എന്റെ കണക്ക് കൂട്ടലുകൾ കുഴപ്പം, ദൈവം ബുദ്ധിയുള്ള ഭാര്യയെ തന്നു, എല്ലാം കൈകാര്യം ചെയ്യുന്നത് സരിത; ജയസൂര്യ
വിവാദങ്ങൾ ഒഴിഞ്ഞൊരു സമയം കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടൻ ജയസൂര്യയ്ക്ക് ഉണ്ടായിട്ടില്ല. എല്ലാത്തിന്റേയും തുടക്കം നടന് എതിരെ ചുമത്തപ്പെട്ട ലൈംഗികാതിക്രമ കേസിലൂടെയായിരുന്നു. 2024ൽ ആണ് ജയസൂര്യയ്ക്ക് എതിരെ നടി പരാതി നൽകുന്നത്. 2008ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് ജയസൂര്യ തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു നടിയുടെ പരാതി. സെക്രട്ടേറിയേറ്റില്‍ വെച്ചായിരുന്നു കേസിന് ആസ്പദമായ സിനിമ ഷൂട്ടിങ് നടന്നത്.
ഷൂട്ടിങ്ങിനിടെ ശുചിമുറിയിൽ നിന്ന് വരുമ്പോള്‍ നടൻ തന്നെ പുറകില്‍ നിന്ന് കടന്ന് പിടിച്ചു എന്നാണ് നടി പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ പറഞ്ഞത്. തുടർന്ന് നടന്ന അന്വേഷണത്തിൽ ഇങ്ങനെയൊരു സംഭവം നടന്നതിന് തെളിവ് കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല.

അതോടെ കേസിൽ മറ്റ് സാക്ഷികൾ ഇല്ലാത്തതുകൊണ്ടും തുടർ നടപടികളൊന്നും ഇല്ലാതെ പോയി. ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട് പ്രതിച്ഛായയ്ക്കുണ്ടായ മങ്ങൽ മാറ്റി വരുന്നതിന് ഇടയിലാണ് സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസിൽ നടൻ ഉൾപ്പെടുന്നത്. കേസിന്റെ ഭാഗമായി നടന്റെ 39 ലക്ഷത്തിന്റെ സ്വത്ത് ഇഡി കഴിഞ്ഞ ദിവസം മരവിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് രണ്ട് തവണയാണ് ജയസൂര്യയെ ഇഡി ചോദ്യം ചെയ്തത്. നടന്റെ ഭാര്യ സരിതയേയും ഇഡി വിളിപ്പിച്ചിരുന്നു.
സ്ഥാപനത്തിന്റെ ബ്രാന്റ് അംബാസിഡറായിരുന്നു നടൻ. നടന്റെ പേരിലുള്ള ഭൂമിയാണ് ഇഡി കണ്ടുകെട്ടിയത്. ഇത് നടന് വലിയ തിരിച്ചടിയായി. വിവാദങ്ങൾക്കിടെ വൈറലാകുന്നത് ഭാര്യ നൽകുന്ന പിന്തുണയെ കുറിച്ച് നടൻ മുമ്പ് നൽകിയ അഭിമുഖമാണ്. എല്ലാ കണക്കുകളും കൈകാര്യം ചെയ്യുന്നത് ഭാര്യയാണെന്ന് ജയസൂര്യ പറയുന്നു.
താൻ കൈകാര്യം ചെയ്താൽ എല്ലാത്തിലും തെറ്റുകൾ സംഭവിക്കുമെന്നും നടൻ പറയുന്നു. ഞാൻ പണ്ട് മുതലെ കണക്കിന്റെ കാര്യത്തിൽ വളരെ മോശമാണ്. അതുകൊണ്ട് തന്നെ എന്റെ കണക്ക് കൂട്ടലുകളും കുഴപ്പമാണ്. അത്യാവശ്യം ബുദ്ധിയുള്ള ഒരു ഭാര്യയെ ദൈവം തന്നു. അത് നന്നായി. അവളുടെ കണക്ക് കൂട്ടലുകൾ തെറ്റാറില്ല. അവളുടെ സെലക്ഷനും. കണക്കുകൾ എല്ലാം കൈകാര്യം ചെയ്യുന്നത് അവളാണ് ജയസൂര്യ പറഞ്ഞു.
മിമിക്രിയിലൂടെ സിനിമയിലേക്ക് എത്തിയതാണ് താരം. തുടക്കം ദിലീപ്, കുഞ്ചാക്കോ ബോബൻ അടക്കമുള്ള സൂപ്പർ സ്റ്റാറുകളുടെ സിനിമയിൽ ചെറിയ വേഷം ചെയ്തുകൊണ്ടായിരുന്നു. സിനിമാ പാരമ്പര്യമൊന്നും ഉണ്ടായിരുന്നില്ല. കഠിനാധ്വാനം തന്നെയാണ് ഇന്ന് കാണുന്ന രീതിയിലേക്ക് വളരാൻ താരത്തെ സഹായിച്ചത്. മുപ്പത് കോടിക്ക് മുകളിലാണ് നടന്റെ ആസ്തിയെന്നാണ് റിപ്പോർട്ടുകൾ.

നടൻ മാത്രമല്ല നിർമ്മാതാവും ഗായകനുമെല്ലാമാണ് ജയസൂര്യ. 2018ലെ കണക്കനുസരിച്ച് നടൻ ഒരു സിനിമയ്ക്ക് ഏകദേശം 50 ലക്ഷം വരെ പ്രതിഫലം വാങ്ങിയിരുന്നു. പിന്നീട് വെള്ളം അടക്കമുള്ള സിനിമകൾ വലിയ വിജയം നേടുകയും അഭിനേതാവ് എന്ന രീതിയിൽ പുരസ്കാരങ്ങൾ ലഭിക്കുകയും ചെയ്തശേഷം പ്രതിഫലം വർധിച്ചിരിക്കണം. ഏറെക്കാലം ജൂനിയർ ആർട്ടിസ്റ്റായും ജയസൂര്യ പ്രവർത്തിച്ചിരുന്നു.
ജയസൂര്യയുടെ ഭാര്യ സരിതയും ഒരു സക്സസ്ഫുള്ളായ സംരംഭകയാണ്. സിനിമയിൽ അധികം അറിയപ്പെടും മുമ്പ് തന്നേ ജയസൂര്യ-സരിത പ്രണയം തുടങ്ങിയിരുന്നു. കൊച്ചിയിൽ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. പിന്നീട് നല്ല സുഹൃത്തുക്കളായി. ഇഷ്ടം പരസ്പരം തുറന്നുപറഞ്ഞില്ലെങ്കിലും മനസ് മനസിലാക്കി കഴിഞ്ഞിരുന്നു. പിന്നീട് കൊച്ചിയിൽ അയൽക്കാരുമായി ഇരുവരും.
അങ്ങനെ അന്ന് മുതൽ തുടങ്ങിയ സൗഹൃദവും പ്രണയവും ഇന്നും തുടരുന്നു. 2004 ജനുവരി 25ന് ആയിരുന്നു ഇരുവരുടേയും വിവാഹം. രണ്ട് മക്കളാണ് ദമ്പതികൾക്ക്. കത്തനാർ, ആട് 3 എന്നിവയാണ് ഇനി റിലീസിന് എത്താനുള്ള നടന്റെ സിനിമകൾ.


Click it and Unblock the Notifications











