻ സാധിക്കുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. മലയാളത്തിൽ നിന്നും ജയറാമെടുത്ത പലപ്പോഴും പ്രേക്ഷകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. തുടരെ പരാജയ സിനിമകൾ വന്നതോടെയാണ് മാറി നിൽക്കാൻ നടൻ തീരുമാനിക്കുന്നത്. ജയറാമിന് ഒരു തിരിച്ച് വരവ് സാധ്യമല്ലെന്ന് പലരും വിധിയെഴുതി.
എന്നാൽ ജയറാം സിനിമകളുടെ പ്രേക്ഷകർക്ക് നടനോടുള്ള ആരാധനയ്ക്ക് അന്നും ഇന്നും മാറ്റം വന്നിട്ടില്ല. ഒരു കാലത്ത് അത്രമാത്രം ഹിറ്റ് സിനിമകളിൽ ജയറാം നായകനായെത്തിയിട്ടുണ്ട്. കരിയറിലെ തന്റെ സുവർണകാലത്തെക്കുറിച്ച് സംസാരിക്കുകയാണ് ജയറാമിപ്പോൾ. റെഡ് എഫ്എമ്മുമായുള്ള അഭിമുഖത്തിലാണ് നടൻ മനസ് തുറന്നത്.

സമ്മർ ഇൻ ബത്ലേഹമിലെ കാസ്റ്റിംഗിൽ വന്ന മാറ്റത്തെക്കുറിച്ച് ജയറാം സംസാരിച്ചു. 'സിനിമ ആദ്യം എന്നെയും പ്രഭുവിനെയും വെച്ച് തമിഴിൽ ചെയ്യാനിരുന്നത്. സുരേഷ് ഗോപിയുടെ വേഷമായിരുന്നു പ്രഭുവിന്. ഷൂട്ടിംഗ് തുടങ്ങി ഒരാഴ്ച കഴിഞ്ഞു. പാട്ട് ഷൂട്ട് ചെയ്തു. ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് മുമ്പോട്ട് പോകാൻ പറ്റാതായപ്പോൾ ഷൂട്ടിംഗ് നിർത്തേണ്ടി വന്നു. ഇത് നമുക്ക് പെട്ടെന്ന് മലയാളത്തിൽ ചെയ്താൽ എങ്ങനെയിരിക്കുമെന്ന് സിബി ചോദിച്ചു'
'അങ്ങനെ മലയാളത്തിൽ ചെയ്യാൻ തീരുമാനിച്ചു. സുരേഷ് ഗോപി ചെയ്ത വേഷം ഞാനും എന്റെ വേഷം ബിജു മേനോനും നൽകാനായിരുന്നു തീരുമാനം. അപ്പോൾ ഞാൻ ചാടി വീണു. എനിക്ക് ഈ വേഷം മതിയെന്ന് പറഞ്ഞു. അതാണ് പ്രധാനമെന്ന് പറഞ്ഞെങ്കിലും ഈ വേഷം മതിയെന്ന് ഞാൻ. എന്റെ പ്രധാന ഉദ്ദേശങ്ങളിലൊന്ന് അഞ്ച് പെൺകുട്ടികളുടെ കൂടെയുള്ള പാട്ടായിരുന്നു. അതെന്റെ കൈയിൽ നിന്ന് പോകും. അങ്ങനെ സുരേഷേട്ടനോട് ചോദിക്കുകയും അദ്ദേഹം അത് സ്വീകരിക്കുകയും ചെയ്തു'

'അങ്ങനെ അഞ്ച് പെൺകുട്ടികളുമായുള്ള പാട്ട് റെക്കോഡ് ചെയ്ത് ആദ്യം കേട്ടപ്പോൾ തന്നെ ഈ പാട്ട് ഹിറ്റാകുമെന്ന് അറിയാമായിരുന്നു,' ജയറാം ഓർത്തു. കൺഫ്യൂഷൻ തീർക്കണമേ എന്ന ഈ ഗാനരംഗത്തിന്റെ അവസാന ഭാഗം സിനിമയിൽ കാണുന്നത് പോലെ ആയിരുന്നില്ലെന്നും ജയറാം ഓർത്തു. പെൺകുട്ടികളോരുത്തരായി എന്റെ വസ്ത്രങ്ങൾ അഴിക്കും. അവസാനം അണ്ടർവെയറിന്റെ വള്ളി മഞ്ജു വന്ന് അഴിക്കും. പിന്നെ അത് വേണ്ടെന്ന് വെച്ചു. തന്നെ പൊക്കിക്കൊണ്ട് പോകുന്നതാക്കി സീൻ മാറ്റിയെന്നും ജയറാം വ്യക്തമാക്കി.
തന്റെ കുടുംബ വിശേഷങ്ങളും ജയറാം അഭിമുഖത്തിൽ പങ്കുവെക്കുന്നുണ്ട്. മക്കൾ രണ്ട് പേരും വിവാഹിതരാകാൻ പോകുന്നതിനെക്കുറിച്ചും ജയറാം സംസാരിച്ചു. മക്കൾക്ക് വേണ്ടിയാണ് ഇത്രയും കാലം ജീവിച്ചത്. രണ്ട് പേരുടെയും കല്യാണമായി. ഇനി വേണം ഞങ്ങൾക്ക് രണ്ടാമത് പ്രണയിക്കാൻ. ആദ്യത്തെ പ്രണയം കഴിഞ്ഞ് അമ്പത് വയസ് കഴിഞ്ഞ് ഒരു പ്രണയമുണ്ട്.
പിള്ളേര് രണ്ട് പേരും കല്യാണം കഴിഞ്ഞ് പോയിട്ട് വേണം അത് തുടങ്ങാനെന്നും ജയറാം തമാശയോടെ പറഞ്ഞു. അടുത്തിടെയാണ് ജയറാമിന്റെ മക്കളായ കാളിദാസിന്റെയും മാളവികയുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. മോഡലായ തരിണിയെയാണ് കാളിദാസ് വിവാഹം ചെയ്യുന്നത്. നവനീത് എന്നാണ് മാളവികയുടെ വരന്റെ പേര്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.


Click it and Unblock the Notifications