എത്ര രൂപയാണെന്ന് പറഞ്ഞിട്ട് തുടങ്ങിയാൽ മതി; വലിയ നടന് വേണ്ടി വന്നിട്ട് കച്ചവടം; ഞാൻ ഇറങ്ങിപ്പോയി; ജയറാം
നിത്യഹരിത നായകനായ പ്രേം നസീർ മരിച്ച് വർഷങ്ങളായെങ്കിലും നടനെ മറക്കാൻ പ്രേക്ഷകർക്ക് കഴിഞ്ഞിട്ടില്ല. സിനിമാ ലോകം ഇന്നും ബഹുമാന്യം സ്ഥാനം പ്രേം നസീറെന്ന പേരിന് നൽകുന്നു. ഇന്നത്തെ സൂപ്പർസ്റ്റാറുകളായ മോഹൻലാലിനും മമ്മൂട്ടിക്കുമെല്ലാം പ്രിയങ്കരനായിരുന്നു പ്രേം നസീർ. പ്രേം നസീറിനോട് കടുത്ത ആരാധനയുള്ള നടനായിരുന്നു ജയറാം. പ്രേം നസീറിന്റെ ശബ്ദം അനുകരിച്ചാണ് ജയറാം തുടക്കകാലത്ത് മിമിക്രി വേദികളിൽ ശ്രദ്ധിക്കപ്പെടുന്നത്. പ്രേം നസീറിനൊപ്പം ധ്വനി എന്ന സിനിമയിൽ ജയറാം അഭിനയിച്ചിട്ടുണ്ട്.
പ്രേം നസീർ അവസാനമായി ഡബ് ചെയ്ത് അഭിനയിച്ച സിനിമ ധ്വനിയാണ്. അതേസമയം നടൻ അവസാനമായി അഭിനയിച്ച സിനിമ കടത്തനാടൻ അമ്പാടിയാണ്. ഈ സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് പ്രേം നസീർ മരിച്ചു. ഇതോടെ മറ്റൊരാളെ വെച്ചാണ് ഡബ് ചെയ്തത്. പ്രേം നസീറിന് ശബ്ദം നൽകാൻ ജയറാമിനെയായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ ഡബ് ചെയ്യാൻ ജയറാം തയ്യാറായില്ല. ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ജയറാം.

പ്രിയൻ എന്നെ നിർബന്ധിച്ചതിനാൽ ഡബ്ബിംഗിന് പോയി. ഒരു വാക്ക് പറയാൻ തുടങ്ങും മുമ്പ് എത്ര രൂപയാണെന്ന് നേരത്തെ പറയണം, അത് കഴിഞ്ഞിട്ട് തുടങ്ങിയാൽ മതിയെന്ന് പ്രൊഡക്ഷൻ മാനേജർ പറഞ്ഞു. വലിയൊരു മനുഷ്യന് ശബ്ദം കൊടുക്കാൻ വന്നിട്ട് അത് ഒരു കച്ചവടമായാണല്ലോ കാണുന്നത് എന്നെനിക്ക് തോന്നി. ഇപ്പോൾ വരാമെന്ന് പറഞ്ഞ് അതിലേ ഇറങ്ങി. ആ വഴി സ്ഥലം വിട്ടു. പിന്നെ ഞാൻ പോയിട്ടില്ല. പ്രേം നസീർ തനിക്കത്രയും വലിയ വികാരമായിരുന്നെന്നും ജയറാം വ്യക്തമാക്കി. ജിഞ്ചർ മീഡിയയോടാണ് പ്രതികരണം.
പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാലാണ് പ്രധാന വേഷം ചെയ്തത്. മനസിനക്കരെ എന്ന സിനിമയിൽ ഷീലയ്ക്കൊപ്പം അഭിനയിച്ചതിന്റെ ഓർമ്മകളും ജയറാം പങ്കുവെച്ചു. ചേച്ചിക്ക് ഡയലോഗ് പറയുമ്പോൾ മാത്തുക്കുട്ടിച്ചായൻ എന്ന് വരില്ല. മാട്ടുപ്പെട്ടി മച്ചാൻ എന്നാണ് വരുന്നത്. കുറേ ടേക്ക് പോയിരുന്നെന്ന് ജയറാം ഓർത്തു. മികച്ച കഥാപാത്രങ്ങൾ ചെയ്തിട്ടും പലപ്പോഴും തനിക്ക് അവാർഡുകൾ കിട്ടാതെ പോയതിനെക്കുറിച്ചും ജയറാം സംസാരിച്ചു.

അത് പറഞ്ഞിട്ട് കാര്യമില്ല. പത്ത് പേർ ഒരു ടേബിളിന്റെ ചുറ്റുമിരുന്ന് തീരുമാനിക്കുന്ന കാര്യമാണ്. ആ സമയത്ത് അവർക്കും നല്ലതും ചീത്തയും തോന്നാം. എപ്പോഴും അവാർഡ് പ്രഖ്യാപനത്തിന്റെ തലേന്ന് വിളിച്ച് നിങ്ങൾക്കാണ് സ്റ്റേറ്റ് അവാർഡ്, ഉറപ്പാണ് എന്നൊക്കെ പറയും. പത്ത് മണിക്ക് അനൗൺസ് ചെയ്യുമ്പോൾ അത് വേറെ ആൾക്കായിരിക്കും.
അത് വർഷങ്ങളായി അനുഭവിക്കുന്നത് കൊണ്ട് തനിക്ക് പ്രശ്നമൊന്നും തോന്നിയിട്ടില്ലെന്നും ജയറാം വ്യക്തമാക്കി. ഏറെക്കാലമായി മലയാള സിനിമാ രംഗത്ത് നിന്നും മാറി നിൽക്കുന്ന ജയറാം എബ്രഹാം ഒസ്ലർ എന്ന സിനിമയിലൂടെ തിരിച്ചെത്തിയിരിക്കുകയാണ്.
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വ്യത്യസ്തമായ കഥാപാത്രമാണ് ജയറാം അവതരിപ്പിക്കുന്നത്. തുടരെ പരാജയ സിനിമകൾ വന്ന ഘട്ടത്തിലാണ് ജയറാം മലയാളത്തിൽ നിന്നും മാറി നിന്നത്. അതേസമയം മറ്റ് ഭാഷകളിൽ നടൻ സജീവമായിരുന്നു. തമിഴ് ചിത്രം പൊന്നിയിൻ സെൽവനിൽ ജയറാം ചെയ്ത വേഷം ശ്രദ്ധിക്കപ്പെട്ടു. ജയറാം മലയാളത്തിൽ വീണ്ടും സജീവമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.


Click it and Unblock the Notifications