ഞങ്ങൾ രണ്ട് പേരാണ്; മാളവികയാണ് ഞാൻ എന്ന് പലരും കരുതുന്നു; സാമ്യതയെക്കുറിച്ച് ജയശ്രീ ശിവദാസ്
മലയാള സിനിമാ രംഗത്ത് ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന നടിയാണ് ജയശ്രീ ശിവദാസ്. ഭ്രമരം എന്ന സിനിമയിലെ അണ്ണാറക്കണ്ണാ വാ എന്ന പാട്ടിലൂടെയാണ് ഇന്നും പ്രേക്ഷകർ ജയശ്രീയെ ഓർക്കുന്നത്. ഒരുപിടി സിനിമകളിൽ ശ്രദ്ധേയ വേഷം ജയശ്രീ ശിവദാസ് ചെയ്തു. ഇടിയൻ ചന്തുവാണ് ജയശ്രീയുടെ പുതിയ സിനിമ. ചിത്രത്തിൽ പ്രധാന വേഷങ്ങളിലൊന്നാണ് ജയശ്രീ ചെയ്യുന്നത്. നായികയായി മികച്ച അവസരങ്ങൾ തുടർന്നും ലഭിക്കാൻ കാത്തിരിക്കുകയാണ് ജയശ്രീ ശിവദാസ്.
ജയശ്രീയുടെ അതേ മുഖച്ഛായയുള്ള നടിയാണ് മാളവിക നായർ. രണ്ട് പേരും ബാലതാരമായി ഒരേ കാലഘട്ടത്തിലാണ് ബാലതാരമായി അഭിനയിച്ചത്. ജയശ്രീ ചെയ്ത പല സിനിമകളും മാളവിക നായരാണ് ചെയ്തതെന്ന് തെറ്റിദ്ധരിക്കുന്നവരുണ്ട്. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് ജയശ്രീ. മൂവി വേൾഡ് മീഡിയയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
അത് യാദൃശ്ചികമായി സംഭവിച്ചതാണ്. ഞങ്ങൾ ഒരേ സമയത്ത് സിനിമയിൽ വന്നവരാണ്. കറുത്തപക്ഷികളിലെ കുട്ടി തന്നെയല്ലേ ഇതെന്ന് ആളുകൾക്ക് തോന്നുന്നുണ്ടാകും. ഒരാൾ ഉണ്ടെന്നേ ആളുകൾക്ക് അറിയൂ. പക്ഷെ ഞങ്ങൾ രണ്ട് പേരാണ്. ഞങ്ങളുടെ ക്യാരക്ടർ അങ്ങോട്ടും ഇങ്ങോട്ടും സ്വിച്ച് ചെയ്യപ്പെടാറുണ്ട്. എന്റെയടുത്ത് വന്ന് അവൾ ചെയ്ത കഥാപാത്രങ്ങളെക്കുറിച്ച് ചോദിക്കും. അവളുടെ അടുത്ത് പോയി ഞാൻ ചെയ്ത ക്യാരക്ടറിനെക്കുറിച്ച് ചോദിക്കും. സത്യത്തിൽ മാളവിക എന്ന പേരാണ് കൂടുതൽ പേർക്കും അറിയുക.
അവളാണ് കുറച്ച് കൂടെ സിനിമകളിലൂടെ രജിസ്റ്റർ ആയത്. ജയശ്രീ എന്ന പേര് ജനങ്ങളുടെ മനസിൽ രജിസ്റ്റർ ചെയ്യാൻ പറ്റാത്തതിന്റെ വിഷമം എവിടെയെക്കെയോ തോന്നാറുണ്ട്. പക്ഷെ സമയമാകുമ്പോൾ ശരിയാകുമെന്ന് ചിന്തിച്ച് പോകുകയാണെന്ന് ജയശ്രീ പറഞ്ഞു. കുട്ടിക്കാലത്ത് സ്റ്റേറ്റ് അവാർഡ് ലഭിച്ചതിനെക്കുറിച്ചും ജയശ്രീ സംസരിച്ചു.

അന്ന് അതിന്റെ വില മനസിലായില്ല. എന്നാൽ ഇങ്ങനെയാെരു പുരസ്കാരം ലഭിച്ചല്ലോ എന്ന് ഇന്ന് ആലോചിക്കുമ്പോൾ സന്തോഷം തോന്നാറുണ്ടെന്നും ജയശ്രീ പറഞ്ഞു. 2008 ൽ പുറത്തിറങ്ങിയ ഒരിടത്തൊരു പുഴയുണ്ട് എന്ന സിനിമയിലൂടെയാണ് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ജയശ്രീക്ക് ലഭിച്ചത്. സിനിമാ രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും ജയശ്രീ സംസാരിച്ചു.
എനിക്ക് ഇതുവരെ അങ്ങനെയുള്ള അനുഭവം ഉണ്ടായിട്ടില്ല. നമ്മൾ നമ്മുടെ തീരുമാനത്തിൽ ഉറച്ച് നിൽക്കുക. അതിൽ ഉറച്ച് നിന്നാൽ പ്രശ്നങ്ങളില്ല. എല്ലായിടത്തും പോലത്തെ ഇൻഡസ്ട്രി. എല്ലാ മേഖലകളിലും ഉള്ളത് പോലെ പ്രശ്നങ്ങൾ ഇവിടെയുമുണ്ട്. പക്ഷെ കൂടുതൽ മാധ്യമശ്രദ്ധയുള്ള സ്ഥലമാണ് ജയശ്രീ ശിവദാസ് പറഞ്ഞു.


Click it and Unblock the Notifications











