മക്കളോട് വിവാഹക്കാര്യം പറഞ്ഞപ്പോഴുള്ള പ്രതികരണം; വിവാഹം വേണ്ടെന്ന് വെക്കുന്നത് ശരിയല്ലെന്ന് ജിത്തു ജോസഫ്
തിയറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ജിത്തു ജോസഫ് ചിത്രം നേര്. മോഹൻലാൽ-ജിത്തു ജോസഫ് കൂട്ടുകെട്ട് വിജയം ആവർത്തിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകർ. ദൃശ്യം എന്ന സിനിമ മുതൽ മോഹൻലാലും ജിത്തു ജോസഫും ഒന്നിച്ചെത്തുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷകൾ ഏറെയാണ്. ജിത്തു ജോസഫിന്റെ മിക്ക സിനിമകളിലും കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം ഉണ്ടാകാറുണ്ട്. വ്യക്തി ജീവിത്തിലും ജിത്തു ജോസഫ് ഒരു കുടുംബസ്ഥനാണ്. ലിന്റ എന്നാണ് ജിത്തുവിന്റെ ഭാര്യയുടെ പേര്.
കോസ്റ്റ്യൂം ഡിസൈനറായി ചില സിനിമകളിൽ ലിന്റ പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് പെൺമക്കളാണ് ജിത്തുവിനുള്ളത്. മക്കളെക്കുറിച്ച് ജിത്തു ജോസഫ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മിർച്ചി മലയാളവുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ. മക്കൾക്ക് നൽകിയ ഉപദേശത്തെക്കുറിച്ച് ജിത്തു ജോസഫ് സംസാരിച്ചു. ടീനേജിലാണ് മക്കൾക്ക് ഉപദേശം നൽകിയത്.

നിങ്ങളുടെ ഇപ്പോഴത്തെ പ്രഥമ ലക്ഷ്യം പഠനമാണ്. പരമാവധി പഠിക്കുക എന്നാണ് പറഞ്ഞത്. എല്ലാവർക്കും 90 ശതമാനത്തിന് മുകളിൽ മാർക്ക്. ഇപ്പോൾ അവർ പഠിത്തം പൂർത്തിയാക്കി അവരവരുടെ ഫീൽഡ് സെലക്ട് ചെയ്യുന്നു. ഒരു നിയന്ത്രണവും ഇല്ല. കാരണം എന്റെ മാതാപിതാക്കൾ എനിക്ക് അങ്ങനെയൊരു സ്വാതന്ത്ര്യം തന്നിട്ടുണ്ട്. എൽകെജിയിൽ പഠിക്കുന്ന കാലത്ത് മക്കൾക്ക് ഫീസ്‍ നൽകി അവർ തന്നെ കൊണ്ടുപോയി അടച്ചിട്ടുണ്ട്.
എല്ലാം അവർ സ്വയം പഠിക്കണം. മക്കൾ സുഹൃത്തുക്കളെ പോലെയാണ്. പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസം ഉണ്ടാകാറുണ്ട്. എന്റെ സിനിമയെ നിശിതമായി അവർ വിമർശിക്കും. എനിക്ക് ദേഷ്യം വരുമ്പോൾ ഞാൻ വഴക്കുണ്ടാക്കും. പിന്നെ അവർ പറയുന്നതിലും കാര്യമുണ്ടെന്ന് ആലോചിക്കുമെന്നും ജിത്തു ജോസഫ് വ്യക്തമാക്കി.

ജീവിതത്തിൽ എല്ലാ മനുഷ്യരും ഒരിക്കലെങ്കിലും കടന്ന് പോകണമെന്ന് തോന്നിയിട്ടുള്ള കാര്യം എന്താണെന്ന് ചോദ്യത്തിനും ജിത്തു ജോസഫ് മറുപടി നൽകി. ഇപ്പോഴത്തെ പെൺകുട്ടികൾ പലരും കല്യാണം കഴിക്കുന്നത് എന്തിനാണ്, കല്യാണം കഴിക്കേണ്ട എന്ന് പറയുന്നു. എന്തിനാണ് നിങ്ങൾ ഭയക്കുന്നതെന്നാണ് ഞാൻ ചോദിക്കാറുള്ളത്. ജീവിതത്തിൽ റിസ്കുള്ള പല കാര്യങ്ങളും നമ്മൾ ചെയ്യുന്നുണ്ട്. ഫ്ലെെറ്റിലും കാറിലും സഞ്ചരിക്കുന്നുണ്ട്. എപ്പോൾ വേണമെങ്കിലും അപകടം സംഭവിക്കാം. ജീവിതത്തിൽ മാതൃത്വം. ഭാര്യയും ഭർത്താവും എന്നൊക്കെയുള്ള റോളുകൾക്കകത്ത് ഒത്തിരി സന്തോഷവും ഇത്തിരി ദുഖങ്ങളുമുണ്ട്.
അത് അനുഭവിക്കണം. അച്ഛൻ, അമ്മ, മക്കൾ എന്നൊക്കെയുള്ള ഇമോഷനുകളിൽ ഒരുപാട് നല്ല മുഹൂർത്തങ്ങളുണ്ട്. അനുഭവിക്കാത്തവർ അത് മിസ് ചെയ്യും. അതിനാൽ അങ്ങനെയൊരു തീരുമാനം എടുക്കരുത്. ഇപ്പോൾ പഴയത് പോലെയല്ലല്ലോ. പണ്ട് ഒരു പെൺകുട്ടി വന്ന് നിൽക്കുമ്പോൾ ഏതോ ഒരുത്തൻ വന്ന് കണ്ട് കല്യാണം കഴിക്കും. ഇപ്പോൾ എന്റെ പിള്ളേരടക്കം ആരാണെന്ന് നോക്കി, ഒരു വർഷം സംസാരിച്ച് വൈബ് കിട്ടുന്നുണ്ടോ എന്ന് നോക്കും എന്നാണ് പറയുന്നത്. ആയിക്കോട്ടെ, പക്ഷെ അപ്പോഴും അവർ കല്യാണം കഴിക്കുകയെന്ന തീരുമാനം എടുക്കുന്നുണ്ട്.
അതിൽ നിന്നും ഒളിച്ചോടരുത്. വർക്കൗട്ട് ആയില്ലെങ്കിൽ രണ്ട് വഴിക്ക് പിരിയാം. ഇനി കല്യാണം എന്ന ഇൻസ്റ്റിറ്റ്യൂഷനിലുള്ള കാര്യങ്ങൾ കൊണ്ടാണെങ്കിൽ ലിവിംഗ് ടുഗെദറിലേക്ക് ഇപ്പോൾ ഒരുപാട് പേർ പോകുന്നുണ്ട്. ഒരുപാട് ഓപ്ഷനുണ്ട്. ഇപ്പോൾ ആൺകുട്ടികളും വിവാഹം വേണ്ടന്ന് പറയുന്നു. പക്ഷെ ഞാനതിന് എതിരാണ്. ഒരു ഫാമിലി ലൈഫ് മുന്നോട്ട് കൊണ്ട് പോകുമ്പോൾ ഒത്തിരി ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. പക്ഷെ അതെല്ലാം മാനേജ് ചെയ്യുമ്പോഴാണ് നമ്മുടെ കഴിവ് തെളിയിക്കുന്നത്.


Click it and Unblock the Notifications