ദൃശ്യത്തിന്റെ റെവന്യു ഇപ്പോഴും ലഭിക്കുന്നു; പകർപ്പവകാശം കൊടുത്തതിനെക്കുറിച്ചും ജിത്തു ജോസഫ്
മലയാള സിനിമയുടെ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട സിനിമയാണ് ദൃശ്യം. 2013 ൽ പുറത്തിറങ്ങിയ ദൃശ്യം മലയാളി പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ആകാംക്ഷയുടെ മുൾ മുനയിൽ നിർത്തിച്ചു. സംവിധായകൻ ജിത്തു ജോസഫിന്റെ കരിയറിൽ വലിയ ചലനങ്ങൾ ഉണ്ടാക്കാനും ദൃശ്യത്തിന് കഴിഞ്ഞു. ഇദ്ദേഹത്തിന്റെ പിന്നീടിറങ്ങിയ എല്ലാ സിനിമകളും ദൃശ്യവുമായി താരതമ്യം ചെയ്യപ്പെടുന്ന സാഹചര്യവും ഉണ്ടായി. മലയാളത്തിന് ശേഷം മറ്റ് പല ഭാഷകളിലേക്കും ദൃശ്യം റീമേക്ക് ചെയ്തു. പാപനാശം എന്ന പേരിലാണ് തമിഴിൽ ചിത്രം റീമേക്ക് ചെയ്തത്.
കമൽഹാസനായിരുന്നു നായകൻ. ഹിന്ദിയിൽ ദൃശ്യം എന്ന പേരിൽ തന്നെ ചിത്രം പ്രേക്ഷകരിലേക്ക് എത്തി. അജയ് ദേവ്ഗണാണ് നായകനായത്. ദൃശ്യം രണ്ടാം ഭാഗത്തിന്റെ ബോളിവുഡ് റീമേക്ക് വിജയിച്ച ശേഷം റീമേക്ക് റെറ്റിന്റെ പകർപ്പവകാശം ഹിന്ദിയിൽ നിന്നുള്ള പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കി. പകർപ്പവകാശം വിറ്റതിനെക്കുറിച്ച് ജിത്തു ജോസഫ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. റെഡ് എഫ്എമ്മുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.

അറിഞ്ഞ് കൊണ്ട് തന്നെയാണ് എല്ലാം പകർപ്പവകാശവും പോയത്. കൊറിയൻ ഭാഷയിൽ നിന്നും നേരത്തെ സമീപിച്ചിരുന്നു. അന്ന് എനിക്ക് കൊറിയൻ ഇൻഡസ്ട്രിയെക്കുറിച്ച് വലിയ ധാരണ ഇല്ലായിരുന്നു. അന്ന് ഞാൻ വലിയൊരു തുക ചോദിച്ചിട്ട് അവർ പേടിച്ച് പോയതാണോ എന്ന സംശയം ഉണ്ട്. ചൈനയ്ക്ക് വിറ്റ് പോയപ്പോൾ അവിടെ നിന്നാണ് കൊറിയൻ റീമേക്കിന് എൻക്വയറി വന്നത്. ചൈനയുടെ റേറ്റ് വെച്ചിട്ട് കൊറിയയോട് സംസാരിച്ചു. നെഗോഷ്യബിൾ ആണെന്ന് പറഞ്ഞിരുന്നു. പക്ഷെ പിന്നെ അവരെ കണ്ടിട്ടില്ല.
പിന്നെ ഇന്ത്യോനേഷ്യയിൽ ഉൾപ്പെടെ ചില ഭാഷകളിലേക്ക് വിറ്റു. ശേഷം ഹിന്ദി ചെയ്ത പ്രൊഡക്ഷൻ കമ്പനി ബാക്കിയുള്ള റൈറ്റസ് വാങ്ങിച്ചു. നമുക്ക് പൈസ കിട്ടിയാലും ഇല്ലെങ്കിലും കൊച്ചു കേരളത്തിൽ നിന്നും അങ്ങനെ ഒരു സിനിമ പോകുന്നതിൽ അഭിമാനിക്കാം. ആദ്യം കൊടുത്ത റീമേക്ക് റൈറ്റുകളുടെ പേരിൽ മോണിറ്ററി ബെനിഫിറ്റായി ഇപ്പോഴും പണം ലഭിക്കുന്നുണ്ടെന്നും ജിത്തു ജോസഫ് വ്യക്തമാക്കി.

എല്ലാവർഷവും ദൃശ്യത്തിന്റെ പേരിൽ അവിടെന്നും ഇവിടെന്നുമാെക്കെയായി കുറച്ച് റെവന്യൂ വരുന്നുണ്ടെന്ന് ആന്റണിയും ഞാനും സംസാരിച്ചിരുന്നു. പടം ചെയ്തിട്ട് ഇത്ര നാളായി. തുച്ഛമായ പെെസയായിരിക്കും. പക്ഷെ പൈസയേക്കാളേറെ അത് വേറെ ഭാഷകളിലേക്ക് പോകുന്നു എന്നത് സന്തോഷമുള്ള കാര്യമാണെന്നും ജിത്തു ജോസഫ് പറഞ്ഞു.
ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള ചോദ്യത്തിനും ജിത്തു ജോസഫ് മറുപടി നൽകി. ദൃശ്യം 3 യെക്കുറിച്ച് ആലോചിക്കുന്നുണ്ട്. അതിന് പറ്റിയ കഥ തയ്യാറായാൽ ചെയ്യും. ശ്രമിക്കുന്നുണ്ട്. ആദ്യ ഭാഗം ചെയ്തപ്പോൾ രണ്ടാം ഭാഗം ആലോചിച്ചിരുന്നില്ല. പക്ഷെ ഇരുന്ന് ചിന്തിച്ചപ്പോൾ കിട്ടി. അതേപോലെ മൂന്നാം ഭാഗത്തിനായും ചിന്തിക്കുന്നുണ്ടെന്ന് ജിത്തു ജോസഫ് വ്യക്തമാക്കി.
റാം പ്രതീക്ഷിക്കാത്ത ചില പ്രശ്നങ്ങളിൽ കിടക്കുകയായിരുന്നു. ഇപ്പോൾ ശരിയാക്കി വരുന്നുണ്ട്. അതിന് കുറച്ച് സമയം വേണ്ടി വരും. ജനുവരിയിൽ ബാക്കി ഷൂട്ട് തുടങ്ങണമെങ്കിൽ ഇന്ന് തീരുമാനിക്കണം. അത്രയും പ്രീ പ്രൊഡക്ഷനുണ്ട്. ബിഗ് ബജറ്റ് സിനിമയാണ്. 45 ദിവസത്തെ ഷൂട്ടിംഗ് ഇനി ബാക്കിയുണ്ടെന്നും ജിത്തു ജോസഫ് തുറന്ന് പറഞ്ഞു. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റാം. മോഹൻലാലും ജിത്തും ജോസഫും വീണ്ടും കൈ കോർക്കുന്നെന്ന പ്രത്യേകതയും റാമിനുണ്ട്.


Click it and Unblock the Notifications