എന്റെ ആദ്യ സിനിമ തട്ടിയെടുത്തത് സുരേഷ് ഗോപിയാണ്! അദ്ദേഹത്തെ കണ്ട ശേഷം തന്റെ വിഷമം മാറിയെന്നും ജയറാം
തെന്നിന്ത്യന്‍ സിനിമ ലോകത്തെ പ്രമുഖ നടന്മാരില്‍ ഒരാളാണ് ജയറാം. കേവലം മിമിക്രിക്കാരനായി കരിയര്‍ തുടങ്ങിയ നടന്‍ വളരെ പെട്ടെന്നാണ് കുടുംബപ്രേഷകരുടെ പ്രിയങ്കരനായി മാറിയത്. എല്ലാത്തിനും കാരണം പത്മരാജന്‍ സംവിധാനം ചെയ്ത അപരന്‍ എന്ന സിനിമയായിരുന്നു. ഈ ചിത്രത്തിലെ കഥാപാത്രം ജയറാമിന് താരമൂല്യം നേടിക്കൊടുത്തു.
പത്മരാജന്റെ ഓര്‍മ്മകള്‍ പറയുമ്പോള്‍ ജയറാമിന്റെ സിനിമ ജീവിതത്തെക്കുറിച്ചും പറയേണ്ടതാണ്. ഇന്നിതാ പത്മരാജനെ കുറിച്ചുള്ള പരിപാടിയില്‍ പങ്കെടുത്ത സംസാരിക്കാതെ തന്റെ തുടക്കകാലത്തെ കുറിച്ചും അഭിനയിക്കാന്‍ അവസരം കിട്ടിയിട്ട് അത് മറ്റൊരു നടന്‍ തട്ടിയെടുത്തതിനെക്കുറിച്ചും പറയുകയാണ് ജയറാം.

1987 ല്‍ സിനിമ സ്വപ്നം കണ്ടു നടക്കുന്ന കാലമായിരുന്നു. ആരുടെ മുന്നിലും പോയി ചാന്‍സ് ചോദിക്കുന്ന ഒരു അനുഭവം എനിക്കില്ലായിരുന്നു. അക്കാലത്തൊക്കെ പലരും മദ്രാസില്‍ പോയി കഷ്ടപ്പെട്ടിട്ടൊക്കെയാണ് സിനിമയിലേക്ക് വരുന്നത്. നടന്‍ ആവണമെന്ന് മനസ്സില്‍ ആഗ്രഹമുണ്ടായിരുന്നു. അന്ന് കലാഭവനില്‍ മിമിക്രി അവതരിപ്പിച്ചു നടക്കുകയാണ്. എന്റെ സഹപ്രവര്‍ത്തകനായ സൈനുദ്ദീന്‍ അന്ന് നടനും സഹ സംവിധായകനാണ്.
അതുപോലെ സിദ്ധിക്കും ലാലുമൊക്കെ സംവിധായകന്‍ ഫാസിലിന്റെ സഹസംവിധായകന്മാരും ആണ്. റഹ്‌മാന്‍ ചില സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അങ്ങനെ കൂടെയുള്ളവരൊക്കെ ചെറിയ ചെറിയ വേഷങ്ങള്‍ അവതരിപ്പിച്ചു പോവുകയാണ്. എന്നെങ്കിലും എനിക്കും ചെറിയൊരു വേഷം കിട്ടുമായിരിക്കും എന്ന് ഞാനും വിചാരിച്ചു.
ഒരിക്കല്‍ സൈനുദ്ദീന്‍ സഹ സംവിധായകനായിട്ടുള്ള ഒരു സിനിമയില്‍ എനിക്കൊരു വേഷം ഉണ്ടെന്ന് പറയുന്നു. അങ്ങനെ ഒരു അവസരം കിട്ടുന്നത് കൊണ്ട് എന്നും വൈകുന്നേരം സൈനുദ്ദീന് ഞാന്‍ ചായയും കാപ്പിയുമൊക്ക വാങ്ങി കൊടുക്കും, അതിനൊപ്പം എനിക്ക് വേഷം കിട്ടുമോ, കിട്ടുമോ എന്നൊക്കെ ഞാന്‍ ചോദിച്ചു കൊണ്ടേയിരിക്കും. അങ്ങനെ ഒരു മാസം കടന്നു പോയപ്പോഴാണ്, ക്ഷമിക്കണം ആ കഥാപാത്രം വേറൊരാള്‍ക്ക് കൊടുത്തു എന്ന് പറഞ്ഞത്.
മാത്രമല്ല ആ വേഷം കൊടുത്ത ആളെ കണ്ടാലേ നിനക്ക് ആ കഥാപാത്രം കിട്ടാത്തതിലെ വിഷമം മാറുകയുള്ളൂ എന്നും സൈനുദ്ദീന്‍ പറഞ്ഞിരുന്നു. അങ്ങനെ ഒരാഴ്ച കൂടി കഴിഞ്ഞപ്പോള്‍ കലാഭവന്റെ മുന്നില്‍ ജാവ മോട്ടര്‍ ബൈക്കില്‍ ഒരു ചെറുപ്പക്കാരന്‍ വന്നിറങ്ങി. ആറടി രണ്ട് ഇഞ്ച് പൊക്കമുള്ള ഒരു സുമുഖനാണ്. അദ്ദേഹം എന്നോട് സൈനുദ്ദീന്‍ ഉണ്ടോ എന്ന് ചോദിച്ചു. ഞാന്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം സ്വയം പരിചയപ്പെടുത്തി.
'എന്റെ പേര് സുരേഷ്, ഞാന്‍ കൊല്ലത്തു നിന്ന് വരികയാണെന്നും പറഞ്ഞു'. എനിക്ക് പകരം അഭിനയിക്കുന്ന നടനായിരുന്നു അത്. സാക്ഷാല്‍ സുരേഷ് ഗോപി ആയിരുന്നു അന്ന് എന്റെ വേഷം തട്ടിയെടുത്ത ആ നടന്‍. അദ്ദേഹത്തിന്റെ ആ രൂപം കണ്ടപ്പോള്‍ എനിക്ക് തന്നെ തോന്നി, ദൈവമേ ഇവന്റെ മുന്നില്‍ ഞാന്‍ എന്താണെന്നും എനിക്ക് ആ വേഷം കിട്ടാതിരുന്നത് നന്നായെന്നും...

പിന്നെയും അഭിനയിക്കണമെന്ന് ആഗ്രഹം മനസ്സില്‍ കൊണ്ട് ഇങ്ങനെ നടക്കുകയായിരുന്നു. ആ സമയത്താണ് എന്റെ വല്യച്ഛന്‍ കൂടിയായ ശ്രീ മലയാറ്റൂരിനോട് ഒരു വേഷം തരുമോ എന്ന് ചോദിച്ചത്. 'പോടാ, ആദ്യം വീട്ടില്‍ പോയി നീ പഠിത്തം പൂര്‍ത്തിയാക്ക്. ഡിഗ്രി കഴിഞ്ഞിട്ടൊക്കെ വാ' എന്ന് പറഞ്ഞ് അദ്ദേഹം എന്നെ പേടിപ്പിച്ചു. ഞാന്‍ അവിടെ നിന്നും ഓടി.
പിന്നെയും മോഹവുമായി നടക്കുവായിരുന്നു. ഇതിനിടെ കലാഭവന്റെ കാസറ്റ് പുറത്തിറക്കി. ഇതോടെ പത്മരാജന്‍ സാര്‍ എന്നെ കണ്ടെത്തിയെന്ന് പലരും കരുതിയെങ്കിലും അത് അദ്ദേഹത്തിന്റെ മകനായിരുന്നു. അനന്തപത്മനാഭന്‍ ആണ് കലാഭവന്റെ കാസറ്റ് കണ്ട് വീട്ടില്‍ കൊണ്ടുപോയി സാറിന്റെ അടുത്ത് പറഞ്ഞത്.
മറ്റൊരാളുടെ ശബ്ദവും രൂപവും അനുകരിക്കുന്ന വ്യക്തിത്വം ഇല്ലാത്ത ഒരാളെ കാണേണ്ടതില്ലെന്നാണ് പത്മരാജന്‍ സാര്‍ അന്ന് പറഞ്ഞത്. പക്ഷേ രണ്ടുമൂന്നു തവണ ആ കാസറ്റ് കണ്ടതിനുശേഷമാണ് എന്നെ വിളിക്കുന്നത്. ആ വീടിന് മുറ്റത്ത് പോയി നില്‍ക്കുന്നതും ആദ്യമായി സ്‌ക്രീനിങ് നടത്തിയതുമൊക്കെ തനിക്ക് ഇന്നും ഓര്‍മ്മയുണ്ടെന്ന് ജയറാം പറയുന്നു.


Click it and Unblock the Notifications