ആ നടനും നടിയും കാണിച്ച മര്യാദകേട്, മോശമായിപ്പോയെന്ന് ഞാൻ പറഞ്ഞു; അനുഭവങ്ങൾ പങ്കുവെച്ച് ജീത്തു ജോസഫ്
ത്രില്ലർ സിനിമകളിലൂടെ സിനിമാ രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത ജീത്തു ജോസഫ് മിറേഷ് എന്ന സിനിമയുമായി ഇപ്പോൾ പ്രേക്ഷകർക്ക് മുമ്പിലെത്തിയിരിക്കുകയാണ്. ആസിഫ് അലി, അപർണ ബാലമുരളി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തത്. കരിയറിൽ വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള ഫിലിം മേക്കറാണ് ഇന്ന് ജീത്തു ജോസഫ്. മോഹൻലാൽ, കമൽ ഹാസൻ ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങൾക്കൊപ്പം സിനിമ ചെയ്ത സംവിധായകൻ. കരിയറിൽ തന്നെ ദേഷ്യം പിടിപ്പിച്ച ചില അഭിനേതാക്കളെക്കുറിച്ച് സംസാരിക്കുകയാണ് ജീത്തു ജോസഫിപ്പോൾ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
ഞാൻ എല്ലാവരോടും ഫ്രണ്ട്ലിയാണ്. പക്ഷെ ജോലിയുടെ കാര്യത്തിൽ വീഴ്ച പറ്റിയാൽ ഞാൻ വഴക്കുണ്ടാക്കും. പക്ഷെ ആക്ടേർസിനോട് ഞാൻ വഴക്കുണ്ടാക്കാറില്ല. എന്നാലും ചില കേസിൽ അഭിപ്രായ വ്യത്യാസങ്ങൾ ഞാൻ സ്ട്രോങ്ങായി പറഞ്ഞിട്ടുണ്ട്. അതിപ്പോൾ സീനിയർ ആക്ടേർസ് ആണെങ്കിലും ഞാൻ പറയും. ഒരു സിനിമയിൽ ആക്ടറെ രാവിലെ വിളിച്ചപ്പോൾ വേറൊരു സിനിമയുടെ പോർഷൻ തീർക്കണമെന്ന് പറഞ്ഞ് ഞങ്ങളോട് പറയാതെ പോയി. ഉച്ച കഴിഞ്ഞിട്ടെത്തുമെന്ന് പറഞ്ഞു. ഞാൻ ഫോൺ ചെയ്ത് ഭയങ്കര മോശമായിപ്പോയെന്ന് പറഞ്ഞു. മര്യാദയില്ലാത്ത പെരുമാറ്റമായിപ്പോയി എന്ന് തന്നെ പറഞ്ഞു. വന്ന് കഴിഞ്ഞപ്പോൾ പുള്ളി കുറേ സോറി പറഞ്ഞു. അവരുടെ അവസ്ഥയും പറഞ്ഞു. അത് കമ്മ്യൂണിക്കേറ്റ് ചെയ്തില്ലെന്ന് ഞാൻ പറഞ്ഞു.

വേറൊരു സിനിമയിൽ ഒരു സീനിയർ ആക്ടറിനൊപ്പം ആദ്യമായി വർക്ക് ചെയ്തു. തുടക്കത്തിൽ വിഗിന്റെ കാര്യമെല്ലാം ധാരണയാക്കിയതാണ്. ഷൂട്ടിൽ ജോയിൻ ചെയ്യാൻ ഞാൻ വന്ന ദിവസം കാരവാനിൽ കയറിയപ്പോൾ ഞെട്ടി. പുള്ളി പുള്ളിക്കിഷ്ടപ്പെട്ട ഒരു വിഗാണ് വെച്ചിരിക്കുന്നത്. ഇത് മോശമായിപ്പോയെന്ന് ഞാൻ പറഞ്ഞു. പുള്ളി അപ്സെറ്റായി. പക്ഷെ എനിക്കത് പറയാതിരിക്കാൻ പറ്റില്ല. എനിക്ക് അങ്ങനെയുള്ളവരുമായി വർക്ക് ചെയ്യാൻ തന്നെ പിന്നെ താൽപര്യമില്ല.
അങ്ങോട്ടും ഇങ്ങോട്ടും ബഹുമാനം കൊടുക്കുക എന്നത് മര്യാദയല്ലേ. എന്റെ മനസിൽ അത് കിടക്കും. ഒരിക്കൽ ഒരു ഫീമെയിൽ ആർട്ടിസ്റ്റ് മുടി ചുരുട്ടിയിരുന്നു. സിനിമയിൽ ഈ ലുക്ക് വേണ്ടെന്ന് ഞാൻ പറഞ്ഞു. സിനിമ തുടങ്ങുമ്പോഴേക്കും മാറ്റുമെന്ന് അവർ പറഞ്ഞു. എന്നാൽ ഷൂട്ടിന് അതേ ലുക്കിലാണ് അവർ വന്നത്. ചോദിച്ചപ്പോൾ സ്ട്രെയിറ്റ് ചെയ്യാൻ രണ്ട് മണിക്കൂറെടുക്കുമെന്ന് പറഞ്ഞു. കുഴപ്പമില്ല, അത് ചെയ്തിട്ട് വന്നാൽ മതിയെന്ന് ഞാൻ പറഞ്ഞു. മോശമായിപ്പോയെന്ന് ലൊക്കേഷനിൽ വന്നപ്പോൾ ഞാൻ പറഞ്ഞു. പുള്ളിക്കാരിയും അപ്സെറ്റായി. തനിക്ക് പിന്നെ ഇത്തരം ആക്ടേർസിനോടൊപ്പം തനിക്ക് പിന്നീട് വർക്ക് ചെയ്യാൻ ബുദ്ധിമുട്ടാണെന്നും ജീത്തു ജോസഫ് പറഞ്ഞു. അതേസമയം അസിസ്റ്റന്റ്സുമായി വഴക്കുണ്ടായാലും പിറ്റേന്ന് തോളിൽ കയ്യിട്ട് നടക്കുമെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.

ദൃശ്യം 3 യാണ് ജീത്തു ജസോഫിന്റെ പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമ. 2013 ൽ പുറത്തിറങ്ങിയ ദൃശ്യം മലയാളി പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ആകാംക്ഷയുടെ മുൾ മുനയിൽ നിർത്തിച്ചു. സംവിധായകൻ ജീത്തു ജോസഫിന്റെ കരിയറിൽ വലിയ ചലനങ്ങൾ ഉണ്ടാക്കാനും ദൃശ്യത്തിന് കഴിഞ്ഞു. ഇദ്ദേഹത്തിന്റെ പിന്നീടിറങ്ങിയ എല്ലാ സിനിമകളും ദൃശ്യവുമായി താരതമ്യം ചെയ്യപ്പെട്ടു. നിരവധി ത്രില്ലറുകൾ കരിയറിൽ ജീത്തു ജോസഫ് പ്രേക്ഷകർക്ക് മുമ്പിലെത്തിച്ചു. ദൃശ്യം 3 യ്ക്ക് പുറമെ മോഹൻലാലിനെ നായകനാക്കി വരുന്ന റാം എന്ന സിനിമയും പ്രേക്ഷകർ ഏറെക്കാലമായി കാത്തിരിക്കുന്ന സിനിമയാണ്. വർഷങ്ങളായി ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ട് പോകുന്നു. തൃഷയാണ് ചിത്രത്തിലെ നായിക.


Click it and Unblock the Notifications











