'ക്രെഡിറ്റ് മമ്മൂക്കക്ക് പോകുന്നതിൽ പ്രശ്നമില്ല, മമ്മൂക്കയുടെ വേഷത്തിലേക്കായി സുരേഷ് ഗോപിയെ സമീപിച്ചിരുന്നു'
എവിടെയും എബ്രഹാം ഓസ്ലർ തരംഗമാണിപ്പോൾ... പത്മശ്രീ ജയറാമും മെഗസ്റ്റാർ മമ്മൂട്ടിയും കൂടി ബോക്സോഫീസിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ത്രില്ലർ സ്വഭാവത്തോട് കൂടി തുടങ്ങി ഇൻവേസ്റ്റിഗേറ്റീവ് മൂഡിൽ മുന്നോട്ട് പോകുന്ന സിനിമയാണ് എബ്രഹാം ഓസ്ലർ. എബ്രഹാം ഓസ്ലർ എന്ന കഥാപാത്രത്തെ പൂർണ്ണമായും ഉൾക്കൊണ്ട് അഭിനയിച്ച ജയറാം തന്റെ തിരിച്ചുവരവ് ഗംഭീരമാക്കിയിട്ടുണ്ട്. പ്രേക്ഷകരെ സിനിമയിൽ പിടിച്ചിരുത്താൻ സംവിധാന മികവുകൊണ്ട് കഴിഞ്ഞിട്ടുണ്ട്.
ബോറടിപ്പിക്കാതെ പൂർണ്ണമായും സിനിമയിൽ എൻഗേജ് ചെയ്യിപ്പിക്കാൻ കഴിഞ്ഞ സംവിധാന മികവ് ശരാശരിയിലും മുകളിൽ നിൽക്കുന്ന ബിജിഎം സൂപ്പർതാരത്തിന്റെ സാന്നിധ്യം അങ്ങനെ എല്ലാം ചേർത്ത് ഒരു പ്രേക്ഷകനെ പൂർണമായും തൃപ്തിപ്പെടുത്തുന്ന സിനിമയാണ് എബ്രഹാം ഓസ്ലർ. ട്രെയിലറിൽ മമ്മൂട്ടി ശബ്ദ സാന്നിധ്യം അറിഞ്ഞപ്പോൾ മുതൽ മെഗാസ്റ്റാറിന്റെ എൻട്രിക്കായി കാത്തിരിക്കുകയായിരുന്നു തിയേറ്ററിലെ പ്രേക്ഷകർ.

കാത്തിരുന്ന പ്രേക്ഷകരെ സാറ്റിസ്ഫൈ ചെയ്യിക്കുന്നതായിരുന്നു മമ്മൂട്ടിയുടെ കഥാപാത്രമായ അലക്സാണ്ടർ. മമ്മൂട്ടി ഒരു മികച്ച നടൻ എന്നതിലുപരി ഒരുപാട് ഫാൻ ഫോളോയിങ്ങുള്ള താരമായി ഇത്രയും കാലം ഇവിടെ നിലനിന്നുപോയത് എന്തുകൊണ്ടാണ് എന്നത് ഓസ്ലർ കണ്ടാൽ മനസിലാകും. അദ്ദേഹത്തിന്റെ വരവോടെ സിനിമ വേറെ ഒരു ലെവലിലേക്ക് പോയി.
അത്രയും നേരം സിനിമയിൽ മികച്ച പ്രകടനം നടത്തിയവരെ പുറകിലാക്കി മമ്മൂട്ടി സിനിമ തന്റേതാക്കി മാറ്റി. സ്ക്രീൻ പ്രസൻസിന്റെ കാര്യത്തിൽ അദ്ദേഹത്തെ വെല്ലാൻ മറ്റൊരാളില്ലെന്ന് വീണ്ടും തോന്നിപ്പിക്കുകയാണ് അലക്സാണ്ടർ എന്ന കഥാപാത്രത്തിലൂടെ.
അടുത്തകാലത്തായി സിനിമ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ പോലും യുവതാരങ്ങളെക്കാൾ ബഹുദൂരം മുന്നിലാണ് മമ്മൂട്ടി. പ്രായം ഏറുന്നതിന് അനുസരിച്ച് അദ്ദേഹത്തിന്റെ സ്റ്റാർഡം കൂടുതൽ ഉയരുകയാണ്. ഇപ്പോഴിതാ എബ്രഹാം ഓസ്ലർ സിനിമയുമായി ബന്ധപ്പെട്ട് മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ജയറാം പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്.
ഓസ്ലറിലെ മമ്മൂക്കയുടെ വേഷത്തിലേക്ക് സുരേഷ് ഗോപിയെ സമീപിച്ചായിരുന്നുവെന്നാണ് ജയറാം പറയുന്നത്. മമ്മൂട്ടി ഗസ്റ്റ് റോൾ ചെയ്തത് തനിക്ക് വേണ്ടിയാണെന്നും ജയറാം പറയുന്നു. 'പുതിയ ആളുകൾക്ക് മമ്മൂക്കയോളം ചാൻസ് കൊടുത്തിട്ടുള്ള മറ്റൊരു നടനുണ്ടാകില്ല. അതുപോലെ മലയാള സിനിമയെ തന്നെ കൊച്ചിയിലേക്ക് പറിച്ച് നട്ട് വളർത്തിയെടുത്തത് ഒരുപക്ഷെ മമ്മൂക്കയാണെന്ന് തന്നെ പറയാം.'

'അദ്ദേഹത്തിന് ഒരു പ്രത്യേക സ്നേഹം എന്നോടുള്ളതുകൊണ്ടാവാം അദ്ദേഹം ആ റോൾ ചെയ്ത് തന്നത്. അതുകൊണ്ടാണ് ഇപ്പോഴും മിഥുനോട് ഞാൻ അദ്ദേഹം എനിക്ക് വേണ്ടി വന്ന് ചെയ്ത് തന്നതാണെന്ന് പറയുന്നത്. എനിക്ക് കിട്ടേണ്ട ക്രഡിറ്റ് മമ്മൂക്ക കൊണ്ടുപോകും എന്നൊന്നും ചിന്തിക്കാറില്ല. ഞാൻ അങ്ങനെയൊന്നും നോക്കാറില്ല. സുരേഷ് ഗോപി ഈ കഥാപാത്രം ചെയ്താൽ നന്നാകുമെന്ന് പറഞ്ഞ് മിഥുൻ അദ്ദേഹത്തെ സമീപിച്ചിരുന്നു.'
'വലിയൊരു വ്യക്തിത്വം ആ കഥാപാത്രം ചെയ്താൽ നന്നായിരിക്കും. അതിന് മമ്മൂക്കയെ പോലൊരാൾ വരുമെന്ന് ഞാൻ വിചാരിച്ചിട്ടില്ല. മമ്മൂക്ക വന്നതുകൊണ്ട് വളരെ ഏറെ ബൂസ്റ്റപ്പ് ഓസ്ലറിന് കിട്ടി. എപ്പോഴും ടോട്ടാലിറ്റിയെ കുറിച്ചല്ലേ ആലോചിക്കേണ്ടത്. കുത്തികുത്തി ചോദിച്ചാലും മമ്മൂക്കയുടെ സാന്നിധ്യത്തെ കുറിച്ച് പറയരുതെന്ന് മിഥുൻ പറഞ്ഞിരുന്നു.'
'മണിരത്നത്തിന്റെ പൊന്നിയൻ സെൽവം കഴിഞ്ഞ് വന്ന് വയറ് കുറച്ചപ്പോഴാണ് മിഥുൻ ഓസ്ലറിന്റെ കാര്യം പറഞ്ഞത്. അതിന് മുമ്പ് ഞാൻ ചെയ്യാൻ ബാക്കിയുണ്ടായിരുന്ന തെലുങ്ക് പടങ്ങൾ ചെയ്ത് തീർത്തിട്ട് ഓസ്ലറിന് വേണ്ടി വീണ്ടും ശരീര ഭാരം കൂട്ടി. ശേഷം പാസ്റ്റിലെ ഓസ്ലറാകാനായി പതിനഞ്ച് ദിവസമെടുത്ത് വീണ്ടും ശരീര ഭാരം കുറച്ചു', എന്നാണ് അനുഭവം പങ്കിട്ട് ജയറാം പറഞ്ഞത്.


Click it and Unblock the Notifications