എന്നെ കണ്ടതും സാക്ഷി ഓടി വന്ന് കാലിൽ തൊട്ടുതൊഴുതു, എന്റെ പാട്ട് കേള്‍ക്കാതെ ധോണിയുടെ മകള്‍ ഉറങ്ങില്ല; ജയറാം!
സിനിമപോലെ ക്രിക്കറ്റ് പ്രേമിയാണ് നടൻ ജയറാം. ഇടയ്ക്കിടെ മാച്ചുകൾ കാണാൻ കുടുംബത്തോടൊപ്പം പോകാറുമുണ്ട്. ഇപ്പോൾ താരം റിലീസിനൊരുങ്ങുന്ന പുതിയ സിനിമ പരിമള ആന്റ് കോയുടെ പ്രമോഷൻ തിരക്കുകളിലാണ്. ഉർവശിക്കൊപ്പം ഒരിടവേളയ്ക്കുശേഷം ജയറാം പ്രത്യക്ഷപ്പെടുന്ന സിനിമ കൂടിയാണിത്. കഴിഞ്ഞ ദിവസം പ്രമോഷന്റെ ഭാഗമായി ഒരു തമിഴ് യുട്യൂബ് ചാനലിന് ജയറാം നൽകിയ അഭിമുഖത്തിലെ ചില ഭാഗങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
ധോണിയുടെ ഭാര്യ സാക്ഷിയെ പരിചയപ്പെട്ടതിനെ കുറിച്ചും സച്ചിനുമായുള്ള കൂടിക്കാഴ്ചയുടെ അനുഭവവുമാണ് രസകരമായി ജയറാം കഥപോലെ അഭിമുഖത്തിൽ അവതരിപ്പിച്ചത്. തന്റെ സിനിമയിലെ പാട്ട് കേട്ടാണ് ഒരു സമയം വരെ ധോണിയുടെ ഏക മകൾ ഉറങ്ങിയിരുന്നതെന്നും ജയറാം പറഞ്ഞു.

ചെന്നൈയിൽ ക്രിക്കറ്റ് മാച്ച് കാണാനായി ഒരിക്കൽ പോയിരുന്നു. ഞാന്‍ അവിടെ ഒരു ടേബിളില്‍ ഇരിക്കുകയായിരുന്നു. അവിടെ ഇരിക്കുമ്പോൾ കാണാം ധോണിയുടെ ഭാര്യ ദൂരെ നിന്ന് വരുന്നത്. അടുത്തിരുന്നയാൾക്ക് ധോണിയുടെ ഭാര്യയാണെന്ന് പറഞ്ഞ് ഞാൻ ചൂണ്ടി കാണിച്ച് കൊടുത്തു. സാക്ഷിക്ക് എന്നെ അറിയാമോ എന്നത് പോലും എനിക്ക് അറിയില്ല.
പക്ഷെ എന്നെ കണ്ടതും. സാക്ഷി ഓടി വന്ന് എന്റെ കാലില്‍ തൊട്ടിട്ട് സാര്‍ ഞാന്‍ നിങ്ങളുടെ വലിയ ഫാനാണ് എന്ന് പറഞ്ഞു. ഞാനും ആകെ അമ്പരന്ന് പോയി. വേറെ ആരെങ്കിലുമാണെന്ന് കരുതിയാണ് അവർ എന്റെ കാലില്‍ തൊട്ടത് എന്നാണ് ഞാൻ ആദ്യം ചിന്തിച്ചത്. ഇക്കാര്യം അവരോടും ചോദിച്ചു. എന്നെത്തന്നെയാണെന്ന് ഉറപ്പിച്ച് പറഞ്ഞു.
എന്നെ അറിയാമെന്നും പറഞ്ഞു. പിന്നീടാണ് അവര്‍ മറ്റൊരു കാര്യം പറഞ്ഞത്. അവരുടെ വീട്ടിലുണ്ടായിരുന്ന ഒരു ആയ മലയാളിയായിരുന്നു. അവർ ധോണിയുടെ മകള്‍ക്ക് ചെറുപ്പം മുതല്‍ മലയാളം പാട്ടുകളായിരുന്നു പാടിക്കൊടുത്തത്. അതില്‍ ഒന്ന് അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ എന്ന പാട്ടായിരുന്നു. അത് കേട്ടാല്‍ മാത്രമെ മകള്‍ ഉറങ്ങുമായിരുന്നുള്ളുവത്രെ.
ആ പാട്ട് ഒരു പേപ്പറില്‍ എഴുതി അവർ വെച്ചിട്ടുണ്ട്. ആ പാട്ട് എന്റെ സിനിമയിലേതാണ്. ആ പാട്ട് പാടിയിട്ടാണ് ഒരുപാട് കാലം അവർ മകളെ ഉറക്കിയതെന്ന് അവര്‍ പറഞ്ഞു. മറക്കാനാകാത്ത അനുഭവമായിരുന്നു അത്. അതുപോലെ നല്ലൊരു അനുഭവമായിരുന്നു സച്ചിൽ ടെണ്ടുൽക്കറിനെ ആദ്യമായി കണ്ടതും. കേരളത്തിൽ ഒരു പരിപാടിയിൽ വെച്ചാണ് ആദ്യമായി കണ്ടത്. അദ്ദേഹവും ഭാര്യയുമുണ്ടായിരുന്നു.

ഞാനും ഭാര്യയും ഉണ്ടായിരുന്നു. കല്യാൺ ജ്വല്ലേഴ്സിന്റെ ഫങ്ഷനായിരുന്നു. കല്യാൺ സാറാണ് എന്നെ സച്ചിന് പരിചയപ്പെടുത്തിയത്. ഞാൻ വളരെ വലിയ ആരാധകനാണെന്നെല്ലാം പറഞ്ഞു. അദ്ദേഹവും കുശലം പറഞ്ഞു. അതിനുശേഷം അരമണിക്കൂർ കഴിഞ്ഞ് ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് അദ്ദേഹം എന്റെ അരികിൽ വന്നിരുന്നു.
അരമണിക്കൂർ കഴിഞ്ഞും അദ്ദേഹം എന്റെ പേര് ഓർത്തുവെച്ചു എന്നത‍് തന്നെ എന്നെ അത്ഭുതപ്പെടുത്തി. ഞാനാരാണെന്ന് പോലും വ്യക്തമായി അറിയാതെയാണ് അദ്ദേഹം എന്റെ പേര് ഓർമവെച്ചത്. ഞാൻ സിനിമയിലാണോ സ്പോർട്സിലാണോ പ്രാവീണ്യമുള്ളയാൾ എന്നൊക്കെ വ്യക്തമായി മനസിലാക്കാൻ വേണ്ടിയാണ് അദ്ദേഹം എന്റെ അടുത്ത് വന്നിരുന്നത്. പേര് ഓർത്തുവെച്ചതിന് ഞാൻ അദ്ദേഹത്തിന് ഒരുപാട് നന്ദി പറഞ്ഞു.
സഞ്ജു സാംസൺ എന്റെ മകന്റെ അടുത്ത സുഹൃത്താണ്. സഞ്ജുവിന്റെ വോയ്സ് ആദ്യമായി ഇമിറ്റേറ്റ് ചെയ്തത് ഞാനാണ്. ശേഷമാണ് എല്ലാവരും അനുകരിച്ച് തുടങ്ങിയത്. അവന്റെ വളർച്ചയിൽ ഒരുപാട് സന്തോഷവനാണ് ഞാൻ. വളരെ ഹാർഡ് വർക്കിങ് പേഴ്സണാണെന്നും ജയറാം പറഞ്ഞു.


Click it and Unblock the Notifications


