ആദ്യ പ്രണയത്തെ കുറിച്ച് പാർവ്വതിയോട് പറഞ്ഞു, പിന്നെ സംഭവിച്ചത്: ജയറാം വെളിപ്പെടുത്തിയത്
ജയറാമിന്റെയും പർവ്വതിയുടെയും അപൂർവ്വ പ്രണയകഥ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. പല അഭിമുഖങ്ങളിലും, ഇന്നും പ്രശസ്ത താരങ്ങൾ അത് ഓർത്ത് ചിരിക്കുന്നത്, പ്രേക്ഷകർക്ക് ഇഷ്ടമുള്ളൊരു കാഴ്ചയാണ്. തന്റെ ആദ്യ സിനിമയായ അപരനിൽ സഹോദരിയായി എത്തുന്നത് പാർവ്വതിയാണെന്ന് അറിഞ്ഞപ്പോൾ, അന്ന് പുതുമുഖമായിരുന്ന ജയറാം ഏറെ വിഷമിച്ചിരുന്ന. കാരണം, ആദ്യമായി കാണുന്നതിന് ഒരുപാട് മുൻപ് തന്നെ, പ്രശസ്ത നായികയോട് താരത്തിന് ആരാധനയായിരുന്നു. പിന്നീട് ജയറാമിന്റെ നായികയായി പാർവ്വതി പല സിനിമകളും എത്തിയതോടെ, ഇരുവരും തമ്മിൽ പ്രണയത്തിലായി.
പാർവ്വതിയുടെ കുടുംബത്തിന്, പ്രത്യേകിച്ച് നടിയുടെ അമ്മയ്ക്ക് ഈ ബന്ധത്തോട് കടുത്ത എതിർപ്പുണ്ടായിരുന്നു. അത് കൊണ്ട് തന്നെ, രണ്ടു വർഷത്തോളം അതീവ രഹസ്യമായിട്ടാണ് ഇരുവരും പ്രണയിച്ചത്. പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായ ഇരുവരുടെയും ദാമ്പത്യം ഇന്നും ഏറെ രസകരമായിട്ടാണ് മുന്നോട്ട് പോവുന്നത്.

വർഷങ്ങൾക്ക് മുൻപ് ഒരു കോളേജ് പരിപാടിയിൽ പങ്കെടുക്കാൻ പർവ്വതിയ്ക്കും മകൻ കാളിദാസിനും ഒപ്പം എത്തിയ ജയറാം, രസകരമായ ഒരു ക്യാമ്പസ് ഓർമ്മ പങ്കു വച്ചിരുന്നു. അത് തന്റെ ആദ്യ പ്രണയത്തെ കുറിച്ചായിരുന്നു. വിവാഹശേഷം, പാർവ്വതി തന്റെ ആദ്യ പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോൾ ഒന്നും ഓർക്കാതെ ഈ ഓർമ്മകൾ താൻ പങ്കു വച്ചിരുന്നു എന്നും, അതിന് പിന്നീട് വലിയ വില കൊടുക്കേണ്ടി വന്നുവെന്നും, ഒരു ചിരിയോടെ പ്രശസ്ത താരം ഓർത്തെടുത്തു.
"കല്യാണം കഴിഞ്ഞപ്പോൾ ഭാര്യ എന്നോട് ചോദിച്ചു, കോളേജിൽ പടിക്കുമ്പോഴോ മറ്റോ ഏതെങ്കിലും പെൺകുട്ടിയോട് പ്രേമം ഉണ്ടായിരുന്നോ എന്ന്. അപ്പോൾ, നമ്മൾ ആണുങ്ങൾ ബുദ്ധി ഇല്ലാത്തവർ ഇതൊക്കെ തുറന്നു പറയും. പക്ഷെ ഭാര്യമാർ അവരുടെ കാര്യങ്ങളൊന്നും തുറന്നു പറയുകയും ഇല്ല. അങ്ങനെ ഈ വിവരമില്ലാത്ത ഞാൻ സമ്മതിച്ചു, ഉണ്ടായിരുന്നു എന്ന്. എനിക്ക് ഒരു കുട്ടിയെ ഇഷ്ടമായിരുന്നു, കോളേജിൽ പഠിക്കുമ്പോൾ. ഒരു പിഷാരടി കുട്ടി. ആ കുട്ടിയെ 'ഷാരടി' എന്നാണ് വിളിച്ചുകൊണ്ടിരുന്നത്. എനിക്ക് ഇഷ്ടമായിരുന്നു, പക്ഷെ ആ കുട്ടിക്ക് തിരിച്ചു എന്നോട് ഇഷ്ടമില്ലായിരുന്നു," ജയറാം ഓർത്തെടുത്തു.

"രണ്ടു വർഷം ഞാൻ ഷാരടിയുടെ പുറകെ നടന്നു, പക്ഷെ ആ കുട്ടി എന്നെ തിരിഞ്ഞു നോക്കില്ല. ബാക്കി എല്ലാവരോടും - എന്റെ കൂട്ടുകാരോട് ഉൾപ്പെടെ - സംസാരിക്കുന്നുണ്ട്. പക്ഷെ എന്റെ മുഖത്ത് പോലും നോക്കില്ല. അങ്ങനെ എനിക്ക് ഭയങ്കര ദേഷ്യം വന്നു - എന്നോട് മാത്രം എന്താ ഇങ്ങനെ എന്ന് ആലോചിച്ച്," ഒരു ചിരിയോടെ ഇരിക്കുന്ന പാർവ്വതിയുടെയും കാളിദാസിന്റെയും മുന്നിൽ വച്ച് ജയറാം ഓർത്തെടുത്തു. കോളേജ് അവസാനിക്കുന്നതിന് മുൻപുള്ള ഒരു കലോത്സവ വേദിയിൽ ആ പെൺകുട്ടി ഭരതനാട്യം ചെയ്യുമ്പോൾ, അവരെ കാണാൻ വേണ്ടി കർട്ടൻ വലിക്കാൻ പോയി നിന്നുവെന്നും, അപ്പോഴും അവർ നോക്കിയില്ലെന്നും താരം പറഞ്ഞു.
ആ ദേഷ്യത്തിൽ ആ കർട്ടണിൽ ഒരു കടുംകെട്ട് ജയറാം ഇടുകയും, ഡാൻസ് കഴിഞ്ഞ് ഒറ്റ കാലിൽ ഉള്ള പോസിൽ ആ കുട്ടി നിൽക്കുമ്പോൾ കർട്ടൻ ഇടാൻ പറ്റാതെ എല്ലാവരും ബുദ്ധിമുട്ടുകയും ചെയ്തു. ആ പോസിൽ തന്നെ എല്ലാവരും കാണെ ആ കുട്ടിക്ക് വേദിയിൽ നിന്ന് പോകേണ്ടി വന്നു. ബാക്കിയുള്ള സമയം അതിന്റെ പേരിൽ എല്ലാവരും ഷാരടിയെ ഒരുപാട് കളിയാക്കിയിരുന്നുവെന്നും ജയറാം ഓർത്തെടുത്തു. വർഷങ്ങൾക്ക് ശേഷം അവരെ വീണ്ടും കാണുന്നത്, സിനിമയിൽ എത്തിയതിന് ശേഷം ബോംബെയിൽ ഓണാഘോഷ പരിപാടിയ്ക്ക് ചെന്നപ്പോഴാണ്.
അതിന്റെ മുഖ്യ സംഘാടകരിൽ ഒരാൾ ആ പെൺകുട്ടിയുടെ ഭർത്താവായിരുന്നു. അദ്ദേഹത്തിന് ഈ കഥകൾ എല്ലാം അറിയാമെന്നും, അത് പറഞ്ഞ് ഒരുപാട് ചിരിച്ചുവെന്നും നടൻ വെളിപ്പെടുത്തി. എന്നാൽ ഇതെല്ലം അറിഞ്ഞ തന്റെ ഭാര്യ പാർവ്വതിയാവട്ടെ, ഇന്നും എന്തെങ്കിലും ചെറിയ വഴക്കോ പിണക്കമോ ഉണ്ടായാൽ ഉടനെ "ഉവ്വ്... ആ ഷാരടിയുടെ പുറകെ നടന്ന ആളല്ലേ" എന്ന് ചോദിച്ചു തളർത്തി കളയുമെന്നും ജയറാം ചിരിയോടെ കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











